ന്യൂദൽഹി: കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ സംഘടിപ്പിക്കുന്ന പദയാത്ര പകരക്കാരെ ഏൽപ്പിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ദൽഹിയിലേക്ക്.
ബി.ജെ.പി സെക്രട്ടറി കെ. സുഭാഷ്, മുൻ അധ്യക്ഷന്മാരായ പി.കെ. കൃഷ്ണദാസ്, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ എന്നിവർക്കൊപ്പമാണ് സുരേന്ദ്രൻ ദൽഹിയിലേക്ക് പോകുന്നത്.
എറണാകുളത്ത് എം.ടി. രമേശും മലപ്പുറത്ത് അബ്ദുള്ളക്കുട്ടിയും പദയാത്രക്ക് നേതൃത്വം നൽകും.
ഫെബ്രുവരി 25ന് ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥികളുടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് ദൽഹിയിൽ അന്നേദിവസം നടക്കുന്ന അടിയന്തര യോഗത്തിൽ പങ്കെടുക്കാൻ സുരേന്ദ്രനെയും സംഘത്തെയും വിളിപ്പിച്ചത്.
പദയാത്ര ഗാന വിവാദത്തിൽ നടപടിയെടുക്കേണ്ടതില്ല എന്ന കേന്ദ്ര നിലപാടിൽ അതൃപ്തി രേഖപ്പെടുത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
പദയാത്രയ്ക്കിടെ കേന്ദ്രസർക്കാർ അഴിമതിക്കാരാണെന്ന ഗാനം പ്ലേ ചെയ്തതിൽ സംസ്ഥാന ഐ.ടി സെല്ലിനെതിരെ സുരേന്ദ്രൻ വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ 2013ൽ യു.പി.എ സർക്കാരിനെതിരെ തയ്യാറാക്കിയ ഗാനം പ്ലേ ചെയ്തത് മാറിപ്പോയതാണെന്നും നടപടിയുടെ ആവശ്യമില്ലെന്നും പ്രകാശ് ജാവദേക്കർ എക്‌സിൽ വിശദീകരിക്കുകയായിരുന്നു.
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനും ഐ.ടി സെൽ കൺവീനറായ എസ്. ജയശങ്കറും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പദയാത്ര ഗാനത്തിലെ പിശകുകൾ ഐ.ടി സെൽ മനപൂർവം വരുത്തിയതാണെന്നാണ് സംസ്ഥാന നേതൃത്വം ആരോപിക്കുന്നത്.
കോഴിക്കോട് മുതലക്കുളത്തെ കാര്യപരിപാടിയുടെ പോസ്റ്ററിൽ ഉച്ചഭക്ഷണം ‘എസ്.സി, എസ്.ടി നേതാക്കൾക്കൊപ്പം’ എന്ന് ചേർത്തതും വിവാദമായിരുന്നു.
Content Highlight: Padayatra will be resumed by other bjp leaders; Surendran to Delhi