| Friday, 27th July 2018, 12:37 am

പടന്ന, ഐ.എസിലേക്ക് നാടുവിട്ട് പോയവരുടെ മണ്ണല്ല; സാംസ്‌ക്കാരിക സമ്പന്നതയുടെ നാടാണ്

അലി ഹൈദര്‍

പടന്ന, കാസര്‍കോടിന്റെ ഒരു തീരദേശ മുസ്‌ലിം ഭൂരിപക്ഷ പ്രദേശം. കേരളം പടന്നയെ ഇന്ന് അറിയുന്നത് രണ്ട് വര്‍ഷം മുമ്പ് ഐ.എസിലേക്ക് നാട് വിട്ടവരുടെ കൂട്ടത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഉള്‍പ്പെട്ട  പ്രദേശം എന്ന വാര്‍ത്തയിലൂടെയാണ്.  എന്നാല്‍ നീണ്ടകാലത്തിന്റെ സാംസ്‌ക്കാരിക തനിമയും മതേതര പാരമ്പര്യവുമുള്ള പടന്നയ്ക്ക് അതൊരു മുറിവായിരുന്നു. യതാര്‍ത്ഥത്തില്‍ പടന്നയുടെ മനസ്സായിരുന്നില്ല നാട് വിട്ടവരുടേത്. എങ്കിലും ഇനി ഒരു തീവ്രചിന്തയ്ക്കും ഇടം നല്‍കാതെ പഴമ വീണ്ടെടുക്കനുളള ജാഗ്രത കാട്ടുകയാണ് പടന്നയിലെ നിവാസികളിപ്പോള്‍.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 21 പേരെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി എന്ന വാര്‍ത്ത കേരളം ഞെട്ടലോടെയായിരുന്നു കേട്ടത്. അതില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ 17 പേര്‍ കാസര്‍കോട് ജില്ലയിലെ പടന്ന, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുമായിരുന്നു. ലോകത്തിലെ കൊടും ഭീകരസംഘമായ ഐ.എസിലേക്കായിരുന്നു അവരുടെ കൂട്ട പലായനം. ഐ.എസില്‍ ചേരുക എന്ന ലക്ഷ്യത്തോടെയാണ് അഫ്ഗാനിലെ കുറോസ്ഥാനിലേക്ക് ഇവര്‍ രാജ്യം വിട്ട് പോയത്. അതില്‍ നാല് പേരുടെ മരണം പില്‍ക്കാലത്ത് സ്ഥിരീകരിക്കുകയും ചെയ്തു.

എന്ത് കൊണ്ടാണ് കേരളത്തില്‍ നിന്നും ഐ.എസിലേക്ക് ആകൃഷ്ടരായി പോകുന്നതെന്നും അതില്‍ ഒരു പ്രദേശത്ത് നിന്നു തന്നെ ഇത്രയും കൂടുതല്‍ പേര്‍ ഉള്‍പ്പെടുന്നതെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായി. അതും ഐസിനെതിരെയും തീവ്രവാദത്തിനെതിരെയും മുസ്‌ലീം സംഘടനകളുടെ നേതൃത്വത്തില്‍ വലിയ രീതിയിലുള്ള ബോധവല്‍ക്കരണങ്ങളും ക്യാമ്പയിനുകളും നടക്കുന്ന അതേ കാലത്ത്. നീണ്ട അന്വേഷണത്തിലും ചര്‍ച്ചയിലൂടെയും പോയവര്‍ തീവ്രസലഫിസ്റ്റ് ആശയക്കാരാണെന്നും ഇന്റര്‍നെറ്റ് വഴിയും ഓണ്‍ലൈന്‍ സൗഹൃദം വഴിയുമാണവര്‍ രാജ്യം വിടാന്‍ നിര്‍ബന്ധിതരായതെന്നും കണ്ടെത്തുന്നു.

എന്നാല്‍ പടന്ന പ്രദേശക്കാര്‍ക്ക് കുറെ ദിവസത്തേക്ക് ഈ വാര്‍ത്തയുടെ ഞെട്ടലില്‍ നിന്ന് മുക്തമാവാന്‍ കഴിഞ്ഞിരുന്നില്ല. അത്രമേല്‍ മതേതരവും സാംസ്‌ക്കാരികവുമായ പാരമ്പര്യമുള്ള പ്രദേശമായിരുന്നു പടന്ന. അവിടെനിന്നും ഇത്തരത്തിലൊരു സംഭവമുണ്ടാകുമെന്ന് അവര്‍ സ്വപനത്തില്‍ പോലും കരുതിയിരുന്നില്ല. നാട് വിട്ടവരിലെ ഒരു ചെറുപ്പക്കാരന്റെ പിതാവ് സംഭവവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിച്ചത് അവര്‍ തീവ്രവാദത്തിനാണ് പോയതെങ്കില്‍ അവന്റെ മയ്യത്ത് പോലും തനിക്ക് കാണണ്ടാ എന്നായിരുന്നു.

യുവാക്കളുടെ തിരോധാനം സംഭവിച്ച വാര്‍ത്ത പുറത്തു വന്നതു മുതല്‍ വിവിധ വാര്‍ത്താ മാധ്യമങ്ങളും ചാനലുകളും സംസ്ഥാനത്തിന്റേയും കേന്ദ്ര ഗവണ്മെന്റിന്റെയും വിവിധ അന്വേഷണ ഉദ്യോഗസ്ഥന്മാരും പടന്നയിലെത്തിയപ്പോള്‍ ഇവരുടെ ബന്ധുമിത്രാദികള്‍ പറഞ്ഞത്, കാണാതായവര്‍ ഐ.എസ് പോലുള്ള ഭീകര സംഘടനകളില്‍ ചേക്കേറിയിട്ടുണ്ടെങ്കില്‍ അത്തരക്കാരെ തങ്ങള്‍ക്കാവശ്യമില്ലെന്നായിരുന്നു.

എന്നാല്‍ ഈ സംഭവത്തെ രാഷ്ട്രീയ മുതലെടുക്കാനും ചിലര്‍ ശ്രമിക്കുന്ന കാഴ്ച്ചയും പിന്നീടുണ്ടായി. കാസര്‍കോട് തുരുത്തിയിലെ റോഡിന് പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ഗാസ സ്ട്രീറ്റ് എന്ന് പുനര്‍നാമകരണം ചെയ്ത സംഭവത്തെ പടന്നയില്‍ നിന്നും ഐ.എസിലേക്ക് പോയതുമായി ബന്ധപ്പെടുത്തി കെ.സുരേന്ദ്രനടക്കമുള്ള ബി.ജെ.പി നേതാക്കള്‍ വ്യാപക പ്രചരണം നടത്തി. തുടര്‍ന്ന് സ്ഥലത്തിന് പേരിട്ടതില്‍ എന്‍.ഐ.എ അന്വേഷണം തുടങ്ങിയതായി ടൈംസ് ഓഫ് ഇന്ത്യ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തെയും, ഇന്റലിജന്‍സ് വിഭാഗങ്ങളെയും ഉദ്ധരിച്ച് വാര്‍ത്ത റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. ആ വാര്‍ത്ത പിന്നീട് കേരളത്തിലെ മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു.

ചെറുപ്പക്കാര്‍ വഴി തെറ്റിപ്പോയത് പടന്ന എന്ന നാടിന്റെ പ്രശ്‌നം കൊണ്ടാണ് എന്നായിരുന്നു പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളുകളുടെ സ്ഥാപകനും സലഫി പ്രഭാഷകനുമായ എം.എം. അക്ബര്‍ പറഞ്ഞത്. റിപോര്‍ട്ടര്‍ ചാനലിലെ ക്ലോസ് എന്‍കൗണ്ടര്‍ പരിപാടിയിലെ അഭിമുഖത്തിലായിരുന്നു എം.എം അക്ബറിന്റെ പരാമര്‍ശം.

എന്നാല്‍ ഇതിനെയൊക്കെ തള്ളിപ്പറയാനും കൃത്യമായി പ്രതിരോധിക്കാനും പടന്നക്കാര്‍ക്ക് കഴിഞ്ഞിരുന്നു. ഇന്റര്‍ നെറ്റിലൂടെ കണ്ടെത്തിയ മതത്തേയും മതനായകരേയും പിന്‍പറ്റിപോയ ചെറുപ്പക്കാര്‍ വഴി തെറ്റാനുള്ള കാരണം ഒരു പ്രദേശത്തിന്റെതാണെന്ന പരാമര്‍ശത്തില്‍ ശക്തമായ പ്രതിഷേധവുമായി പടന്നയിലെ പ്രദേശവാസികള്‍ തന്നെ രംഗത്തു വന്നിരുന്നു.

നൂറ്റാണ്ടുകളുടെ സാംസ്‌ക്കാരിക പാരമ്പര്യം അവകാശപ്പെടുന്ന പടന്ന കലകളുടെയും കലാകാരന്മാരുടെയും നാടാണ്. വിവിധ ജാതി മത വിഭാഗങ്ങള്‍ സ്നേഹത്തോടെയും സൗഹൃദത്തോടെയും കഴിയുന്ന പടന്നയില്‍ തീവ്രവാദ പ്രസ്ഥാനങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ഒരു തരത്തിലും ഇടം നല്‍കില്ലെന്നും പടന്നയിലെ ജനങ്ങള്‍ പറയുന്നു. ഇന്ത്യ വിഭജന കാലത്ത് അന്യപ്രദേശക്കാരൊക്കെ സ്വന്തം നാട് വിട്ട് പോയപ്പോഴും പടന്നയിലെ ജനങ്ങള്‍ എവിടെയും പോയിരുന്നില്ലെന്നു അവര്‍ അഭിമാനത്തോടെ പറയുന്നുണ്ട്.

എന്നാല്‍ ക്രമേണ പടന്നയില്‍ കലയുടേയും സാഹിത്യത്തിന്റേയും ഈ പച്ചപ്പ് ഇല്ലാതായെന്നും സാംസ്‌ക്കാരിക ഇടപെടലിന്റെ അഭാവമുണ്ടായെന്നും പി.സി അഷ്റഫ് പറയുന്നു. തൊണ്ണൂറുകളോടുകൂടിയാണ് ഈ അന്തരീക്ഷം സംജാതമായത്. അതിന് ചില തീവ്രമതപ്രചാരകരും വഴിവെച്ചു. കഴിഞ്ഞവര്‍ഷം പടന്നയിലെ ചിലര്‍ ഐ.എസില്‍ ചേരാന്‍ നാടുവിട്ടു പോയവരുടെ കൂട്ടത്തില്‍ ഉണ്ടെന്നത് ഈ നാടിന്റെ മനഃസ്സാക്ഷിയെ അഗാധമായി മുറിപ്പെടുത്തി എന്നും അഷ്റഫ് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

സാംസ്‌ക്കാരിക ഇടപെടലിന്റെ അഭാവമാണ് പടന്നയിലേക്ക് ഇത്തരം തീവ്രചിന്തകള്‍ വളര്‍ന്നതെന്നും അതിനെ മറികടക്കാനും സാംസ്‌ക്കാരിക പൈതൃകം വീണ്ടെടുക്കു എന്ന ഉദ്ദേശത്തോടെയും കഴിഞ്ഞ വര്‍ഷം മുതല്‍ “സഹോര” എന്ന ഒരു സാംസ്‌ക്കാരിക കൂട്ടായ്മയ്ക്ക് രൂപം നല്‍കിയത്. കുറച്ച് സമാന മനസ്‌ക്കരായ ആളുകള്‍ ചേര്‍ന്നാണ് ഇത്തരം ഒരു ആലോചനയ്ക്ക് നേതൃത്വം നല്‍കിയത്. ആദ്യം ഒരു വാട്‌സ് ആപ്പ് ഗ്രൂപ്പിലൂടെയായിരുന്നു തുടക്കം. പിന്നീട് ലോകത്തിന്റെ വിവിധ ഭാഗത്തുള്ള പടന്ന നിവാസികളെ ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയും അത് 2017 ഓഗസ്റ്റോടു കൂടി രജിസ്റ്റര്‍ ചെയ്യപ്പെടുകയും ചെയ്തു. ഇന്ന് അത് പടന്നയിലെ ഏറ്റവും മികച്ച ഒരു സാംസ്‌ക്കാരിക സംഘടനയായി അത് മാറിയിട്ടുണ്ട്. സഹോരയുടെ പ്രസിഡന്റ് കൂടിയായ അഷ്‌റഫ് പറയുന്നു.

ഈ കൂട്ടായ്മ വന്നതോടു കൂടി പടന്നയ്ക്ക് എവിടെയോ വെച്ച് നഷ്ടപ്പെട്ട സാംസ്‌ക്കാരിക തനിമ വീണ്ടെടുക്കാനായെന്ന് കാസര്‍കോട് ജില്ലാ പഞചായത്ത് മെമ്പര്‍ പി.സി സുബൈദ ഡൂള്‍ന്യൂസിനോട് പറഞ്ഞു. അന്ന് വിദ്യാഭ്യാസം കുറവായിരുന്നെങ്കിലും സാംസ്‌ക്കാരികമായി വളരെ മുന്നിലായിരുന്നു എന്നാല്‍ ഇന്ന് വിദ്യാഭ്യാസപരമായി മുന്നിലാണെങ്കിലും സാംസ്‌ക്കാരികപരമായി ഏറെ പിന്നിലാണ്. ഈ സാഹചര്യത്തില്‍ ഇത്തരത്തിലുള്ള കൂട്ടായ്മ നമുക്ക് പുതിയ ഉണര്‍വാണ് ലഭിക്കുന്നത്. സുബൈദ പറയുന്നു.

പടന്നയുടെ ഊശരമായൊരു ഭൂമിയിലേക്ക് പെട്ടെന്നൊരു പച്ചപ്പ് നട്ടത് പോലെയാണ് സഹോര രംഗത്ത് വന്നതെന്നും ഇത് പടന്ന ആഗ്രഹിച്ചിരുന്നുവെന്നും സഹോരയുടെ സെക്രട്ടറിയും എഴുത്തുകാരിയുമായ സബൂറ മിയാനത്ത് ഡൂള്‍ന്യൂസിനോട് പറഞ്ഞു.

അലി ഹൈദര്‍

മാധ്യമപ്രവര്‍ത്തകന്‍

Latest Stories

We use cookies to give you the best possible experience. Learn more