ഇംഗ്ലണ്ട്: സംഭവം കേട്ടിട്ട് ഏതോ പ്രാദേശിക മത്സരത്തിനിടെ സംഭവിച്ച കാര്യമാണെന്ന് ധരിച്ചെങ്കില്‍ തെറ്റി. ലോകത്തേറ്റവും പഴക്കം ചെന്നതും ടെന്നീസ് കളി്ക്കാര്‍ ഏറെ വിലമതിക്കുന്നതുമായ വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിനിടെയാണ് നാടകീയമായ സംഭവവികാസങ്ങള്‍ അരങ്ങേറിയത്.
ചൊവ്വാഴ്ച നടന്ന പുരുഷ ഡബ്ബിള്‍സ് മത്സരത്തിനിടയിലാണ് വിംബിള്‍ഡണ്‍ ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ ചരിത്രത്തില്‍ കേട്ടുകേള്‍വിയില്ലാത്ത പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. പുരുഷ ഡബ്ബിള്‍സ് മത്സരത്തിന്റെ മൂന്നാം റൗണ്ടില്‍ പാബ്ലോ കുയേവസും മാര്‍സല്‍ ഗ്രാനോലസും ചേര്‍ന്ന സംഖ്യം ജോണി മറെയും ആദില്‍ ഷംസുദ്ദീനും ചേര്‍ന്ന സംഖ്യത്തെ നേരിടുകയാണ്.
മത്സരം നീണ്ടപ്പോള്‍ കുയേവസ് മത്സരം നിയന്ത്രിക്കുന്ന അമ്പയറോട് ടോയ്‌ലെറ്റ് ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ മാച്ച് റഫറി ആവശ്യം നിരസിച്ചു. ഇരുവരും അമ്പയറുമായി കുറച്ച് നേരം തര്‍ക്കിച്ചെങ്കിലും ഫലമുണ്ടായില്ല. കുപിതനായ ഉറുഗ്വാന്‍ താരം ബോള്‍ കാനില്‍ കാര്യം സാധിക്കുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും അരിശം തീരാതെ താരം ബോള്‍ കോര്‍ട്ടിന് പുറത്തേക്ക് മനപൂര്‍വ്വം അടിച്ചു പറത്തി.
ഇതേതുടര്‍ന്ന്, ടൂര്‍ണ്ണമെന്റ് പെരുമാറ്റചട്ടങ്ങള്‍ തെറ്റിച്ചതിന് താരങ്ങളുടെ ഒരു പോയന്റ് അമ്പയര്‍ വെട്ടിക്കുറച്ചു. ഇതില്‍ പ്രതിഷേധിച്ച് ഇരു താരങ്ങളും അവസാന ഗെയിം കളിക്കാതെ ഗ്രൗണ്ടില്‍ കുത്തിയിരുപ്പ് സമരം നടത്തി. എന്തായാലും പിന്നീട് മത്സരം തുടര്‍ന്നു. പക്ഷെ ഇരുവര്‍ക്കും അഞ്ച് സെറ്റ് നീണ്ട മത്സരത്തിനൊടുവില്‍ തോറ്റ് മടങ്ങാനായിരുന്നു വിധി.