ഫുട്ബോളില്‍ രണ്ട് പതിറ്റാണ്ടുകളായി മറ്റ് താരങ്ങള്‍ക്കൊന്നും ഒരു അവസരവും നല്‍കാതെ ആധിപത്യം പുലര്‍ത്തുന്ന ഇതിഹാസതാരങ്ങളാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ലയണല്‍ മെസിയും. ഇരുതാരങ്ങളില്‍ ഏറ്റവും മികച്ചത് ആരാണെന്നുള്ള സംവാദങ്ങളും ചര്‍ച്ചകളും എപ്പോഴും സജീവമായി നിലനില്‍ക്കുന്ന ഒന്നാണ്.
ഇപ്പോള്‍ ഗോട്ട് ഡിബേറ്റില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് മുന്‍ പാരീസ് സെയ്ന്റ് ജെര്‍മെയ്‌ന്റെ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ പാബ്ലോ സരബിയ. മെസിയെ മറികടന്നുകൊണ്ട് റൊണാള്‍ഡോയെയാണ് സരബിയ മികച്ച താരമായി തെരഞ്ഞെടുത്തത്. ഗിവ് മീ സ്പോര്‍ട്ടിലൂടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് അതിശയകരമാണ്, കാരണം ഈ താരങ്ങള്‍ക്കൊപ്പം കളിക്കുക എന്നുള്ളത് ഒരു സ്വപ്നമാണ്. മെസി, റൊണാള്‍ഡോ എന്നിവരില്‍ മികച്ചത് ആരാണെന്നുള്ളത് ഒരു ബുദ്ധിമുട്ടുള്ള ചോദ്യമാണ്. എന്നെ സംബന്ധിച്ചിടത്തോളം റൊണാള്‍ഡോയാണ് ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരന്‍. കാരണമെന്തെന്നാല്‍ അദ്ദേഹത്തിന്റെ മാനസികാവസ്ഥ വളരെ അവിശ്വസനീയമാണ്,’ പാബ്ലോ സരബിയ പറഞ്ഞു.
റൊണാള്‍ഡോ ഫുട്‌ബോളില്‍ അവിസ്മരണീയമായ ഒരുപിടി നേട്ടങ്ങള്‍ സ്വന്തമാക്കിയ താരമാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്,റയല്‍ മാഡ്രിഡ്, യുവന്റസ് തുടങ്ങിയ ലോകത്തിലെ മികച്ച ക്ലബ്ബുകളില്‍ പന്തു തട്ടിയ റൊണാള്‍ഡോ ഐതിഹാസികമായ ഒരു ഫുട്‌ബോള്‍ കരിയറാണ് പടുത്തുയര്‍ത്തിയത്.
നിലവില്‍ റൊണാള്‍ഡോ സൗദി വമ്പന്‍മാരായ അല്‍ നസറിനു വേണ്ടിയാണ് കളിക്കുന്നത്. എന്റെ മുപ്പത്തിയൊമ്പതാം വയസിലും പ്രായത്തെ പോലും കാഴ്ചക്കാരനാക്കി കൊണ്ടാണ് റൊണാള്‍ഡോ സൗദിയില്‍ കുതിക്കുന്നത്.
നിലവില്‍ ഒരു ചരിത്രനേട്ടത്തിനരികെയാണ് റൊണാള്‍ഡോ. വരാനിരിക്കുന്ന മത്സരങ്ങളില്‍ ഒരു ഗോള്‍ കൂടി നേടിയാല്‍ 900 ഗോളുകളെന്ന പുതിയ നാഴികക്കല്ലിലേക്കും റൊണാള്‍ഡോക്ക് കാലെടുത്തുവെക്കാം.
ഇതിനോടകം തന്നെ പോര്‍ച്ചുഗല്‍ ദേശീയ ടീമിനും ക്ലബ്ബ് തലത്തില്‍ വ്യത്യസ്ത ലീഗുകളില്‍ വ്യത്യസ്ത ടീമുകള്‍ക്കുമായി 899 ഗോളുകളാണ് റൊണാള്‍ഡോ അടിച്ചുകൂട്ടിയത്. റയല്‍ മാഡ്രിഡിനായി 451 മാഞ്ചസ്റ്റര്‍ യൂണൈറ്റഡിനായി 145 യുവന്റസിനായി 101 അല്‍ നസറിനായി 67 പോര്‍ച്ചുഗലിന് 130 സ്‌പോര്‍ട്ടിങ് ലിസ്ബണിനായി അഞ്ച് എന്നിങ്ങനെയാണ് റൊണാള്‍ഡോ വ്യത്യസ്ത ടീമുകളില്‍ കളിച്ചു നേടിയ ഗോളിന്റെ കണക്കുകള്‍.
സെപ്റ്റംബറില്‍ നടക്കാനിരിക്കുന്ന യുവേഫ നേഷന്‍സ് ലീഗ് ടൂര്‍ണമെന്റിനുള്ള പോര്‍ച്ചുഗല്‍ ടീമിനെ കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിരുന്നു. സൂപ്പര്‍താരം റൊണാള്‍ഡോയും ടീമില്‍ ഇടം നേടി. യൂറോ കപ്പില്‍ മികച്ച പ്രകടനം നടത്താതെ പോയ റൊണാള്‍ഡോയ്ക്ക് സ്വന്തം ദേശീയ ടീമിനൊപ്പം ശക്തമായി തിരിച്ചുവരാനുള്ള മികച്ച അവസരമാണ് മുന്നിലെത്തി നില്‍ക്കുന്നത്.
Content Highlight: Pablo Sarabia Talks About Cristaino Ronaldo