ന്യൂദല്‍ഹി: നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സഹസ്ഥാപകനും മുന്‍ ലോക്‌സഭാ സ്പീക്കറുമായ പി.എ സാംഗ്മ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ യു.പി.എ സ്ഥാനാര്‍ത്ഥി പ്രണബ് മുഖര്‍ജിക്കെതിരെ മത്സരിക്കുന്നതിന് പാര്‍ട്ടി അംഗത്വം തടസ്സമായ സാഹചര്യത്തിലാണ് രാജി. ജനതാപാര്‍ട്ടി നേതാവ് സുബ്രഹ്മണ്യസ്വാമിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് രാജി.
തന്റെ മുന്നില്‍ വേറെ മാര്‍ഗമില്ലെന്നായിരുന്നു സാംഗ്മയുടെ വിശദീകരണം. താന്‍ എന്‍സിപിയെ അല്ല പ്രതിനിധീകരിക്കുന്നതെന്നും തന്റെ ഗോത്രത്തെയാണെന്നും സാംഗ്മ പറഞ്ഞു. രാഷ്ട്രപതി സ്ഥാനത്തേയ്ക്ക് സാംഗ്മ മത്സരിച്ചേക്കുമെന്നാണ് സൂചന. എന്‍.ഡി.എയുടെ പിന്തുണയോടെയായിരിക്കും മത്സരിക്കുക. ഇതുസംബന്ധിച്ചുള്ള പ്രഖ്യാപനം വൈകീട്ട് എല്‍.കെ അഡ്വാനിയുമായി നടത്തുന്ന കൂടിക്കാഴ്ചക്കുശേഷം ഉണ്ടായേക്കും.
യു.പി.എ സഖ്യകക്ഷിയായ എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍ മത്സരിക്കാനുള്ള സാംഗ്മയുടെ ആഗ്രഹം തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടി നിലപാട് മറികടന്ന് മത്സരിച്ചാല്‍ കടുത്ത നടപടിയുണ്ടാകുമെന്ന് പവാര്‍ അറിയിച്ചുരുന്നു. സാംഗ്മ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കില്ലെന്നും അഥവാ പത്രിക സമര്‍പ്പിച്ചാല്‍ ജൂലൈ നാലിനകം പിന്‍വലിക്കുമെന്നും പവാര്‍ പറഞ്ഞിരുന്നു.
തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത, ഒഡീഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്, ബിജെപി, ജനാതാദള്‍ (യു) തുടങ്ങിയ കക്ഷികളുടെ പിന്തുണ സാംഗ്മയ്ക്കു ലഭിക്കും. മുഖര്‍ജിയെ എതിര്‍ക്കുന്ന മമതാ ബാനര്‍ജിയുടെയും മറ്റു കക്ഷികളുടെയും നിലപാട് നിര്‍ണായകമാണ്. എങ്കിലും വിജയിക്കാനുള്ള ഭൂരിപക്ഷം സാംഗ്മയ്ക്ക് ഇനിയും അകലെയാണ്.