| Sunday, 29th August 2021, 9:01 am

ടേബിള്‍ ടെന്നിസില്‍ ചരിത്രം കുറിച്ച് ഭവിനബെന്‍ പട്ടേല്‍; ടോകിയോ പാരാലിംപിക്‌സില്‍ ഇന്ത്യക്ക് അഭിമാന നേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

ടോകിയോ: ടേബിള്‍ ടെന്നിസില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യ. ടോകിയോ പാരാലിംപിക്‌സിലെ ഭവിനബെന്‍ പട്ടേലിന്റെ വെള്ളി മെഡല്‍ നേട്ടത്തിലൂടെയാണ് ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയത്.

ടേബിള്‍ ടെന്നിസില്‍ ഒളിംപിക്‌സിലോ പാരാലിംപിക്‌സിലോ ഇന്ത്യ ഇതുവരെ മെഡലുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. ഭവിനയുടെ നേട്ടം രാജ്യത്തിന് മുഴുവന്‍ അഭിമാനമാണെന്ന് വിവിധ കായികതാരങ്ങള്‍ പ്രതികരിച്ചു.

ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് താരം യിംഗ് ഴോവുവിനോടായിരുന്നു ഫൈനലില്‍ ഭവിനബെന്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ടോകിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ കൂടിയാണ് ഭവിനബെന്‍ നേടിയത്.

സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ തന്നെ മിയോ സാങിനെ വാശിയേറിയ പോരാട്ടത്തിലൂടെ ഭവിന മറികടന്നിരുന്നു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ റിയോ പാരാലിംപിക്‌സ് സ്വര്‍ണ മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍താരവുമായ സെര്‍ബിയയുടെ ബോറിസ്ലാവ പെറിക് റാങ്കോവിച്ചിനെയായിരുന്നു ഭവിന പരാജയപ്പെടുത്തിയത്.

ഒരു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ചാണ് ഭവിനയുടെ കാലുകള്‍ തളര്‍ന്നത്. തന്റെ ആദ്യ പാരാലിംപിക്‌സില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കിയ ഭവിനയെ അഭിനന്ദിച്ചുകൊണ്ട് കായികലോകം മുഴുവന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Paddler Bhavina Patel wins historic silver medal for Indian in Table Tennis in Tokyo Paralympics

We use cookies to give you the best possible experience. Learn more