'സാവി പലപ്പോഴായി വഞ്ചിക്കുന്നു'; ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ട് ബാഴ്‌സലോണയുടെ യുവതാരം
Football
'സാവി പലപ്പോഴായി വഞ്ചിക്കുന്നു'; ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ട് ബാഴ്‌സലോണയുടെ യുവതാരം
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 21st February 2023, 9:04 am

ബാഴ്‌സലോണയില്‍ താന്‍ വഞ്ചിതനായി എന്നാരോപിച്ച് മിഡ് ഫീല്‍ഡിങ് താരം പാബ്ലോ ടോറെ മാനേജ്‌മെന്റിനോട് ട്രാന്‍സ്ഫര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്.

പരിശീലകന്‍ സാവി ഹെര്‍ണാണ്ടസ് തന്റെ അവസരങ്ങള്‍ നിഷേധിച്ച് വഞ്ചിക്കുകയാണെന്നും തനിക്ക് ക്ലബ്ബ് വിടണമെന്നും ടോറെ പ്രസിഡന്റ് ജോണ്‍ ലപോര്‍ട്ടയോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടില്‍ പറയുന്നു. സ്പാനിഷ് മാധ്യമമായ എല്‍ നാഷണല്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

സൂപ്പര്‍ താരങ്ങളായ പെഡ്രിയും ഗാവിയും സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും ടീമിലുള്ളതിനാല്‍ തനിക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലായെന്നും കോച്ച് തന്നെ മനപൂര്‍വം മാറ്റിനിര്‍ത്തുകയാണെന്നും ടോറെ മാനേജ്‌മെന്റിനെ അറിയിച്ചതായി റിപ്പോര്‍ട്ടിലുണ്ട്.

കഴിഞ്ഞ ദിവസം കാഡിസിനെതിരെ നടന്ന മത്സരത്തില്‍ പെഡ്രിയും ബുസ്‌ക്വെറ്റ്‌സും പരിക്കേറ്റ് പുറത്ത് പോയപ്പോള്‍ തനിക്ക് അവസരമുണ്ടായിരുന്നെന്നും എന്നാല്‍ സാവി സെര്‍ജി റോബര്‍ട്ടോയെയാണ് കളത്തിലിറക്കിയതെന്നും ടോറെ ചൂണ്ടിക്കാട്ടി.

ഇതോടെ സാവിയുമായുള്ള തന്റെ വിശ്വാസം നഷ്ടപ്പെട്ടെന്നും ഇനിയും ക്ലബ്ബില്‍ തുടരാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ സീസണില്‍ ഇതുവരെ ആറ് മത്സരങ്ങളിലാണ് ടോറെ കളിച്ചിട്ടുള്ളത്. ഒരു ഗോളും ഒരു അസിസ്റ്റുമാണ് ബാഴ്‌സക്കായി താരത്തിന് നേടാനായത്.

അതേസമയം കാഡിസിനെതിരെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സലോണയുടെ ജയം. മത്സരത്തിന്റെ 43ാം മിനിട്ടില്‍ സെര്‍ജി റോബര്‍ട്ടോയും 46ാം മിനിട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുമാണ് ബാഴ്‌സക്കായി സ്‌കോര്‍ ചെയ്തത്.

കഴിഞ്ഞ 18 മത്സരങ്ങളില്‍ തോല്‍വിയറിയാതെയാണ് ബാഴ്‌സയുടെ കുതിപ്പ്. ലാ ലിഗയില്‍ 59 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് ബാഴ്‌സ. ഫെബ്രുവരി 24ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായിട്ടാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Pablo Torre asks Joan Laporta for transfer after feeling cheated by Xavi