ടോകിയോ: ടേബിള്‍ ടെന്നിസില്‍ ചരിത്രവിജയം കുറിച്ച് ഇന്ത്യ. ടോകിയോ പാരാലിംപിക്‌സിലെ ഭവിനബെന്‍ പട്ടേലിന്റെ വെള്ളി മെഡല്‍ നേട്ടത്തിലൂടെയാണ് ഇന്ത്യ അഭിമാന നേട്ടം സ്വന്തമാക്കിയത്.
ടേബിള്‍ ടെന്നിസില്‍ ഒളിംപിക്‌സിലോ പാരാലിംപിക്‌സിലോ ഇന്ത്യ ഇതുവരെ മെഡലുകളൊന്നും സ്വന്തമാക്കിയിരുന്നില്ല. ഭവിനയുടെ നേട്ടം രാജ്യത്തിന് മുഴുവന്‍ അഭിമാനമാണെന്ന് വിവിധ കായികതാരങ്ങള്‍ പ്രതികരിച്ചു.
ലോക ഒന്നാം നമ്പര്‍ താരമായ ചൈനീസ് താരം യിംഗ് ഴോവുവിനോടായിരുന്നു ഫൈനലില്‍ ഭവിനബെന്‍ ഏറ്റുമുട്ടിയത്. ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ടോകിയോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ ആദ്യത്തെ മെഡല്‍ കൂടിയാണ് ഭവിനബെന്‍ നേടിയത്.
സെമി ഫൈനലില്‍ ലോക മൂന്നാം നമ്പര്‍ താരമായ ചൈനയുടെ തന്നെ മിയോ സാങിനെ വാശിയേറിയ പോരാട്ടത്തിലൂടെ ഭവിന മറികടന്നിരുന്നു.
ഒരു വയസുള്ളപ്പോള്‍ പോളിയോ ബാധിച്ചാണ് ഭവിനയുടെ കാലുകള്‍ തളര്‍ന്നത്. തന്റെ ആദ്യ പാരാലിംപിക്‌സില്‍ തന്നെ മികച്ച നേട്ടം സ്വന്തമാക്കിയ ഭവിനയെ അഭിനന്ദിച്ചുകൊണ്ട് കായികലോകം മുഴുവന്‍ ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്.