മികച്ച തിരക്കഥയും സംവിധാനവും മേക്കിങ്ങും, നടന്ന ഒരു സംഭവത്തിന്റെ ഏറ്റവും സമഗ്രമായ ആഖ്യാനം, വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകള്‍ ഇതിനൊപ്പം ത്രില്ലിങ്ങായ ഒരു സിനിമാ അനുഭവവും ഗംഭീര പെര്‍ഫോമന്‍സുകളും – കമല്‍ കെ.എമ്മിന്റെ പട എന്ന സിനിമയെ കുറിച്ച് ചുരുങ്ങിയ വാക്കുകളില്‍ ഇങ്ങനെ പറയാം. മുദ്രാവാക്യം വിളികളാകാതെ തന്നെ കൃത്യമായ രാഷ്ട്രീയം മുന്നോട്ടുവെക്കാനാകുമെന്നും ഈ സിനിമ കാണിച്ചു തരുന്നുണ്ട്. ഇതുകൊണ്ടൊക്കെ പട മസ്റ്റ് വാച്ചായ മലയാളം സിനിമകളുടെ ലിസ്റ്റില്‍ ഇടം നേടുകയാണ്.
1996ല്‍ എന്തിന് വേണ്ടിയാണോ അയ്യങ്കാളി പട വേറിട്ടൊരു പോരാട്ടവുമായി എത്തിയത് ആ ആവശ്യം ഒരിക്കല്‍ കൂടി പട എന്ന സിനിമ നിറവേറ്റുകയാണ്. ആദിവാസികള്‍ നേരിടുന്ന ഭൂപ്രശ്‌നത്തിലേക്ക് മാധ്യമങ്ങളുടെയും പൊതുജനത്തിന്റെയും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയായിരുന്നു അവര്‍ പാലക്കാട് കളക്ടറെ ബന്ദിയാക്കി കൊണ്ടുള്ള സമരം നടത്തിയത്. ഈ സിനിമ അത് മുന്നോട്ടു വെക്കുന്ന രാഷ്ട്രീയ വ്യക്തതയിലൂടെയും മികച്ച മേക്കിങ്ങിലൂടെയും ആ ആവശ്യത്തെ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്.
പട എന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നതു മുതല്‍ തന്നെ തന്നെ മാധ്യമങ്ങളിലൂടെയും മറ്റുമായി, എന്തായിരുന്നു അയ്യങ്കാളി പട നടത്തിയ ബന്ദിയാക്കല്‍ സമരം എന്ന് പുറത്തു വന്നിട്ടുണ്ട്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് നടന്ന, കേരളം മുഴുവന്‍ ചര്‍ച്ചയായ സംഭവമായതുകൊണ്ട് തന്നെ കുറെ പേര്‍ക്കെങ്കിലും ഈ സംഭവം പരിചിതവുമാണ്.
സിനിമയില്‍ പ്രധാനമായും പറയുന്ന കഥയുടെ അവസാനം എന്തായിരിക്കുമെന്ന് അറിഞ്ഞിട്ട് പോലും, ഉദ്വേഗഭരിതമായ നിമിഷങ്ങളിലൂടെ പ്രേക്ഷകരെ കൊണ്ടുപോകാന്‍ പടയ്ക്ക് കഴിയുന്നു എന്നുള്ളിടത്താണ് സിനിമയുടെ മേക്കിങ്ങും കമല്‍ കെ.എം എന്ന സംവിധായകന്റെ മികവും ഏറ്റവും കൂടുതല്‍ കാണാനാകുന്നത്. ബന്ദിയാക്കലിന്റെ പ്ലാനിങ്ങും ആക്ഷനും തുടര്‍ന്നുള്ള ഓരോ പോയിന്റും ആകാംക്ഷ നിറഞ്ഞതാണ്.
മികച്ച തിരക്കഥയാണ് പടയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. ഓരോ നിമിഷവും സിനിമക്കൊപ്പം സഞ്ചരിക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയുന്നുണ്ട്. വളരെ നാച്ചുറലായ സംഭാഷണങ്ങളും കഥാസന്ദര്‍ഭങ്ങളുമായാണ് പടയെത്തുന്നത്. പ്രകാശ് രാജിന്റെ കഥാപാത്രം ’36 കൊല്ലം മുന്‍പത്തെ അവസ്ഥയില്‍ നിന്ന് കാര്യങ്ങള്‍ മാറിയിട്ടില്ലെന്ന്’ പറയുന്നതൊക്കെ തറച്ചു കയറുന്ന ഡയലോഗാണെങ്കിലും ഒട്ടുമേ നാടകീയമല്ലായിരുന്നു. ഓരോ കഥാപാത്രത്തെയും അവരുടെ കാഴ്ചപ്പാടുകളെയും മനസിലാക്കാന്‍ സാധിക്കും വിധമാണ് ഇവയെല്ലാം കടന്നുവരുന്നത്.
മാത്രമല്ല, ബന്ദിയാക്കല്‍ സമരവുമായി ബന്ധപ്പെട്ട വിവിധ വശങ്ങളെ സമഗ്രമായും സത്യസന്ധമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ഈ സിനിമയില്‍ തിരക്കഥ ഒന്ന് പാളിപ്പോയിരുന്നെങ്കില്‍ ഒരു ക്ലാസെടുക്കലാകുമായിരുന്നു. അയ്യങ്കാൡപടയുടെ ആദര്‍ശം, അവരെ സമരത്തിലേക്ക് നയിച്ച ആദിവാസി ഭൂപ്രശ്‌നം, നിയമങ്ങള്‍, പിന്നെ ഒരു കളക്ടറെ ബന്ദിയാക്കിയാല്‍ സര്‍ക്കാര്‍ തലത്തിലും പൊലീസ് സേനയുടെ ഭാഗത്തു നിന്നും കേന്ദ്രത്തില്‍ നിന്നുമുണ്ടാകുന്ന നീക്കങ്ങള്‍, മധ്യസ്ഥ ചര്‍ച്ചകള്‍, കോടതി ഇടപെടലുകള്‍, നിര്‍ണായകമായ ചില തീരുമാനങ്ങള്‍, ബന്ദിയാക്കുന്നവരുടെയും ബന്ദിയാക്കപ്പെട്ടവരുടെയും കുടുംബങ്ങള്‍, അവരുടെ പേടികള്‍, ഭക്ഷണവും വെള്ളവും തുടങ്ങിയ അടിസ്ഥാന കാര്യങ്ങള്‍ എന്നു തുടങ്ങി വിവിധ വിഷയങ്ങള്‍ സിനിമയില്‍ കടന്നു വരുന്നുണ്ട്.
ഇതിനൊപ്പം കുമാരേട്ടന്‍ കുഞ്ഞി എന്നീ കഥാപാത്രങ്ങളെ പോലെ ചില ഇമോഷണല്‍ ത്രെഡുകളും സിനിമയിലുണ്ട്. ഒരുപാട് വിവരണങ്ങളോ ഫ്‌ളാഷ് ബാക്കുകളോ ഒന്നുമില്ലാതെ തന്നെ പ്രധാന നാല് ക്യാരക്ടേഴ്‌സിന്റെയും സാമൂഹ്യപശ്ചാത്തലവും സ്വഭാവവുമൊക്ക കാണിച്ചു തരാനും സാധിച്ചിട്ടുണ്ട്. ഇങ്ങനെയുള്ള ഒരു പിടി കാര്യങ്ങളെ ഏറ്റവും ഭംഗിയായി, സിനിമയുടെ ഒഴുക്ക് ഒട്ടും നഷ്ടപ്പെടാതെ കൊണ്ടുവരാന്‍ കമലിന്റെ തിരക്കഥക്ക് സാധിച്ചിട്ടുണ്ട്.
സിനിമയില്‍ ഒറ്റ തവണ മാത്രം വരുന്ന ചില സീക്വന്‍സുകളും മനോഹരമായിരുന്നു. രണ്ട് ലോട്ടറിക്കാര്‍ സിനിമയിലുണ്ട്. അന്ധനായ ഒരാളും മധ്യ വയസ്‌കയായ ഒരു സ്ത്രീയും. ഇവര്‍ ആകെ രണ്ടോ മൂന്നോ ഡയലോഗാണ് സിനിമയില്‍ പറയുന്നത്. ഈ സ്ത്രീ, ടിക്കറ്റ് വാങ്ങാന്‍ നിവൃത്തിയില്ലെന്ന് പറയുന്ന ജോജു ജോര്‍ജിന്റെ കഥാപാത്രത്തോട്, പിന്നീട് താന്‍ ചായ കുടിക്കുമ്പോള്‍ വേണോയെന്ന് ചോദിക്കുന്നുണ്ട്. അതൊക്കെ വളരെ ചെറിയ സീനുകളാണെങ്കിലും എന്തോ ഒരു ഭംഗി തോന്നിയ ഭാഗങ്ങളായിരുന്നു. അതുപോലെ തന്നെ ആ അന്ധനായ ലോട്ടറിക്കാരന്റെ വാക്കുകളും.
ചിത്രത്തിലെ എടുത്തു പറയേണ്ട ഘടകം കാസ്റ്റിങ്ങാണ്. വിളയോട് ശിവന്‍കുട്ടി, രമേശന്‍ കാഞ്ഞങ്ങാട്, കല്ലറ ബാബു, അജയന്‍ മണ്ണൂര്‍ എന്നീ അയ്യങ്കാളി പടയുടെ യഥാര്‍ത്ഥ നേതാക്കളടക്കം ഓരോരുത്തര്‍ക്കും ചേരുന്ന ഏറ്റവും മികച്ച കാസ്റ്റിങ്ങാണ് നടത്തിയിരിക്കുന്നത്. വിനായകനും കുഞ്ചാക്കോ ബോബനും ജോജു ജോര്‍ജും ദിലീഷ് പോത്തനും മാത്രമല്ല, പാലക്കാട് കളക്ടറായി എത്തിയ നടനും ചീഫ് സെക്രട്ടറിയായ പ്രകാശ് രാജും സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജഗദീഷും ജഡ്ജിയായ സലീം കുമാറും അഡ്വക്കറ്റായ ടി.ജി. രവിയും രാവുണ്ണിയായി എത്തിയ ഇന്ദ്രന്‍സും പൊലീസുകാരും പത്രപ്രവര്‍ത്തകരും സി. കെ ജാനുവിനെ പ്രതിനിധീകരിച്ച നടിയുമടക്കം ഓരോ കാസ്റ്റിങ്ങും അത്രക്ക് കൃത്യമായിരുന്നു. ആ സംഭവുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ മനുഷ്യരുമായി ഏറ്റവും ചേര്‍ന്നു നില്‍ക്കുന്ന അഭിനേതാക്കളെ തന്നെ കാസ്റ്റ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തര്‍ ശ്രദ്ധിച്ചിട്ടുണ്ട്.
ഓരോ അഭിനേതാക്കളെയും ഏറ്റവും മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ കമല്‍ കെ. എമ്മിന് സാധിച്ചിട്ടുമുണ്ട്. പ്രധാന അഭിനേതാക്കളായ നാലു പേരും കോമ്പിനേഷന്‍ സീനുകളെല്ലാം ഗംഭീരമാക്കുന്നുണ്ട്. പിന്നെ ഒറ്റ സീനിലാണെങ്കില്‍ പോലും വരുന്ന ഓരോരുത്തരും തങ്ങളുടെ ഭാഗങ്ങള്‍ തന്മയത്വത്തോടെയാണ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്. ആരുടെയെങ്കിലും പെര്‍ഫോമന്‍സ് പ്രത്യേകമായി എടുത്തു പറയണം എന്നതിനേക്കാള്‍ എല്ലാവരും ഏറ്റവും നല്ല പെര്‍ഫോമന്‍സ് നല്‍കികൊണ്ട് ഒരു മികച്ച സിനിമാനുഭവം സമ്മാനിച്ചു എന്ന് പറയാനാണ് തോന്നുന്നത്.
എന്നാലും ചില പെര്‍ഫോമന്‍സുകള്‍ പേഴ്‌സണലി കുറച്ചു കൂടി മനസില്‍ നില്‍ക്കുന്നുണ്ട്. അതിലൊന്ന് വിനായകനാണ്, അടുത്തത് ജോജു ജോര്‍ജും. കളക്ടറായെത്തിയ നടന്റെയും കുമാരേട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച നടന്റെയും പെര്‍ഫോമന്‍സുകളും ഏറെ ഇഷ്ടപ്പെട്ടു.
സിനിമയുടെ അവസാന ഭാഗങ്ങളുടെ മേക്കിങ്ങും അയ്യങ്കാളി പടയിലെ അംഗങ്ങള്‍ക്ക് പിന്നീട് എന്ത് സംഭവിച്ചുവെന്ന് കാണിച്ച രീതിയും മികച്ചതായിരുന്നു. ചില സിനിമകളില്‍ അവസാനം യഥാര്‍ത്ഥ സംഭവങ്ങളുടെ വിഷ്വലുകളും വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങളും കണക്കുകളും കാണിക്കുന്ന സമയത്ത് ഒരു ഏച്ചുകൂട്ടലായ അല്ലെങ്കില്‍ സിനിമയുടെ ആശയം പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള കഷ്ടപ്പാടായോ തോന്നാറുണ്ട്. എന്നാല്‍ ഈ സിനിമയില്‍ അത് കൈകാര്യം ചെയ്യുന്ന പ്രമേയത്തോട് കാണിച്ച ഏറ്റവും നീതിപൂര്‍വ്വമായ അവതരണമായാണ് തോന്നിയത്. മാത്രമല്ല, സിനിമയുടെ അവസാനത്തിലേക്ക് പ്രേക്ഷകരില്‍ ഇക്കാര്യങ്ങള്‍ കാണാന്‍ ഒരു ആഗ്രഹം ഉടലെടുക്കുന്നുമുണ്ട്.
സിനിമയില്‍ ഒരൊറ്റ കാര്യം മാത്രമാണ് കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന് തോന്നിയത്. അയ്യങ്കാളി പട ഈ പ്രതിഷേധത്തിലൂടെ മാറ്റണമെന്ന് ആവശ്യപ്പെടുന്ന ആദിവാസി ഭൂമിയുമായി ബന്ധപ്പെട്ട നിയമപരിഷ്‌കാരം എന്താണെന്ന് മനസില്‍ നില്‍ക്കും വിധം പറയാന്‍ വ്യക്തതയോടെ പറയാന്‍ സിനിമക്ക് കഴിയുന്നില്ല.
ആദിവാസി ഭൂമി ആദിവാസികള്‍ക്ക് നല്‍കണം എന്നതാണ് സിനിമ ഏറെ ഗൗരവത്തോടെ ഉയര്‍ത്തിക്കാട്ടുന്ന വിഷയമെങ്കിലും, ആദിവാസി ഭൂമിനിയമത്തില്‍ അന്ന് കേരള സര്‍ക്കാര്‍ ഏത് രീതിയിലുള്ള മാറ്റമാണ് വരുത്തിയതെന്നോ എന്തുകൊണ്ട് ആ നടപടി വിമര്‍ശിക്കപ്പെടണമെന്നോ കൃത്യമായി പറഞ്ഞുവെക്കുന്നില്ല. മാത്രമല്ല, സര്‍ക്കാര്‍ സംവിധാനങ്ങളെയും ബ്യൂറോക്രസിയെയുമെല്ലാം വേണ്ടത്ര വിമര്‍ശനാത്മകമായി സിനിമ പലപ്പോഴും സമീപിച്ചിട്ടുമില്ല.
മണിക്കൂറുകള്‍ നീണ്ട ഒരു വേറിട്ട പ്രതിഷേധത്തെയും ആ സമരത്തിലൂടെ ഒരു കൂട്ടം ചെറുപ്പക്കാര്‍ മുന്നോട്ടുവെച്ച, ഇന്നും ഏറെ പ്രസക്തമായ ആദിവാസി ഭൂപ്രശ്‌നത്തെയും ഏറ്റവും സമഗ്രമായും ഒരു ത്രില്ലിങ്ങ് സിനിമാറ്റിക് എക്‌സ്പീരിയന്‍സായും അവതരിപ്പിച്ച പട തീര്‍ച്ചയായും കണ്ടിരിക്കണം.
Content Highlight: Pada Movie Review | Ayyankali Pada | Kamal K M