വിനീത് ശ്രീനിവാസന്‍ ചിത്രം വര്‍ഷങ്ങള്‍ക്ക് ശേഷത്തിന് പാക്ക് അപ്പ്. 40 ദിവസത്തെ ഷൂട്ടിന് ശേഷമാണ് ഷൂട്ട് പാക്ക് അപ്പായത്. പാക്ക് അപ്പ് ചെയ്ത് ടീമംഗംങ്ങള്‍ക്ക് വിനീത് ശ്രീനിവാസന്‍ നന്ദി പറയുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ്. ടീമംഗങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് 40 ദിവസം കൊണ്ട് ഷൂട്ട് തീര്‍ന്നതെന്ന് വിനീത് പറഞ്ഞു. പ്രണവ് മോഹന്‍ലാലും ധ്യാന്‍ ശ്രീനിവാസനും നിര്‍മാതാവ് വൈശാഖ് സുബ്രഹ്‌മണ്യവും മറ്റ് അണിയറ പ്രവര്‍ത്തകരും വീഡിയോയില്‍ വിനീതിനൊപ്പമുണ്ടായിരുന്നു.
‘നമ്മുടെ സിനിമ ഇന്നത്തോട് കൂടി തീര്‍ന്നിരിക്കുകയാണ്. 40 ദിവസം കൊണ്ടാണ് ഷൂട്ട് ചെയ്തത്. ഒരുപാട് ദിവസം ഷൂട്ട് ചെയ്യാനുള്ള മെറ്റീരിയല്‍ ഉണ്ട് ഈ സിനിമ, പക്ഷേ എല്ലാ ഡിപ്പാര്‍ട്ടുമെന്റും അത്രയും കോര്‍ഡിനേറ്റഡായി വര്‍ക്ക് ചെയ്തതുകൊണ്ടാണ് ഇത് നമുക്ക് ചെയ്യാന്‍ പറ്റിയത്. മുന്നൂറ് മുന്നൂറ്റമ്പത് ജൂനിയര്‍ ആര്‍ടിസ്റ്റിനെയൊക്കെ വെച്ച് നമ്മള്‍ ഏഴേകാലിനൊക്കെ ഫസ്റ്റ് ഷോട്ടെടുത്തിട്ടുണ്ട്. അത് പല സ്ഥലത്തും നടക്കാത്ത ഒരു കാര്യമാണ്. ഈ ടീം ഇങ്ങനെ നിന്നതുകൊണ്ട് മാത്രമാണ് അത് സംഭവിച്ചത്.
ഓരോ ഡിപ്പാര്‍ട്ട്‌മെന്റിനേയും എടുത്ത് പറയുന്നില്ല, എല്ലാവര്‍ക്കും നന്ദി. എല്ലാവരും നല്ല പണിയെടുത്തിട്ടുണ്ട്. അതിന്റെ റിസള്‍ട്ട് ഈ സിനിമക്ക് ഉണ്ടാവുമെന്ന് വിചാരിക്കുന്നു. എല്ലാവര്‍ക്കും നന്ദി. ആരുടേയും പേരെടുത്ത് പറയുന്നില്ല. ഒരുപാട് സ്‌നേഹവും സന്തോഷവും നന്ദിയും,’ വിനീത് പറഞ്ഞു.
കല്യാണി പ്രിയദര്‍ശന്‍, നിവിന്‍ പോളി, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, നീരജ് മാധവ് എന്നിവരും വര്‍ഷങ്ങള്‍ക്ക് ശേഷത്തില്‍ അഭിനയിക്കുന്നുണ്ട്. വിനീത് ശ്രീനിവാസനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
അന്‍പതിലധികം ലൊക്കേഷനുകളും 132 അഭിനേതാക്കളും ഇരുനൂറ് പേരോളമടങ്ങുന്ന ക്രൂവുമായിരുന്നു ഷൂട്ടിനുണ്ടായിരുന്നത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചത് ഒക്ടോബര്‍ അവസാനമായിരുന്നു. ഹൃദയത്തിന് ശേഷം പ്രണവിനെ നായകനാക്കി വിനീത് സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ചിത്രത്തിന് മേല്‍ പ്രേക്ഷകര്‍ക്ക് വലിയ പ്രതീക്ഷയാണുള്ളത്.
Content Highlight: packs up for Vineeth Srinivasan’S film ‘Varashamuk Sesham’