കൊച്ചി: സിനിമയില്‍ അഭിനയിച്ചതിന്റെ പേരില്‍ ആക്രമണത്തിന് ഇരയാവുകയും നാട് കടത്തപ്പെടുകയും ചെയ്ത ദളിത് സ്ത്രീ പി.കെ റോസിയെ കുറിച്ച് പറഞ്ഞ് ഡബ്ല്യു.സി.സിയുടെ രണ്ടാം വാര്‍ഷികാഘോഷ വേദിയില്‍ തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത്.
റോസിയുടെ കാലത്ത് ഇത്തരത്തില്‍ ഒരു കൂട്ടായ്മ ഉണ്ടായിരുന്നെങ്കില്‍ ഈ അനീതിയ്ക്കെതിരേ എതിര്‍പ്പുകള്‍ ഉയര്‍ന്നേനേ എന്നും രഞ്ജിത്ത് പറഞ്ഞു.
‘ആദ്യ ദളിത് അഭിനേത്രി പി കെ റോസിയില്‍ നിന്നാണ് സിനിമയിലെ സ്ത്രീകളുടെ പോരാട്ടം ആരംഭിക്കുന്നത്. റോസിയുടെ കാലത്ത് ഡബ്ല്യു.സി.സി ഉണ്ടായിരുന്നെങ്കില്‍ അന്ന് അതിനൊപ്പം നിന്നേനെ. അങ്ങനെ ആയിരുന്നെങ്കില്‍ അന്നവര്‍ക്ക് വീടുവിട്ട് ഓടിപ്പോകേണ്ടിവരില്ലായിരുന്നു.
റോസിയെ അവരുടെ വീട്ടില്‍ നിന്നും അടിച്ചിറക്കി നാടുകടത്തി, അവര്‍ അഭിനയിച്ച സിനിമ കളിച്ച ക്യാപിറ്റല്‍ തിയേറ്റര്‍ തകര്‍ത്തു. ഈ പോരാട്ടം അവിടെ നിന്നാണ് തുടങ്ങുന്നത്. റോസിയുടെ കാലത്ത് ഡബ്ല്യു.സി.സി പോലൊരു സംഘടനയുണ്ടായിരുന്നെങ്കില്‍ വലിയൊരു പോരാട്ടം നടക്കുമായിരുന്നു.
ആണ്‍-പെണ്‍ വേര്‍തിരിവിനിടയില്‍ തന്നെ ജാതിയും ഒരു പ്രശ്നമായി വന്നാല്‍ അതുവളരെ മോശമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിക്കും. ഇത് മലയാളത്തിലെ മാത്രം കാര്യമല്ല, തമിഴില്‍ ഉള്‍പ്പെടെ എല്ലായിടത്തുമുണ്ട്.’ – പാ രജ്ഞിത് പറഞ്ഞു.
സ്ത്രീകള്‍ അവരുടെ കഥകള്‍ എഴുതിത്തുടങ്ങേണ്ട കാലമാണിതെന്നും രഞ്ജിത്ത് പറഞ്ഞു. ‘എന്റെ സിനിമയില്‍ കരുത്തുള്ള സ്ത്രീകഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ശ്രമിക്കാറുണ്ട്. പക്ഷേ മുഖ്യധാരാ ഫോര്‍മാറ്റിന്റേതായ ദൗര്‍ബല്യങ്ങള്‍ ആ ശ്രമങ്ങളിലൊക്കെയും പ്രതിഫലിക്കും.
ലിംഗപരമായും ജാതിപരമായമുള്ള ഈ വേര്‍തിരിവും അതിക്രമവും സിനിമയില്‍ മാത്രമല്ല, ഒരു സാധരണ കൂലിത്തൊഴില്‍ ചെയ്യുന്നിടത്തും വീടുകളിലുമെല്ലാം മോശമായ കാര്യങ്ങള്‍ നടക്കുന്നുണ്ട്.
സിനിമയില്‍ അത്തരം കാര്യങ്ങളെ എതിര്‍ത്തുകൊണ്ട് ഡബ്ല്യു.സി.സി പോലൊരു സംഘടന മുന്നോട്ടു വരുമ്പോള്‍ ഈ കാലഘട്ടത്തിലെ ശക്തമായൊരു രാഷ്ട്രീയപ്രവര്‍ത്തനം കൂടിയായതിനെ കാണേണ്ടതുണ്ട്.- രഞ്ജിത് പറഞ്ഞു.
ഇന്ന് പലരിലും ഡബ്ല്യുസിസി ഒരു ഭയം ഉണ്ടാക്കിയിട്ടുണ്ടെന്നും മി ടൂ കാമ്പയിന്‍ ശരിയല്ലെന്നും ഇല്ലാത്ത കാര്യങ്ങള്‍ പറയുകയാണ് എന്നൊക്കെ പറഞ്ഞ് എതിര്‍ക്കുമ്പോഴും അവരുടെയുള്ളിലും ഭയമുണ്ടെന്നും ആ ഭയമാണ് തുറന്നു പറയുന്നവരെ കുറ്റക്കാരാക്കാന്‍ നോക്കുന്നതിനു പിന്നിലെന്നും രഞ്ജിത് പറഞ്ഞു.
നമ്മുടെ സിനിമകള്‍ ശ്രദ്ധിച്ചു നോക്കൂ. സ്ത്രീ കഥാപാത്രങ്ങള്‍ക്ക് എന്ത് പ്രാധാന്യമാണ് ഉള്ളത്? എത്രനേരം ഉണ്ടാകും സ്ത്രീകള്‍. നായികയ്ക്കുപോലും ഇരുപത് മിനിട്ട് സമയം സിനിമയില്‍ കിട്ടിയാല്‍ അത് തന്നെ വലിയ കാര്യമാണ്. എന്റെ സിനിമകളില്‍ ഞാനൊരിക്കലും സ്ത്രീകഥാപാത്രങ്ങളെ താഴ്ത്തിക്കെട്ടാന്‍ നോക്കിയിട്ടില്ല, ശക്തരായ സ്ത്രീകളെ തന്നെയാണ് അവതരിപ്പിക്കാറ്.
ഒരു ദൈവപുത്രന്‍ പിറന്നു വന്ന് നിന്നെ രക്ഷിക്കുമെന്നു പറഞ്ഞു കാത്തിരിക്കാതെ നമ്മള്‍ക്ക് കഴിയുന്നത് നമ്മള്‍ തന്നെ ചെയ്യൂ. നമുക്ക് എന്തു ചെയ്യാമെന്ന് നാം കാണിച്ചുകൊടുക്കണം. അതാണ് ഡബ്ല്യു.സി.സി ചെയ്തത്. ഇത്രയും പ്രശ്നങ്ങള്‍ താണ്ടി ഇന്ന് ഇന്ത്യയൊട്ടാകെ ചര്‍ച്ച ചെയ്യുന്നൊരു പ്രസ്ഥാനമായി ഡബ്ല്യൂ.സി.സി മാറിയെന്നും പാ രഞ്ജിത് പറഞ്ഞു.