നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി
Kerala News
നെല്‍വയല്‍ സംരക്ഷണ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം ഇറങ്ങിപ്പോയി; പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്ന് പിണറായി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 26th June 2018, 8:01 am

തിരുവനന്തപുരം: നെല്‍വയല്‍ സംരക്ഷണ നിയമഭേദഗതി ബില്‍ കേരള നിയമസഭ പാസാക്കി. ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച പ്രതിപക്ഷം ബില്‍ കീറിയെറിഞ്ഞ് സഭയില്‍ നിന്നും ഇറങ്ങിപ്പോയി. നെല്‍ വയലുകളുടേയും നീര്‍ത്തടങ്ങളുടേയും സംഹാര നിയമമാണ് സഭ പാസാക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

സഭയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷത്തിന്റെ നടപടിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ രൂക്ഷമായി വിമര്‍ശിച്ചു, പ്രതിപക്ഷത്തെ ഓര്‍ത്ത് സഹതപിക്കുന്നുവെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു. സമൂഹത്തിന് ആവശ്യമായതാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും, അത് പ്രതിപക്ഷം മനസ്സിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


ALSO READ: കോടതിവിധി വന്നാലും ഇല്ലെങ്കിലും ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുന്‍പ് രാമക്ഷേത്രം പണിതിരിക്കും; മുന്‍ ബി.ജെ.പി എം.പി രാം വിലാസ് വേദാന്തി


നിയമനിര്‍മ്മാണം സുപ്രീം കോടതി വിധിക്കെതിരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. യുവ എം.എല്‍.എ ആയ വി.ടി ബല്‍റാമും ബില്ലിനെതിരെ നിശിതമായ വിമര്‍ശനം ഉയര്‍ത്തി. കോടതിയില്‍ നിലനില്‍ക്കുന്ന കേസുകള്‍ കൂടെ പരിഗണിച്ച് വേണം ഭേദഗതി നടത്താന്‍ എന്നാണ് വി.ടി ബല്‍റാം പറഞ്ഞത്. പിഴ ഈടാക്കി കൊണ്ട് നിലം നികത്താന്‍ അനുവദിക്കുന്നത് ഭരണഘടനക്ക് വിരുദ്ധമാണെന്ന് വി.ഡി സതീശന്‍ എം.എല്‍.എയും വ്യക്തമാക്കി. നിയമസഭയില്‍ ഇത് കറുത്ത ദിനമാണെന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ പ്രതിഷേധം.


ALSO READ: അമ്മ കുറ്റാരോപിതനൊപ്പം നില്‍ക്കുന്നു, സംഘടനയില്‍ തുടര്‍ന്ന് പോകാന്‍ താല്‍പര്യമില്ല; റിമ കല്ലിങ്കല്‍


എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങളൊന്നും ഭരണപക്ഷത്തെ കുലുക്കിയില്ല. ഈ രണ്ട് വാദങ്ങളും നിലനില്‍ ക്കുന്നതല്ലെന്നാണ് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ സഭയില്‍ പറഞ്ഞത്. ന്യായവിലയുടെ 50 ശതമാനം പിഴയായല്ല ഫീസായിട്ടാണ് ബില്ല് പ്രകാരം ഈടാക്കുക, ഇത് ഭരണഘടനാ വിരുദ്ധമല്ല. പ്രതിപക്ഷ പ്രതിഷേധം കണക്കിലെടുക്കാതെ ഭരണകക്ഷി ബില്ല് പാസാക്കി.

ഇതിന് മുമ്പ് യു.ഡി.എഫ് ഭരണകാലത്ത് റവന്യൂ മന്ത്രി അടൂര്‍ പ്രകാശ് നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ ബില്‍ കൊണ്ട് വരാന്‍ ശ്രമിച്ചിരുന്നുവെങ്കിലും യു.ഡി.എഫില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ബില്ല് പാസാക്കാതെ വിടുകയായിരുന്നു. അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്‍ തന്നെ ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് പ്രതിപക്ഷത്തായിരുന്ന ഇടതുപക്ഷവും ബില്ലിനെതിരെ രംഗത്ത് വന്നിരുന്നു.