കുടുംബ പ്രേക്ഷകര്‍ക്കുള്ള പാച്ചുവിന്റെ അത്ഭുത വിളക്കുമായി ഫഹദ്; പാച്ചുവും അത്ഭുത വിളക്കും ട്രെയ്‌ലര്‍
Entertainment news
കുടുംബ പ്രേക്ഷകര്‍ക്കുള്ള പാച്ചുവിന്റെ അത്ഭുത വിളക്കുമായി ഫഹദ്; പാച്ചുവും അത്ഭുത വിളക്കും ട്രെയ്‌ലര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 15th April 2023, 11:01 am

അഖില്‍ സത്യന്‍ കഥയും തിരക്കഥയും എഴുതി സംവിധാനം ചെയ്യുന്ന ‘പാച്ചുവും അത്ഭുത വിളക്കും’ എന്ന സിനിമയുടെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. മലയന്‍കുഞ്ഞ് എന്ന സിനിമക്ക് ശേഷം ഫഹദ് വീണ്ടും മലയാളത്തില്‍ അഭിനയിക്കുന്ന സിനിമ കൂടിയാണ് ഇത്. മുംബൈയില്‍ ജനിച്ച് വളര്‍ന്ന മലയാളി യുവാവിന്റെ കേരളത്തിലേക്കുള്ള യാത്രയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.

പ്രശാന്ത് എന്ന പാച്ചുവായിട്ടാണ് സിനിമയില്‍ ഫഹദെത്തുന്നത്. ഞാന്‍ പ്രകാശനിലെ, പ്രകാശ് എന്ന കഥാപാത്രത്തെ ഓര്‍മപ്പെടുത്തുന്ന തരത്തിലുള്ള പ്രകടനമാണ് ട്രെയ്‌ലറില്‍ ഫഹദ് നടത്തുന്നത്. മുകേഷ്, അല്‍ത്താഫ്, ഇന്നസെന്റ്, അഞ്ജന ജയപ്രകാശ്, ധ്വനി തുടങ്ങിയ താരങ്ങളെയാണ് ട്രെയ്‌ലറില്‍ കാണുന്നത്.

വളരെ കളര്‍ഫുള്ളായ ഫ്രെയ്മുകളും രസകരമായ മുഹൂര്‍ത്തങ്ങളും ചെറിയ നര്‍മവുമൊക്കെ ചാലിച്ച രസകരമായ അനുഭവം തന്നെയാണ് പാച്ചുവും അത്ഭുത വിളക്കും സിനിമയുടെ ട്രെയ്‌ലര്‍ നമുക്ക് സമ്മാനിക്കുന്നത്. വിവാഹം കഴിക്കാനായി വളരെ ആഗ്രഹമുള്ള ചെറുപ്പക്കാരനാണ് പാച്ചുവെന്ന് ട്രെയ്‌ലര്‍ കാണുമ്പോള്‍ തന്നെ മനസിലാക്കാം. തുടര്‍ന്ന് നടക്കുന്ന രസകരമായ സന്ദര്‍ഭങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കാന്‍ സാധ്യത.

വലിയൊരു ഇടവേളക്ക് ശേഷം ഫഹദ് വീണ്ടും മലയാളത്തിലേക്ക് വരുന്ന സിനിമ എന്ന നിലയിലും ആരാധകര്‍ വലിയ പ്രതീക്ഷയോടെ കാണുന്ന ചിത്രമാണിത്്. സിനിമയുടെ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചത്. ഞാന്‍ പ്രകാശന്‍ എന്ന സിനിമക്ക് ലഭിച്ച കുടുംബ പ്രേക്ഷകരെ കൂടി തിയേറ്ററിലെത്തിക്കാന്‍ സിനിമക്ക് കഴിയുമെന്നാണ് ട്രെയ്‌ലര്‍ കാണുമ്പോള്‍ അനുഭവപ്പെടുന്നത്.

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍ക്കാടാണ് പാച്ചുവും അത്ഭുതവിളക്കും നിര്‍മിക്കുന്നത്. കലാസംഗം റിലീസാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജസ്റ്റിന്‍ പ്രഭാകരന്‍ ആണ് സംഗീതം. ഏപ്രില്‍ 28നാണ് ചിത്രം തിയേറ്ററിലെത്തുന്നത്.

content highlight: pachuvum athbhutha vilakkum movie trailer