വ്യക്തമായ രാഷ്ട്രീയം തന്റെ സിനിമകളിലൂടെ സംസാരിക്കുന്ന വ്യക്തിയാണ് പാ. രഞ്ജിത്. 2012-ല്‍ പുറത്തിറങ്ങിയ ആട്ടകത്തി ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. 2014-ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചിത്രം വിമര്‍ശകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി. പാ. രഞ്ജിത് സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമ തങ്കലാന്‍ ഓഗസ്റ്റ് 15ന് റിലീസ് ചെയ്തിരുന്നു.
തന്നെ ഏറ്റവും കൂടുതല്‍ അത്ഭുതപ്പെടുത്തിയ സിനിമ സുബ്രഹ്‌മണ്യപുരം ആണെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് പാ. രഞ്ജിത്. സുബ്രമണ്യപുരത്തില്‍ സമുദ്രക്കനി അവതരിപ്പിച്ച കഥാപാത്രം, വിദ്യാഭ്യാസമുള്ളവര്‍ക്ക് ജാതി ഒന്നും ഉണ്ടാകില്ലെന്ന് പറയുന്നത് ആദ്യം ബ്രേക്ക് ചെയ്ത കഥാപാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘നഗരത്തില്‍ ജീവിക്കുന്നവര്‍ക്ക് ഗ്രാമത്തില്‍ വേരുകള്‍ കാണും. അത് മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സിനിമയാണ് സുബ്രഹ്‌മണ്യപുരം. ആ സിനിമയില്‍ രണ്ട് കഥാപാത്രങ്ങളുണ്ട്. ഒന്ന് ഒരു രാഷ്ട്രീയകാരന്‍, മറ്റൊന്ന് പഠിച്ച ക്ലര്‍ക്ക് പോലത്തെ ജോലിചെയ്യുന്ന ആളും. രാഷ്ട്രീയകാരനെക്കാളും ആ സിനിമയില്‍ ക്ലര്‍ക്ക് ചെയ്യുന്ന കാര്യങ്ങള്‍ വളരെ വലുതാണ്.
പയ്യന്മാരെ വിളിച്ച് ഇവരാണ് വഴക്കുണ്ടാക്കുന്നത് എന്നൊക്കെ പറയുന്നു, ആ ക്യാരക്ടര്‍ വളരെ മികച്ചതാണ്. ഇന്നും ഞാന്‍ കണ്ട് അത്ഭുതപ്പെടുന്ന സിനിമയാണ് സുബ്രഹ്‌മണ്യപുരം. ഒരുപാട് ലയറുകളുള്ള സിനിമയാണ് അത്. നഗരത്തില്‍ ജീവിക്കുന്നവരെ കാണിക്കുന്നതാണ് സുബ്രമണ്യപുരത്തിലെ ആ വിദ്യാഭ്യാസമുള്ള കഥാപാത്രം.
സമുദ്രക്കനി ആ റോള്‍ വളരെ ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാഭ്യാസമുള്ളവര്‍ക്ക് ജാതി ഒന്നും ഉണ്ടാകില്ലെന്ന് പറയുന്നത് ആദ്യം ബ്രേക്ക് ചെയ്തത് ആ കഥാപാത്രമാണ്,’ പാ. രഞ്ജിത് പറയുന്നു.
ശശികുമാര്‍ രചനയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച് 2008ല്‍ പുറത്തിറങ്ങിയ സിനിമയാണ് സുബ്രഹ്‌മണ്യപുരം. ശശികുമാര്‍, ജയ്, സ്വാതി, സമുദ്രക്കനി, ഗഞ്ച കറുപ്പ് തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.