| Monday, 16th January 2023, 9:16 am

മികച്ച പ്രകടനം പുറത്തെടുക്കാനാകുന്നില്ല; സൂപ്പര്‍താരം പി.എസ്.ജി വിടുന്നു

സ്പോര്‍ട്സ് ഡെസ്‌ക്

ഫ്രഞ്ച് ക്ലബ്ബായ പാരീസ് സെന്റ് ഷെര്‍മാങ് താരം പാബ്ലോ സാരാബിയ ക്ലബ്ബ് വിടാനൊരുങ്ങുന്നെന്ന് റിപ്പോര്‍ട്ട്. 2019ല്‍ പി.എസ്.ജിയിലെത്തിയ താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ വന്നതിനാലാണ് കൂടുമാറ്റത്തിനൊരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രശസ്ത സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റ് ഫാബ്രിയാസോ റൊമാനോയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

താരം ഇംഗ്ലീഷ് ക്ലബ്ബായ വോള്‍വറാംപ്ടന്‍ വാന്‍ഡറേഴ്‌സിലേക്കാണ് പോകാനൊരുങ്ങുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ സ്‌പോര്‍ടിങ് ലിസ്ബണില്‍ ലോണില്‍ കളിച്ച താരം ഇത്തവണ പി.എസ്.ജിയുടെ 19 മത്സരങ്ങളില്‍ ബൂട്ടുകെട്ടി. പി.എസ്.ജിക്കായി ഇതുവരെ നൂറോളം മത്സരങ്ങളാണ് സാരാബിയ കളിച്ചത്.

അധികം വൈകാതെ താരം വോള്‍വ്‌സുമായി കരാറിലേര്‍പ്പെടുമെന്നും അഞ്ച് ദശലക്ഷം യൂറോ ട്രാന്‍സ്ഫര്‍ തുക നല്‍കിയാണ് ഇംഗ്ലീഷ് ക്ലബ്ബ് താരത്തെ സ്വന്തമാക്കുന്നതെന്നുമാണ് റൊമാനോ ട്വീറ്റ് ചെയതത്.

അതേസമയം, പി.എസ്.ജിക്ക് വമ്പന്‍ തിരിച്ചടിയാണ് ലീഗ് വണ്ണില്‍ റെന്നെസുമായുള്ള മത്സരത്തില്‍ ഉണ്ടായത്. പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്തുള്ള റെന്നെസ് നിലവിലെ ടേബിള്‍ ടോപ്പര്‍മാരായ പി.എസ്.ജിയെ എതിരില്ലാത്ത ഒരു ഗോളിനാണ് തോല്‍പ്പിച്ചത്.

മെസിയും, നെയ്മറും, എംബാപ്പെയും മത്സരിക്കാനിറങ്ങിയ കളിയില്‍ ഏറ്റുവാങ്ങേണ്ടി വന്ന ഈ പരാജയം വലിയ നിരാശയാണ് പി.എസ്.ജി ക്യാമ്പില്‍ ഉണ്ടാക്കിയത്.മത്സരം 65 പിന്നിട്ടപ്പോള്‍ റെന്നെസ് താരം ഹമരി ട്രോറെ നേടിയ ഗോളിലാണ് പാരിസ് ക്ലബ്ബ് മത്സരത്തില്‍ പരാജയപ്പെട്ടത്.

മത്സരത്തില്‍ ഒരു ഗോളിന് പിന്നിലായിട്ടും ഒരു ഘട്ടത്തിലും തിരിച്ചു വരുമെന്ന തോന്നല്‍ ആരാധകരിലെത്തിക്കാന്‍ പ്രശസ്തമായ പി.എസ്.ജിയുടെ മുന്നേറ്റ നിരക്ക് സാധിച്ചില്ല. മത്സരത്തില്‍ ആകെ ഒരു ഓണ്‍ ഗോള്‍ ടാര്‍ഗറ്റ് മാത്രമേ എടുക്കാന്‍ പി. എസ്.ജിക്കായുള്ളൂ.

Content Highlights: Pablo Sarabia is going to leave PSG

We use cookies to give you the best possible experience. Learn more