|

അപ്പനെ പോലെയല്ല മോള്‍, കൊന്ന് കളയും; പാപ്പനിലെ നിതയുടെ കിടിലന്‍ മാസ് സീന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകളുടെ ഇടവേളക്ക് ശേഷം സുരേഷ് ഗോപി- ജോഷി കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രമാണ് പാപ്പന്‍. മികച്ച രീതിയിലാണ് ചിത്രം പ്രദര്‍ശനം തുടരുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപിയുടെ മകനും നടനുമായ ഗോകുല്‍ സുരേഷും മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇപ്പോഴിതാ ചിത്രത്തില്‍ ഷമ്മി തിലകനും നിതാ പിള്ളയും ഒരുമിച്ചുള്ള കിടിലന്‍ മാസ് സീന്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് സക്‌സസ് ടീസര്‍ എന്ന പേരിലാണ് ചിത്രത്തിലെ രംഗം പുറത്തിറക്കിയിരിക്കുന്നത്.

ഷമ്മി തിലകനെ ചോദ്യം ചെയ്യുന്ന നിതാ പിള്ളയുടെ കിടിലന്‍ മാസ് സീനാണ് ഇത്. തിയേറ്ററില്‍ ഏറെ കയ്യടികള്‍ കിട്ടിയ രംഗത്തെ പ്രേക്ഷകരും ഏറ്റെടുത്ത് കഴിഞ്ഞു. ഇതുവരെ ഇത്തരത്തിലൊരു സ്ത്രീ കഥാപാത്രം മാസ് സീന്‍ അവതരിപ്പിക്കുന്നത് കണ്ടിട്ടില്ല എന്നാണ് വീഡിയോ കണ്ടവര്‍ പറയുന്നത്. ഷമ്മി തിലകന്റെ ചാക്കോ എന്ന കഥാപാത്രം നിത പിള്ളയുടെ കഥാപാത്രമായ വിന്‍സിയോട് ചോദ്യം ചെയ്യലിനിടയില്‍ പ്രകോപനപരമായ ഡയലോഗ് പറയുന്നതും അതിന് വിന്‍സി ചാക്കോയുടെ മുഖത്ത് അടിക്കുന്നതുമാണ് സീനിലുള്ളത്.


സിനിമയ്ക്ക് എല്ലാ കോണുകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പന്‍. ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പാപ്പന്‍. ചിത്രം ഇതിനോടകം 20 കോടിയിലധികം രൂപയാണ് കളക്ഷനായി നേടിയിരിക്കുന്നത്.

എബ്രഹാം മാത്യു മാത്തന്‍ എന്നാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. സുരേഷ് ഗോപിയ്ക്ക്പുറമെ നൈല ഉഷ, കനിഹ, നീത പിള്ള, ഗോകുല്‍ സുരേഷ്, ജനാര്‍ദനന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ആര്‍.ജെ ഷാനാണ് ചിത്രത്തിന്റെ തിരക്കഥ.

Content Highlight: Paappan Movie sucess teaser released