| Sunday, 13th March 2022, 11:57 am

പട, വംശഹത്യയുടെ ചരിത്രത്തിന് സിനിമയിലൂടെ ഒരു മാപ്പപേക്ഷ | പ്രേംചന്ദ്

പ്രേംചന്ദ്‌

‘ഒരു നാള്‍,
ഈ നാട്ടിലെ അരാഷ്ട്രീയ ബുദ്ധിജീവികള്‍
ഇവിടുത്തെ ഏറ്റവും സാധാരണക്കാരായ ജനങ്ങളാല്‍
ചോദ്യം ചെയ്യപ്പെടും.

ഒറ്റപ്പെട്ട ഒരു ചെറുനാളം പോലെ
സ്വന്തം രാജ്യം കെട്ടടങ്ങിയപ്പോള്‍
നിങ്ങള്‍ എന്തു ചെയ്തു എന്ന്
അവര്‍ ചോദിക്കും.

ഉടയാടകളെക്കുറിച്ചോ
നീണ്ട ഉച്ചമയക്കങ്ങളെക്കുറിച്ചോ
അവര്‍ അന്വേഷിക്കില്ല.
‘ഇല്ലായ്മയുടെ ആശയ’ത്തോടുള്ള
വന്ധ്യമായ പോരാട്ടത്തെക്കുറിച്ച്
ആരായുകയില്ല.
സാമ്പത്തികശാസ്ത്രത്തിലെ ഉന്നതപഠനത്തെ ആരും വിലമതിക്കില്ല.
ഗ്രീക്ക് പുരാണങ്ങളെക്കുറിച്ചോ,
ഉള്ളിലൊരാള്‍ ഒരു ഭീരുവിനെപ്പോലെ മരിച്ചപ്പോള്‍
തങ്ങളെത്തന്നെ വെറുത്തതിനെക്കുറിച്ചോ
ആയിരിക്കില്ല അവര്‍ ചോദിക്കുക.

എല്ലാം തികഞ്ഞ ജീവിതത്തിന്റെ നിഴലില്‍ ഉടലെടുത്ത
അസംബന്ധം നിറഞ്ഞ ന്യായീകരണങ്ങളെക്കുറിച്ച്
അവര്‍ ചോദിക്കില്ല.

അന്ന്,
സാധാരണക്കാരായ മനുഷ്യര്‍ വരും.
അരാഷ്ട്രീയബുദ്ധിജീവികളുടെ പുസ്തകങ്ങളിലും കവിതകളിലും
ഇടമില്ലാതിരുന്നവര്‍,
അവര്‍ക്കു അന്നവും പാലും മുട്ടയും
എത്തിച്ചുകൊടുത്തിരുന്നവര്‍,
അവരുടെ കാറോടിച്ചിരുന്നവര്‍,
അവരുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവര്‍,
അവര്‍ക്കു വേണ്ടി പണിയെടുത്തിരുന്നവര്‍,

അവര്‍ വന്നു ചോദിക്കും:

”പാവപ്പെട്ടവര്‍ നരകിച്ചപ്പോള്‍,
അവരിലെ അലിവും പ്രാണനും കെട്ടൊടുങ്ങിയപ്പോള്‍
എന്തു ചെയ്യുകയായിരുന്നു നിങ്ങള്‍?”

എന്റെ പ്രിയപ്പെട്ട നാട്ടിലെ അരാഷ്ട്രീയബുദ്ധിജീവികളേ,
നിങ്ങള്‍ക്ക് ഉത്തരം മുട്ടും.
നിശ്ശബ്ദതയുടെ കഴുകന്‍ നിങ്ങളുടെ കുടല്‍ കൊത്തിത്തിന്നും.
സ്വന്തം ദുരവസ്ഥ നിങ്ങളുടെ ആത്മാവില്‍ തറച്ചുകയറും.
അപ്പോള്‍ ലജ്ജകൊണ്ട് നിങ്ങള്‍ക്കു മിണ്ടാന്‍ കഴിയില്ല.

(ഒട്ടോ റെനോ കാസ്റ്റില്ലോ (1934-1967) ഗ്വാട്ടിമലന്‍ വിപ്ലവകാരിയും സ്പാനിഷ് കവിയും)

ഒട്ടോ റെനോ കാസ്റ്റില്ലോയുടെ കവിതയില്‍ നിന്നാണ് കെ.എം. കമലിന്റെ ‘പട’ തുടങ്ങുന്നത്. അതൊരു നിലപാടാണ്. മൂലധനത്തെ ആശ്രയിക്കുന്ന സിനിമയില്‍ ഇപ്പോള്‍ കണ്ടു കിട്ടാന്‍ തന്നെ ബുദ്ധിമുട്ടായ ഭൂമിയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിയ്ക്കുന്ന നിലപാട്. ഇങ്ങനെയൊരു വിഷയം കൈകാര്യം ചെയ്യാനുള്ള ആര്‍ജവം പൊതുവില്‍ മലയാളത്തിലെ മുഖ്യധാരാ സിനിമ മാത്രമല്ല സമാന്തര സിനിമയും കിട്ടാറില്ല. ചരിത്രത്തില്‍ നിന്നും രാഷ്ട്രീയത്തില്‍ നിന്നും സുരക്ഷിതമായ അകലം കാത്തുസൂക്ഷിക്കുന്നതില്‍ അഭിരമിക്കുന്നതാണ് നമ്മുടെ സിനിമ. അതിന്റെ നഗ്നവും നിര്‍ലജ്ജവുമായ ആഘോഷത്തിനായാണ് നാം നമ്മുടെ കാണിക്കൂട്ടത്തെ വാര്‍ത്തെടുത്തിട്ടുള്ളത്. അതിവിടെ ഇത്തിരി മതി, പലതരം ഫാന്‍ ക്ലബ്ബുകളും ഫാന്‍ മാഫിയകളും അതിനെ പൊലിപ്പിച്ചു ലോകോത്തരമാക്കും. കാണികള്‍ ഇരമ്പും.

കെ.എം. കമലിന്റെ ‘പട’ ഈ പൊതു ചരിത്രത്തിന് ഒരപവാദമാണ്. അതൊരു സമാന്തര സിനിമയല്ല. മുഖ്യധാരയില്‍ നിന്നുകൊണ്ട് തന്നെ ഭൂമിയുടെ രാഷ്ട്രീയം സംസാരിക്കാന്‍ ‘പട’ ടീം കാട്ടിയ ധീരത ചരിത്രപരമാണ്. അടുത്ത കാലത്തൊന്നും ഭൂമിയുടെ രാഷ്ട്രീയം ഇത്രമേല്‍ സത്യസന്ധമായി കൈകാര്യം ചെയ്ത ഒരു സിനിമ കാണാന്‍ മലയാളത്തില്‍ അവസരമുണ്ടായിട്ടില്ല. സമാന്തര സിനിമയില്‍ കേരളീയം ടീം നിര്‍മ്മിച്ച രഞ്ജിത്ത് ചിറ്റാടെ സംവിധാനം ചെയ്ത ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമയാണ് കണ്ടത്. 2017 ലാണ് അത്. ആ സിനിമ കാണാതെ പോകുന്നത് ഒരു കുറ്റകൃത്യമാണ് എന്ന് അന്ന് എഴുതിയിരുന്നത് ഞാന്‍ ഓര്‍ക്കുന്നു .

മരിച്ചാല്‍ ശവമടക്കാന്‍ പോലും ഒരു തുണ്ട് ഭൂമിയില്ലാത്ത കേരളത്തിലെ ആദിവാസി ജീവിതത്തിലേക്കുള്ള ഒരു ചൂണ്ടുവിരലായിരുന്നു ‘പതിനൊന്നാം സ്ഥലം’. അത് കാണാതിരുന്നതില്‍, കണ്ടില്ല എന്നു നടിച്ചതില്‍ കേരളം വച്ചുപുലര്‍ത്തിയ ശ്രദ്ധ പഠിക്കപ്പെടേണ്ടത് തന്നെയാണ്. കണ്ടില്ല എന്ന് നടിയ്ക്കല്‍ എന്ന കുറ്റകൃത്യം കേരളത്തിന്റെ മുഖ്യധാരാ ജീവിതത്തിന്റെ, രാഷ്ട്രീയത്തിന്റെ മുഖമുദ്രയായി മാറിക്കഴിഞ്ഞു.

നാം വെള്ളക്കാര്‍

സ്വതന്ത്രകേരളം കണ്ട ഏറ്റവും നിഷ്ഠൂരമായ ചതിയുടെ ചരിത്രം ഏതാണ്? രാഷ്ട്രീയ പക്ഷപാതങ്ങള്‍ക്കനുസരിച്ച് ഉത്തരങ്ങള്‍ പലതായിരിക്കും – ‘റാഷമോണ്‍’ പോലെ, കുരുടന്മാര്‍ കണ്ട ആനയെപ്പോലെ. എന്നാല്‍ ‘വെള്ളക്കാരുടെ’ സമൂഹമായി മാറിയ നമ്മുടെ ആധുനിക സമൂഹത്തിന്റെ ഏത് ആഘോഷക്കാഴ്ചക്കടിയിലും മറഞ്ഞു നില്‍ക്കുന്ന വാസ്തവമാണ് ആദിവാസി സമൂഹങ്ങള്‍ നേരിടുന്ന വംശഹത്യ .

ബ്രിട്ടീഷ് കൊളോണിയല്‍ അധികാരികള്‍ മൊത്തം ജനതയോട് ചെയ്ത  ക്രൂരതയിലും വഞ്ചനയിലും വലുതാണ് സ്വതന്ത്ര കേരളം ആദിവാസികളോട് കാട്ടിയത്. അവരുടെ മണ്ണും കാടും ജീവിതവും നിയമപരമായി തന്നെ തട്ടിയെടുത്തതിലൂടെ ഒരു വംശഹത്യക്ക് തന്നെയാണ് ചൂട്ടുപിടിച്ചത്. കെ.എം. കമലിന്റെ ‘പട’ ഈ ചൂട്ടുപിടിയ്ക്കലിന്റെ നിഷ്ഠൂരതയെ വെള്ളിത്തിരയില്‍ തുറന്നു കിട്ടുന്നു. സിനിമ അതിന്റെ സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്ന ചരിത്രത്തിലെ അത്യപൂര്‍വ്വമായ കാഴ്ചയാണിത്. അത് ആദിവാസികള്‍ എടുത്ത സിനിമയല്ല. 1947ല്‍ സ്വാതന്ത്ര്യം കിട്ടിയ രാജ്യത്ത് സ്വന്തം ജീവിതം പറയാന്‍ 2022ലും ഒരു ആദിവാസി ഉയര്‍ന്നു വരാന്‍ നാം സമ്മതിച്ചിട്ടില്ല.

ലീല സന്തോഷ്

കരിന്തണ്ടന്റെ കഥ പറയാന്‍ ലീല എന്ന ആദിവാസി സംവിധായിക വരുന്നു എന്നും വിനായകന്‍ കരിന്തണ്ടനാകുന്നു എന്നും നാം കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ലീലയെ പിന്തുണയ്ക്കാന്‍ പല പ്രമുഖരും വന്നു എന്നും വരുന്നു എന്നും കേട്ടിരുന്നു. എന്നാല്‍ ആ കേള്‍വിക്കപ്പുറം വളരാന്‍ പണം എന്ന അധികാരം ആ സ്വപ്നത്തെ അനുവദിച്ചിട്ടില്ല. ‘പട’ ആ അര്‍ത്ഥത്തില്‍ ആദിവാസികള്‍ നേരിടുന്ന വംശഹത്യയുടെ ചരിത്രത്തിന് മുഖ്യധാരാ സിനിമ വെള്ളിത്തിരയില്‍ നടത്തുന്ന ഒരു മാപ്പപേക്ഷയാണ്.

പാര്‍ലമെന്റ് പാസാക്കിയ ആദിവാസി വനനിയമം നടപ്പിലാക്കാതെ പുരോഗമന കേരളം അട്ടിമറിച്ചത് കേരള നിയമസഭ ഒറ്റക്കെട്ടായാണ്. 140 ല്‍ ഒരാള്‍ മാത്രം വിട്ടു നിന്നു, എതിര്‍ത്തു. ഗൗരിയമ്മ മാത്രം. അത് ചരിത്രമാണ്. ഗൗരിയമ്മ ചരിത്രത്തില്‍ വലിയ കാര്യങ്ങള്‍ ചെയ്ത കമ്മ്യൂണിസ്റ്റ് പോരാളിയാണ്. എന്നാല്‍ മുഖ്യധാരാ രാഷ്ട്രീയത്തിനൊപ്പം അവര്‍ കൂട്ടുനിന്ന എല്ലാ തിന്മകളും ആദിവാസികള്‍ക്കായി അവര്‍ ചെയ്ത ഈയൊരു വിട്ടു നില്‍ക്കലിലൂടെ റദ്ദാക്കപ്പെട്ടതായി ഞാന്‍ കരുതുന്നു. നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ സ്വാസ്ഥ്യത്തിന് ഏല്പിച്ച എന്നത്തെയും വിള്ളലാണത്.

ഇടതും വലതും മധ്യത്തിലും നിന്ന് ആദിവാസികളെ സ്വതന്ത്ര കേരളത്തിലെ കാടുകളില്‍ കൊല്ലാക്കൊല ചെയ്ത രാഷ്ട്രീയമാണ് ‘ പട’ വിചാരണക്ക് വിധേയമാക്കുന്നത്. ആദിവാസികളെ ഇത്തരമൊരു വംശഹത്യയുടെ മുനമ്പിലേക്ക് എത്തിച്ചവരാണ് യഥാര്‍ത്ഥ രാജ്യദ്രോഹികള്‍. അതാണ് ‘പട’ തുറന്നു കാട്ടുന്നത്.

കെ. ആര്‍. ഗൗരിയമ്മ

‘പട’ക്കായി വലിയൊരു താരനിരയെ തന്നെ അണിനിരത്താന്‍ കഴിഞ്ഞത് സംവിധായകന്‍ കെ.എം. കമലിന്റെ ടീമിന്റെ വിജയമാണ്. സാധാരണ ഗതിയില്‍ മറവിയെ പുല്‍കുന്ന സിനിമകള്‍ മാത്രം തിരഞ്ഞെടുക്കുന്നതില്‍ മികവ് തെളിയിക്കുന്നവരാണ് നമ്മുടെ താരങ്ങള്‍. രണ്ട് വലിയ താരങ്ങളെ ഒരു സിനിമയില്‍ അണിനിരത്തിലും വലിയ സാഹസികത വേറെയില്ല. താരാന്ധത കുറച്ചൊന്നുമല്ല സിനിമയെ അയഥാര്‍ത്ഥമാക്കുന്നത്.

അവരുടെ ഹൃസ്വദൃഷ്ടികള്‍ക്കനുസൃതമായ സിനിമകളേ മുഖ്യധാരയില്‍ നടക്കൂ. അവിടെയാണ് മുഖ്യധാരയില്‍ നല്ല വിലയുള്ള കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്ജ്, വിനായകന്‍, ദിലീഷ് പോത്തന്‍ എന്നീ താര നായകന്മാരെ ‘പട’ പോലെ മറവിക്ക് പകരം ഓര്‍മ്മയെ പുല്‍ക്കുന്ന ഒരു സിനിമയില്‍ കെ.എം. കമല്‍ ഒന്നിച്ചണിനിരത്തുന്നത്. അത് ‘പട’യുടെ വിജയമാണ്. സിനിമയുടെ റീച്ച് അത് വര്‍ദ്ധിപ്പിക്കുന്നു. നിലനില്പിനെയും. കാരണം ഒ.ടി.ടിയിലും ചാനല്‍ അവകാശത്തിലും ‘പട’ സുരക്ഷിതമായിരിക്കുന്നത് ഈ താരങ്ങളെ അണിനിരത്താനായത് കൊണ്ട് തന്നെയാണ്.

വിശ്വസിക്കാനാവാത്ത കാണിക്കൂട്ടം

കാണികളെ വിശ്വസിക്കാനാവില്ല. കാരണം അവര്‍ തിന്നു ശീലിച്ച ശീലങ്ങള്‍ മറവി പകരുന്ന ദൃശ്യാഖ്യാനങ്ങളാണ്. നല്ല സിനിമയുടെ പ്രേക്ഷകര്‍ മരണശയ്യയിലാണ്. ഫിലിം ഫെസ്റ്റിവലുകളില്‍ ഇരമ്പുന്ന പ്രേക്ഷക യൗവനം അതേ സിനിമകള്‍ തിയറ്ററുകളില്‍ എത്തിയാല്‍ ടിക്കറ്റെടുത്ത് സിനിമ കാണാറില്ല. നല്ല സിനിമക്കായുള്ള പോരാട്ടത്തെ കൊല്ലുന്നത് മൂലധനം മാത്രമല്ല അതിനെ പിന്തുണയ്ക്കുന്നതായി അഭിനയിക്കുന്നവരും കൂടിയാണ്. വ്യത്യസ്ത സിനിമകള്‍ ടിക്കറ്റെടുത്ത് കാണാന്‍ ഉത്തരവാദിത്തബോധമുള്ള കാണികള്‍ തയ്യാറായാല്‍ മാത്രമേ ഇവിടെ ധീരവും വേറിട്ടതുമായ വിഷയങ്ങളെ അധികരിച്ചുള്ള സിനിമകള്‍ ഉണ്ടാകൂ. അതാണ് കാഴ്ചയുടെ പ്രതിരോധ പ്രവര്‍ത്തനം. കാഴ്ചയെ മറയ്ക്കുന്ന അന്ധതകള്‍ക്കും മറവികള്‍ക്കും എതിരായ പോരാട്ടം അങ്ങനെയേ സാധ്യമാകൂ.

പട ഷൂട്ടിനിടയില്‍ സംവിധായകന്‍ കമല്‍ കെ. എം.

‘പട’ കേരളത്തിന്റെ കാഴ്ച അര്‍ഹിക്കുന്നു. പല മാനങ്ങള്‍ പടയ്ക്കുണ്ട്. അത് രാഷ്ട്രീയം സംസാരിക്കുന്നു. ഒപ്പം അത് ത്രസിപ്പിക്കുന്നു, ത്രില്ലര്‍ ഫോര്‍മാറ്റില്‍ തന്നെ. ആദിവാസികള്‍ അവരുടെ ജീവിതം പറയുകയല്ല, ആദിവാസികള്‍ക്ക് വേണ്ടി അയ്യങ്കാളിപ്പട നടത്തിയ ജനകീയ വിചാരണയുടെ ഓര്‍മ്മയെ പുനരാനയിക്കുന്നതിലൂടെ ഇന്നും അപരിഹാര്യമായി തുടരുന്ന ആദിവാസി ഭൂപ്രശ്‌നത്തെ അത് വെള്ളിത്തിരയില്‍, സമൂഹത്തില്‍ പ്രശ്‌നവല്‍ക്കരിക്കുന്നു. ‘പട’യുടെ ദൗത്യം അതില്‍ ഒരു പരാജയമല്ല.


Content Highlight: How the movie Pada is presenting tribal land issues in Kerala| Premchand writes

പ്രേംചന്ദ്‌

പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, സിനിമാ നിരൂപകന്‍

We use cookies to give you the best possible experience. Learn more