|

ഇങ്ങനെയൊന്ന് ചരിത്രത്തിലാദ്യം, 'ഫാസ്റ്റ് ബൗളര്‍മാരെ ഉപ്പിലിട്ട് വെച്ചിരിക്കുകയാണോ?' മുഴുവന്‍ ഓവറും എറിഞ്ഞ് ജയിപ്പിച്ച് സ്പിന്നര്‍മാര്‍

സ്പോര്‍ട്സ് ഡെസ്‌ക്

എസ്.എ20യില്‍ ചരിത്രമെഴുതി പാള്‍ റോയല്‍സ്. ഒരു ഫ്രാഞ്ചൈസി ടി-20 മത്സരത്തിലെ മുഴുവന്‍ ഓവറും സ്പിന്നര്‍മാരെ ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ ആദ്യ ടീം എന്ന നേട്ടമാണ് പാള്‍ റോയല്‍സ് സ്വന്തമാക്കിയത്. കഴിഞ്ഞ ദിവസം പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെതിരായ മത്സരത്തിലാണ് പാള്‍ റോയല്‍സ് ഈ അപൂര്‍വ നേട്ടം സ്വന്തമാക്കിയത്.

ബ്യോണ്‍ ഫോര്‍ച്യൂണ്‍, ദുനിത് വെല്ലാലാഗെ, മുജീബ് ഉര്‍ റഹ്‌മാന്‍, എന്‍ഖാബ പീറ്റര്‍, ജോ റൂട്ട് എന്നിവരാണ് റോയല്‍സിനായി പന്തെറിഞ്ഞത്.

ബ്യോണ്‍ ഫോര്‍ച്യൂണ്‍ – 4.0 – 1 – 20 – 2 – 5.00

ദുനിത് വെല്ലലാഗെ – 4.0 – 1 – 16 – 1 – 4.00

മുജീബ് ഉര്‍ റഹ്‌മാന്‍ – 4.0 – 0 – 17 – 2 – 4.20

എന്‍ഖാബ പീറ്റര്‍ – 4.0 – 0 – 33 – 0 – 8.25

ജോ റൂട്ട് – 4.0 – 0 – 32 – 2 – 8.00 – എന്നിങ്ങനെയായിരുന്നു റോയല്‍സ് ബൗളര്‍മാരുടെ പ്രകടനം. മത്സരത്തില്‍ പ്രിട്ടോറിയ ക്യാപ്പിറ്റല്‍സിനെ 11 റണ്‍സിന് പരാജയപ്പെടുത്താനും റോയല്‍സിനായി.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ റോയല്‍സിന് തുടക്കം പാളി. ഓപ്പണര്‍ ലുവാന്‍ – ഡ്രെ പ്രിട്ടോറിയസ് ബ്രോണ്‍സ് ഡക്കായി മടങ്ങി. വില്‍ ജാക്‌സാണ് വിക്കറ്റ് നേടിയത്. വണ്‍ ഡൗണായെത്തിയ റൂബിന്‍ ഹെര്‍മാന്‍ ഒമ്പത് റണ്‍സിനും നാലാം നമ്പറിലെത്തിയ മിച്ചല്‍ വാന്‍ ബ്യൂറന്‍ അഞ്ച് റണ്‍സിനും പുറത്തായി.

ഒരു വശത്ത് വിക്കറ്റ് വീഴുമ്പോള്‍ മറുവശത്ത് ജോ റൂട്ട് തന്റെ എക്‌സ്പീരിയന്‍സ് വ്യക്തമാക്കി. ക്രീസില്‍ ഉറച്ചുനിന്ന് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കാനുള്ള ചുമതല ഇംഗ്ലണ്ട് ലെജന്‍ഡ് സ്വയമേറ്റെടുത്തു.

ദുനിത് വെല്ലാലാഗെയെയും ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിനെയും ഒപ്പം കൂട്ടി റൂട്ട് ടീമിനെ മോശമല്ലാത്ത സ്‌കോറിലെത്തിച്ചു.

നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 140 റണ്‍സാണ് റോയല്‍സ് സ്വന്തമാക്കിയത്. 56 പന്ത് നേരിട്ട റൂട്ട് പുറത്താകാതെ 78 റണ്‍സ് നേടി. എട്ട് ഫോറും രണ്ട് സിക്‌സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മില്ലര്‍ 18 പന്തില്‍ പുറത്താകാതെ 29 റണ്‍സടിച്ചപ്പോള്‍ 20 പന്തില്‍ 15 റണ്‍സാണ് വെല്ലാലാഗെ നേടിയത്.

ക്യാപ്പിറ്റല്‍സിനായി എസ്. മുത്തുസ്വാമി, കൈല്‍ സിമ്മണ്‍സ്, വില്‍ ജാക്‌സ്, ഈഥന്‍ ബോഷ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങിനറങ്ങിയ ക്യാപ്പിറ്റല്‍സിനും തുടക്കം പാളി. റഹ്‌മാനുള്ള ഗുര്‍ബാസ് ആറ് റണ്‍സിനും മാര്‍ക്വെസ് അക്കര്‍മാന്‍ രണ്ട് റണ്‍സിനും പുറത്തായി. മൂന്ന് പന്തില്‍ നാല് റണ്‍സ് മാത്രമാണ് ക്യാപ്റ്റന്‍ റിലി റൂസോയക്ക് നേടാന്‍ സാധിച്ചത്.

എന്നാല്‍ ഓപ്പണര്‍ വില്‍ ജാക്‌സ് ഒരു വശത്ത് നിന്നും പൊരുതി. നാലാം വിക്കറ്റില്‍ കൈല്‍ വെരായ്‌നെക്കൊപ്പം പൊരുതിയ ജാക്‌സ് സ്‌കോര്‍ നൂറിലെത്തിച്ചു.

ടീം സ്‌കോര്‍ നൂറില്‍ നില്‍ക്കവെ 30 റണ്‍സടിച്ച വെരായ്‌നെ മടങ്ങി. ശേഷമെത്തിയവരും ഒന്നൊന്നായി വീണു. അവസാന ഓവറിലെ നാലാം പന്തില്‍ 53 പന്തില്‍ 56 റണ്‍സ് നേടിയ വില്‍ ജാക്‌സും മടങ്ങിയതോടെ പ്രിട്ടോറിയയുടെ പതനം പൂര്‍ത്തിയായി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റിന് 129 എന്ന നിലയില്‍ ക്യാപ്പിറ്റല്‍സ് പോരാട്ടം അവസാനിപ്പിച്ചു.

ഈ വിജയത്തിന് പിന്നാലെ റോയല്‍സ് ഒന്നാം സ്ഥാനത്താണ്. ഏഴ് മത്സരത്തില്‍ ആറിലും ജയിച്ച് 24 പോയിന്റാണ് ടീമിനുള്ളത്. നാളെയാണ് റോയല്‍സിന്റെ അടുത്ത മത്സരം. ബോളണ്ട് പാര്‍ക്കില്‍ നടക്കുന്ന മത്സരത്തില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സാണ് എതിരാളികള്‍.

Content highlight: PAARL ROYALS BECOMES THE FIRST TEAM IN FRANCHISE LEAGUE HISTORY TO BOWL SPINN FOR ALL 20 OVERS OF A T20

Latest Stories