കോഴിക്കോട്: ലൈംഗികാതിക്രമം നടത്തിയെന്ന പരാതി ഉന്നയിക്കപ്പെട്ട സിവിക് ചന്ദ്രനെ എഡിറ്റോറിയലില്‍ ഉള്‍പ്പെടുത്തി പാഠഭേദം മാസിക. നിലവില്‍ സിവിക് ചന്ദ്രനൊപ്പം നില്‍ക്കാനാണ് പാഠഭേദം എഡിറ്റോറിയല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നതെന്ന് വ്യക്തമാകുന്ന കുറിപ്പും മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പരാതി ലഭിച്ച രണ്ട് കേസുകളിലും സിവിക് ചന്ദ്രന് ജാമ്യം അനുവദിച്ചതിന് പിന്നാലെയാണ് പാഠഭേദം എഡിറ്റോറിയലില്‍ സിവികിനെ വീണ്ടും ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സിവിക് ചന്ദ്രനെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിന്നും മാറ്റിനിര്‍ത്തി പാഠഭേദം അന്വേഷണ സമിതി രൂപീകരിച്ച് പരാതി അന്വേഷിച്ചിരുന്നെന്നും സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിക്കുന്നുവെന്ന് ജൂലൈയില്‍ തന്നെ മാസികയിലൂടെ പരസ്യപ്രസ്താവന നടത്തിയതാണെന്നും കുറിപ്പില്‍ പറയുന്നു. പരാതിക്കാരിയുടെ പൂര്‍ണസമ്മതത്തോടെയാണ് കമ്മിറ്റി രൂപീകരിച്ചതെന്നും ‘പാഠഭേദത്തിന്റെ നിലപാട്’ എന്ന തലക്കെട്ടോടെയുള്ള ഈ കുറിപ്പില്‍ അവകാശപ്പെടുന്നുണ്ട്.
സമിതിയുടെ റിപ്പോര്‍ട്ട് അംഗീകരിച്ച പാഠഭേദത്തിന്റെ നിലപാട് മാറ്റാനാകില്ലെന്നും സിവിക് ചന്ദ്രനെ എഡിറ്റോറിയലില്‍ ടീമില്‍ നിന്നും ഒഴിവാക്കി ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിക്കുന്നത് ധാര്‍മികമായി തെറ്റാകുമെന്നും ‘നിലപാടില്‍’ പറയുന്നു.
സമിതിയുടെയും ജാമ്യം നല്‍കിയ കോടതിയുടെയും നിലപാട് അന്തിമമല്ല, അപ്പീലിന് സാധ്യതയുണ്ട്. പക്ഷെ, ഈ രണ്ട് സംവിധാനങ്ങളും പ്രഥമദൃഷ്ട്യാ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയ ഒരാളെ ശബ്ദകോലാഹലത്തിന്റെ വ്യാപ്തിയുടെ പേരില്‍ കുറ്റവാളിയായി പരിഗണിക്കാനാകില്ല. എന്നെങ്കിലും കുറ്റവാളിയായി വിധിക്കപ്പെട്ടാലോ എന്നതിന്റെ പേരില്‍ ഇപ്പോഴേ മാറ്റിനിര്‍ത്തണമെന്ന വിച്രിതയുക്തിക്ക് പാഠഭേദം കീഴടങ്ങില്ലെന്നും ഇതില്‍ പറയുന്നുണ്ട്.
നിരപരാധിപത്വം ഒരു മനുഷ്യനെ കുറിച്ചുള്ള സ്വാഭാവിക അനുമാനവും കുറ്റകൃത്യം അയാളുടെ പേരില്‍ തെളിയിക്കപ്പെടേണ്ടതുമാണെന്നതാണ് പ്രാഥമിക മനുഷ്യാവകാശ തത്വം എന്ന വാചകത്തോടെയാണ് ഈ കുറിപ്പ് അവസാനിക്കുന്നത്.
അധ്യാപികയും എഴുത്തുകാരിയുമായ ദളിത് യുവതിയും മറ്റൊരു യുവ എഴുത്തുകാരിയുമായിരുന്നു സിവിക് ചന്ദ്രനെതിരെ പരാതിയുമായി രംഗത്തുവന്നത്. 2020 ഫെബ്രുവരിയിലും 2021 ഏപ്രിലുമായിരുന്നു പരാതിക്കാസ്പദമായ സംഭവങ്ങള്‍ നടന്നത്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയായിരുന്നു ഇയാള്‍ക്കെതിരെ കേസെടുത്തത്. പട്ടികജാതി പീഡന നിരോധന നിയമവും ആദ്യ കേസില്‍ ചുമത്തിയിരുന്നു.
പരാതി വന്നതോടെ സിവിക് ചന്ദ്രന്‍ ഒളിവില്‍ പോയിരുന്നു. പിന്നീട് ഓഗസ്റ്റ് പകുതിയോടെ രണ്ട് കേസുകളില്‍ ഇയാള്‍ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. സിവികിന് ജാമ്യം അനുവദിച്ചിട്ടുള്ള കോടതിവിധിയിലെ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പ്രകോപനപരമായ വസ്ത്രങ്ങളാണ് പരാതിക്കാരിയായ യുവതി ധരിച്ചിരുന്നതെന്ന രണ്ടാമത്തെ കേസിലെ കോടതിയുടെ സ്ത്രീവിരുദ്ധ പരാമര്‍ശമാണ് എതിര്‍പ്പിന് ഇടയാക്കിയിരുന്നത്.
എന്നാല്‍ പിന്നീട് മുന്‍കൂര്‍ ജാമ്യം നല്‍കിയ കോഴിക്കോട് സെഷന്‍സ് കോടതി ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. പരാതിക്കാരിയുടെ വസ്ത്രം പ്രകോപനപരമാണെന്ന ഉത്തരവും ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പീഡനക്കേസില്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്.
Content Highlight: Padabhedham brings in Civic Chandran as Editor and says they will stand with him