| Thursday, 21st July 2022, 4:37 pm

അഴിക്കുള്ളില്‍ തിരിച്ചടി നേരിട്ട് കുര്യച്ചന്‍; പാല്‍വര്‍ണക്കുതിരമേല്‍ വീഡിയോ ഗാനം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം മലയാളത്തില്‍ എത്തിയ മാസ് ആക്ഷന്‍ ചിത്രമാണ് കടുവ. ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ചിത്രം ഇപ്പോഴും വിജയകരമായി പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തിലെ പാല്‍വര്‍ണക്കുതിരമേല്‍ ഇരുന്നൊരുത്തന്‍ എന്ന ഗാനം ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുകയാണ്. മാജിക് ഫ്രെയിംസ് യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്ത് വിട്ടിരിക്കുന്നത്. ജയിലില്‍ കിടക്കുന്ന കുര്യച്ചന്‍ നേരിടുന്ന തിരിച്ചടികളാണ് ഗാനരംഗങ്ങളിലുള്ളത്.

ജേക്‌സ് ബിജോയ്, ലിബിന്‍ സ്‌കറിയ, മിഥുന്‍ സുരേഷ്, ശ്വേത അശോക് എന്നിവര്‍ ചേര്‍ന്ന് പാടിയിരിക്കുന്ന ഗാനത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ജേക്‌സ് ബിജോയ് തന്നെയാണ്.

അതേസമയം ബോക്‌സ് ഓഫീസില്‍ കടുവയുടെ വേട്ട തുടരുകയാണ്. ആദ്യ നാല് ദിനങ്ങളില്‍ മാത്രം 25 കോടി ചിത്രം നേടിയിരുന്നു. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിങ് കളക്ഷന്‍ ആണിത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേഴ്‌സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.

സിനിമയിലെ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നായക കഥാപാത്രം പറയുന്ന സംഭാഷണം വിവാദമായിരുന്നു. സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്ന് പൃഥ്വിരാജും ഷാജി കൈലാസും ക്ഷമ പറയുകയും ചെയ്തിരുന്നു. സിനിമയിലെ വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയ സംഭാഷണം നീക്കുകയാണെന്നും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നു.

Content Highlight: Paalvarnna Kuthiramel song from kaduva out

We use cookies to give you the best possible experience. Learn more