‘കൂട്ടുമ്മേൽ ജംഗ്‌ഷൻ മുതൽ കടൂക്കര വരെയുള്ള രണ്ട് കിലോമീറ്റർ ദൂരത്തിനുള്ളിൽ ഒന്ന് നടന്നാൽ മറവന്തുരുത്തിന്റെ മുഴുവൻ ചരിത്രവും കാണാം. ആർ.ടി മിഷന്റെ ആർട് സ്ട്രീറ്റ് ആണ് ആ ഭാഗം. ഓരോ ചുവരുകളിലും മറവൻ തുരുത്തിന്റെ ചരിത്രം വരഞ്ഞ് വെച്ചിട്ടുണ്ട് കലാകാരന്മാർ’ അമ്പിളിയേച്ചി പറഞ്ഞു. മറവൻ തുരുത്തിൽ ആർ.ടി മിഷന്റെ കീഴിൽ എത്നിക് കുസിനും ട്രാവൽ ഏജൻസിയും നടത്തുകയാണ് അമ്പിളി ചേച്ചി.
നൂറ്റാണ്ടുകൾ പഴക്കമുള്ള സമ്പന്നമായ ചരിത്രമാണ് മറവൻ തുരുത്ത് എന്ന മനോഹരമായ ഗ്രാമത്തിന് ഉള്ളത്. നെയ്ത്ത് ശാലയുടെയും ലോകമെമ്പാടുമുള്ള വ്യാപാരികളെ ആകർഷിക്കുന്ന സുഗന്ധവ്യഞ്ജനങ്ങളുടെയും ഒരു പ്രമുഖ വ്യാപാര കേന്ദ്രമായിരുന്നു ഇത്. മത്സ്യബന്ധനവുമായും കൃഷിയുമായും ബന്ധപ്പെട്ട് കിടക്കുന്ന ഈ ഗ്രാമം കേരളത്തിലേ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണിപ്പോൾ. മറവൻ തുരുത്ത് എന്ന പേര് രണ്ട് മലയാള പദങ്ങളുടെ സംയോജനമാണ് ‘മരം’, ‘തുരുത്ത് അല്ലെങ്കിൽ ദ്വീപ്’. അതായത് മരങ്ങളുടെ ദ്വീപ്. മൂവാറ്റുപുഴയാറിലെ ഒരു ചെറിയ ദ്വീപിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത് എന്നതിൻ്റെ സൂചനയായാണീ പേര് വന്നതെന്നും പറയാം.
‘മറവൻ തുരുത്തിലാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ ആദ്യമായി വാട്ടർ സ്ട്രീറ്റ് പദ്ധതി ആരംഭിച്ചത്. കായാക്കിങ്ങും തൂക്കുപാലവും തോണി യാത്രയുമൊക്കെ വ്യത്യസ്തമായൊരു അനുഭവം തന്നെ മറവൻ തുരുത്തിലെത്തുന്നവർക്ക് നൽകും’ അമ്പിളി ചേച്ചി പറഞ്ഞു.
മൂവാറ്റുപുഴയാറിൽ നിന്ന് ഉത്ഭവിക്കുന്ന 3 കിലോമീറ്റർ നീളമുള്ള കായലിലെ അരിവാൾ തോട് പുനരുജ്ജീവിപ്പിച്ചതോടെയാണ് ഇതെല്ലാം സാധ്യമായത്. മറവൻതുരുത്തിൽ നടപ്പാക്കിയ ‘വാട്ടർ സ്ട്രീറ്റ്’ പദ്ധതിയിലൂടെ ആഗോള ട്രാവൽ ആൻഡ് ടൂറിസം ഇവൻ്റായ ലണ്ടനിലെ വേൾഡ് ട്രാവൽ മാർട്ടിൽ (WTM) ടൂറിസം അവാർഡ് കേരളത്തിന് ലഭിച്ചിട്ടുണ്ട്.
‘ ഞാൻ ജോലി നിർത്തിയിട്ട് ഒരുപാട് വർഷമായിരുന്നു. പിന്നെ ആട് കോഴി ഇതിനെയൊക്കെ നോക്കലായിരുന്നു പ്രധാന പണി. സ്വന്തമായൊരു സംരംഭം തുടങ്ങുക അതിൽ നിന്ന് വരുമാനം നേടുക എന്ന ആഗ്രഹങ്ങളൊക്കെ സാധിച്ചത് ആർ.ടി മിഷന്റെ കീഴിൽ എത്തിയപ്പോഴാണ്. രണ്ട് കൊല്ലത്തോളമായി ഞാൻ ആർ.ടി മിഷനോടൊപ്പം പ്രവർത്തിക്കാൻ തുടങ്ങിയിട്ട്.
ഗ്രാസ് റൂട്ട് ജേർണീസ് എന്ന ഒരു ട്രാവൽ ഏജൻസിയും ഒരു എത്നിക് കുസിനുമാണ് എനിക്കുള്ളത്. ഇപ്പോൾ ഒരു ഹോം സ്റ്റേ കൂടി തുടങ്ങാനുള്ള പ്ലാനിലാണ്. അതിന്റെ പണികൾ നടന്ന വരികയാണ്’ അമ്പിളി ചേച്ചി അഭിമാനത്തോടെ പറഞ്ഞു.
മറവൻ തുരുത്ത് ഗ്രാമം ആർ.ടി മിഷന്റെ കീഴിലാണ്. ഒരു ഗ്രാമത്തിന്റെ പ്രകൃതി ഭംഗി മുഴുവൻ പ്രാദേശിക ടൂറിസത്തിലൂടെ ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് എത്തിക്കാനാണ് കേരള റെസ്‌പോൺസിബിൾ ടൂറിസം വഴി സർക്കാർ ഉദ്ദേശിക്കുന്നത്. അത് വഴി ആ പ്രദേശത്തെ സാധാരണക്കാർക്ക് ടൂറിസത്തിന്റെ ഗുണഭോക്താക്കളാകാനും സാധിക്കും.
‘ഇവിടെ എന്നെ പോലെ പലരും ഉണ്ട്. ഹോം സ്റ്റേ നടത്തുന്നവരും കയാക്കിങ് നടത്തുന്നവരും എത്നിക് കുസിൻ നടത്തുന്നവരുമൊക്കെയായി നിരവധിപേരുണ്ട്. ഞങ്ങൾക്കെല്ലാവർക്കും പ്രചോദനമായത് ആർ.ടി മിഷൻ ആണ്. ഞാൻ ഇവിടെ ഉണ്ടാക്കുന്നത് സദ്യ ആണ് കേരളത്തിന്റെ തനിമയാർന്ന വിഭവങ്ങൾ ലോകത്തിന് മുന്നിൽ എത്തിക്കാൻ എനിക്ക് ഇതിലൂടെ സാധിച്ചു. അതിന് സഹായിച്ചത് ആർ.ടി മിഷൻ ആണ്. കാരണം ഇവിടേക്ക് വന്ന ടൂറിസ്റ്റുകളിൽ ഭൂരിഭാഗവും ആർ.ടി മിഷൻ വഴിയാണ് ഇവിടെയെത്തിയത്. അമ്പിളി ചേച്ചി പറഞ്ഞു.
മറവന്തുരുത്തിലെ കൈത്തറി സഹകരണസംഘവും ധാരാളം സ്ത്രീകൾക്ക് വരുമാനം നൽകുന്നുണ്ട്. കൈത്തറി സഹകരണസംഘത്തിന്റെ യൂണിറ്റിലേക്ക് കയറുമ്പോൾ അമ്പിളി ചേച്ചി പറഞ്ഞു.
‘ഞാൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ ഇവിടെ ജോലിക്ക് വരാൻ തുടങ്ങിയതാ ഇപ്പോൾ ഒരു 40 കൊല്ലം എങ്കിലും ആയിക്കാണും, നെയ്ത്ത് തുടർന്ന് കൊണ്ട് ഒരു ചേച്ചി പറഞ്ഞു. ഇവിടെ ഉള്ള എല്ലാവരും എന്നെ പോലെ തന്ന ഒത്തിരി വർഷമായി ഇവിടെ ജോലിക്ക് വരാൻ തുടങ്ങിട്ട്. ഞങ്ങൾക്ക് ഉള്ള ഏക വരുമാനമാർഗം ആണിത്’ അവർ കൂട്ടിച്ചേർത്തു.
സഹകരണ സംഘത്തിലെ ചേച്ചിമാരോട് സംസാരിച്ചതിന് ശേഷം നേരെ പോയത് തൂക്ക് പാലം കാണാനായിരുന്നു അവിടുന്ന് പിന്നെ കയാക്കിങ് കാണാനും.
‘ഒന്നും പേടിക്കാനില്ല ഞാൻ പറയുന്നത് പോലെ തുഴഞ്ഞാൽ മതി’ കായാക്കിങ്ങിന്റെ ചേട്ടൻ നിർദേശങ്ങൾ കൊടുക്കുന്നത് കേൾക്കാം. ആദ്യം തോട്ടിലൂടെയും പിന്നെ തോട് കൂടിച്ചേരുന്ന മൂവാറ്റുപുഴയാറിലൂടെയും കയാക്കിങ് നടത്താം. ആദ്യം ഒന്ന് പേടിച്ചെങ്കിലും പിന്നെ പതിയെ കായാക്കിങ് ആസ്വദിക്കുന്ന ടൂറിസ്റ്റുകളെ ഞങ്ങൾ കുറച്ച് നേരം നോക്കി നിന്നു. നേരം പോയി മെല്ലെ ഇറങ്ങിയാലോ എന്ന അമ്പിളിച്ചേച്ചിയുടെ ചോദ്യം ഞങ്ങളെ ഉണർത്തി. പോകാമെന്ന് ഞങ്ങളും തലയാട്ടി. പതിയെ മറവൻ തുരുത്തിനോട് യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി, ഒരുപാട് നല്ല ഓർമകളുമായി…
Content Highlight: Paddling Through History in Maravanthuruth