| Friday, 14th September 2018, 6:34 pm

പടയോട്ടം-പൊട്ടിച്ചിരിയുടെ നെട്ടോട്ടം

ശംഭു ദേവ്

നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത് ബിജുമേനോന്‍ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് “പടയോട്ടം”. ഒപ്പം ദിലീഷ് പോത്തന്‍, ലിജോ ജോസ് പെല്ലിശേരി, ബേസില്‍ ജോസഫ്, സൈജു കുറുപ്പ്, സുധി കോപ്പ, കണാരന്‍ ഹരീഷ് എന്നിവരും മറ്റു കഥാപാത്രങ്ങളിലായി വേഷമിടുന്നു. അരുണ്‍ എ ആര്‍, അജയ് രാഹുല്‍, സോനു സുരേന്ദ്രന്‍ എന്നിവര്‍ തിരക്കഥ ഒരുക്കിയായിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് സതീഷ് കുറുപ്പാണ്.

പേര് സൂചിപ്പിക്കുന്നതുപോലെ മുഴുനീളം ഒരോട്ടം തന്നെയാണ് ചിത്രം. തിരുവനന്തപുരമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം.അവിടുത്തെ പേരെടുത്ത ഗുണ്ടയായ “ചെങ്കല്‍ രഘു” ആയിട്ടാണ് ബിജു മേനോന്‍ വേഷമിടുന്നത്. തുടര്‍ന്ന് അയാളെ തേടി വരുന്ന ദൗത്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവബഹുലമായ കഥയാണ് പടയോട്ടം എന്ന ചിത്രം. ചിത്രത്തിന്റെ ട്രെയ്ലര്‍ സൂചിപ്പിച്ചതുപോലെ തന്നെ ഒരു മുഴുനീള കോമഡി എന്റെര്‍റ്റൈനെര്‍ തന്നെയാണ് ചിത്രം.

ഗൗരവമേറിയ സാഹചര്യങ്ങളില്‍ പ്രേക്ഷകനെ ചിരിയിലേക്കു തള്ളിവിടുന്ന ശൈലിയിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.കഥയില്‍ പുതുമയില്ലെങ്കില്‍ പോലും, വ്യത്യസ്തമായ ഹാസ്യ നിമിഷങ്ങളാല്‍ പ്രേക്ഷകനെ മടുപ്പിക്കാതെ ഇരിക്കുന്നതില്‍ സംവിധായകനും തിരക്കഥാകൃത്തുക്കളും വിജയിച്ചിരിക്കുന്നു. പാളിപോയേക്കാവുന്ന പലഘട്ടങ്ങളിലും,നര്‍മ്മ മുഹൂര്‍ത്തങ്ങള്‍ പ്രേക്ഷകനെ അവയെല്ലാം മറന്നു പൊട്ടിച്ചിരിപ്പിക്കുന്നുണ്ട്.

ബ്ലാക്ക് ഹ്യൂമര്‍ ഗണത്തിലെത്തുന്ന തമിഴ് സിനിമകളെ ഓര്‍മിപ്പിക്കുന്ന ഛായാഗ്രഹണ ശൈലിയാണ് പടയോട്ടത്തില്‍ അനുഭവപ്പെട്ടത്, ചിത്രത്തിന്റെ ആസ്വാദന നിലവാരത്തെ മുന്നോട്ടു നയിക്കുന്ന മറ്റൊരു ഘടകം അതിന്റെ ഛായാഗ്രഹണത്തില്‍ പുലര്‍ത്തിയ നിലവാരവുമാണ് .ഒറ്റ ഷോട്ടില്‍ ചിത്രീകരിച്ച “സ്വപ്നം” എന്ന ഗാനം അതിനൊത്ത ഉദാഹരണമാണ്.

സംഭാഷണങ്ങള്‍ നില്‍ക്കുന്നിടത്ത് പശ്ചാത്തല സംഗീതവും പ്രേക്ഷകനെ ചിരിപ്പിക്കുന്ന ചിത്രമാണ് പടയോട്ടം. പ്രശാന്ത് പിള്ളയാണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. ഇ.മ.യൗ എന്ന ചിത്രത്തിന് ശേഷം മറ്റൊരു ശൈലിയിലുള്ള മികച്ച പശ്ചാത്തല സംഗീതമായി തോന്നി, ചിത്രത്തിലെ നര്‍മ്മമുഹൂര്‍ത്തങ്ങളുടെ വീര്യം കൂട്ടുവാന്‍ അതേറെ സഹായിച്ചിട്ടുണ്ട്.

പ്രകടനത്തില്‍ ചെങ്കല്‍ രഘുവായി ബിജു മേനോന്‍ തിളങ്ങി നിന്നപ്പോള്‍, അദ്ദേഹത്തിനോടൊപ്പം തന്നെ നില്‍ക്കുന്ന മറ്റൊരു രസകരമായ പ്രകടനവുമായി ബേസില്‍ ജോസഫും, ദിലീഷ് പോത്തനും, ലിജോ ജോസ് പെല്ലിശ്ശേരിയും, സുധി കോപ്പയും, സൈജു കുറുപ്പും വ്യത്യസ്ത്യസ്തമായ ശൈലിയില്‍ മികച്ചു നിന്നു.

ചിത്രത്തിലുടനീളം ഇവര്‍ തമ്മിലുള്ള രസതന്ത്രം സ്‌ക്രീനില്‍ മികച്ച രീതിയില്‍ പ്രതിഫലിച്ചിട്ടുണ്ട്.കഥയേക്കാള്‍ കൂടുതല്‍ പ്രേക്ഷകനെ മടുപ്പിക്കാതെ ഇരുത്തുന്നതില്‍ ഇവരുടെ പ്രകടനത്തിന്റെ പങ്ക് വളരെ വലുതാണ്. പടയോട്ടം പ്രതീക്ഷളില്ലാതെ കാണുവാന്‍ ശ്രമിച്ചാല്‍ രസകരമായി കണ്ടിരിക്കാവുന്ന ഒരു ചലച്ചിത്രാനുഭവമാണ്. എല്ലാ രീതിയിലുള്ള പ്രേക്ഷകനെയും ഒരുപോലെ രസിപ്പിക്കുവാനുള്ള പ്രാപ്തിയുള്ള സിനിമയാണ് പടയോട്ടം. ചെങ്കല്‍ രഘുവിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുള്ള പടയോട്ടം പ്രേക്ഷകനെ മുഷിപ്പിക്കില്ല.

ശംഭു ദേവ്

Latest Stories

We use cookies to give you the best possible experience. Learn more