| Wednesday, 20th July 2022, 3:22 pm

ലെജന്‍ഡ് എന്ന വാക്കിന് ഒരര്‍ത്ഥമുണ്ട്, അദ്ദേഹത്തെ മാഞ്ചസ്റ്റര്‍ ആരാധകര്‍ ഇതിഹാസമായൊന്നുമല്ല കാണുന്നത്: അര്‍ജന്റൈന്‍ സൂപ്പര്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

നിലവില്‍ ക്ലബ്ബ് ഫുട്‌ബോളിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ് പ്രീമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റി. പ്രീമിയര്‍ ലീഗില്‍ ഒരുപാട് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമിന് പക്ഷെ ചാമ്പ്യന്‍സ് ലീഗ് കിരീടം ഇതുവരെ നേടാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ പുതിയ സീസണില്‍ മികച്ച മാറ്റങ്ങളുമായാണ് ടീം എത്തുന്നത്.

സ്റ്റാര്‍ സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിനെ ടീമിലെത്തിച്ചതാണ് ഈ സമ്മര്‍ ട്രാന്‍സ്ഫറില്‍ ടീം ചെയ്ത ഏറ്റവും മികച്ച ട്രാന്‍സ്ഫര്‍. ടീമിന്റെ യുവ സൂപ്പര്‍താരമായിരുന്ന റഹീം സ്റ്റെര്‍ലിങ്ങിനെ ടീമില്‍ നിന്നും വിട്ട് നല്‍കിയിരുന്നു. ചെല്‍സിയിലേക്കായിരുന്നു താരം കൂടുമാറിയത്. എന്നാല്‍ ഇത്തവണ ടീമില്‍ അതിനേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന താരങ്ങളുണ്ടെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

താരത്തെ ലെജന്‍ഡ് എന്ന് വിളിക്കുന്നതിനെതിരെ പറഞ്ഞിരിക്കുകയാണ് മുന്‍ സിറ്റി താരവും അര്‍ജന്റൈന്‍ ഡിഫന്‍ഡറുമായിരുന്ന പാബ്ലൊ സാബലേറ്റ. സ്റ്റെര്‍ലിങ് മികച്ച താരമായിരുന്നു എന്നും അദ്ദേഹം ടീമിന് വേണ്ടി ഒരുപാട് നേട്ടങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിഹാസമെന്ന വാക്ക് ഇപ്പോള്‍ ഫുട്‌ബോളില്‍ സാധാരണയായികൊണ്ടിരിക്കുകയാണ് എന്നും സാബലേറ്റ അഭിപ്രായപ്പെട്ടു.

‘ഇതിഹാസമെന്ന വാക്ക് ഫുട്‌ബോളില്‍ അമിതമായി ഉപയോഗിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു. ക്ലബ്ബിനായി മഹത്തായ ജോലിയാണവന്‍ ചെയ്തത്. ചെറിയ പ്രായത്തില്‍ തന്നെ സിറ്റിയിലെത്തി വളരെ മികച്ച പ്രകടനം നടത്താന്‍ സ്റ്റെര്‍ലിങ്ങിനു കഴിഞ്ഞു,’ സ്‌കൈ സ്‌പോര്‍ട്ട്‌സിനോട് സംസാരിക്കുമ്പോള്‍ സബലേറ്റ പറഞ്ഞു.

‘പക്ഷെ ഇതിഹാസമെന്നു പറയുമ്പോള്‍, എന്നെ സംബന്ധിച്ച് ഓര്‍മ വരുന്നത് സെര്‍ജിയോ അഗ്യൂറോ, ഡേവിഡ് സില്‍വ, വിന്‍സന്റ് കൊമ്പനി എന്നീ താരങ്ങളെയാണ്. അവരെല്ലാം മറ്റൊരു തലത്തില്‍ നില്‍ക്കുന്നു. അതുകൊണ്ടാണ് സ്റ്റേഡിയത്തിനു ചുറ്റും അവരുടെ പ്രതിമകള്‍ സ്ഥാപിച്ചിരിക്കുന്നത്.’ സബലേറ്റ വ്യക്തമാക്കി.

ഏഴ് വര്‍ഷമായി മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പമുള്ള റഹീം സ്റ്റെര്‍ലിങ് ഖത്തര്‍ ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ സ്ഥാനം ഉറപ്പിക്കുന്നതിന് വേണ്ടിയാണ് ചെല്‍സിയിലേക്ക് ചേക്കേറാന്‍ തീരുമാനിച്ചത്. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം ചാമ്പ്യന്‍സ് ലീഗ് ഒഴികെയുള്ള കിരീടങ്ങളെല്ലാം നേടിയിട്ടുണ്ടെങ്കിലും ക്ലബ്ബിന്റെ ഇതിഹാസമായി സ്റ്റെര്‍ലിങ്ങിനെ കണക്കാക്കാന്‍ കഴിയില്ലെന്നാണ് സബലേറ്റ വിശ്വസിക്കുന്നത്.

2015ല്‍ ലിവര്‍പൂളില്‍ നിന്നുമാണ് സ്റ്റെര്‍ലിങ് മാഞ്ചസ്റ്റര്‍ സിറ്റിയിലേക്ക് ചേക്കേറുന്നത്. ക്ലബ്ബിനൊപ്പം നാല് പ്രീമിയര്‍ ലീഗ് ഉള്‍പ്പെടെ നിരവധി കിരീടങ്ങള്‍ നേടിയ താരം ഒരിക്കല്‍ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും കളിക്കുകയുണ്ടായി. തന്റെ മികച്ച പ്രകടനം ചെല്‍സിയിലും തുടരാന്‍ കഴിയുമെന്നാണ് താരത്തിന്റെ പ്രതീക്ഷ.

Content Highlights: Pablo Zabaleta says Raheem Sterling is not a legend of Manchester City

We use cookies to give you the best possible experience. Learn more