| Thursday, 15th August 2024, 7:04 pm

ഇവര്‍ക്കൊക്കെ എന്റെ അത്തരം സിനിമകള്‍ ഹിറ്റാണെന്ന് പറയുന്നത് തന്നെ നാണക്കേടാണ്: പാ. രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമയിലെ കരുത്തരായ സംവിധായകരില്‍ ഒരാളാണ് പാ. രഞ്ജിത്ത്. 2012ല്‍ പുറത്തിറങ്ങിയ ചിത്രമായ ആട്ടകത്തി ആയിരുന്നു അദ്ദേഹം സംവിധാനം ചെയ്ത ആദ്യത്തെ സിനിമ. 2014ല്‍ രഞ്ജിത്ത് സംവിധാനം ചെയ്ത മദ്രാസ് എന്ന ചലച്ചിത്രം വിമര്‍ശകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും അനുകൂലമായ അഭിപ്രായം സ്വന്തമാക്കി.

പാ. രഞ്ജിത്തിന്റെ സിനിമകളിലെല്ലാം വ്യക്തമായ രാഷ്ട്രീയം കാണാന്‍ കഴിയും. മുഖ്യധാരാ സിനിമകളില്‍ പൊതുവെ ചര്‍ച്ച ചെയ്യപ്പെടാത്ത വിഷയങ്ങള്‍ പാ. രഞ്ജിത്ത് തന്റെ സിനിമകളിലൂടെ ഒട്ടും മായം ചേര്‍ക്കാതെ അവതരിപ്പിക്കാറുണ്ട്.

സംവിധായകനായി അദ്ദേഹം ആദ്യം ചെയ്ത സിനിമ തന്നെ ഹിറ്റായിരുന്നു. എന്നാല്‍ താന്‍ ചെയ്ത സിനിമകള്‍ ഹിറ്റ് ആണെന്ന് പറയാന്‍ ഇവിടെ സിനിമകളെ കുറിച്ച് എഴുതുന്നവര്‍ക്ക് ബുദ്ധിമുട്ടുന്നെന്ന് ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് പാ. രഞ്ജിത്ത്.

‘എന്റെ സിനിമയൊക്കെ ഹിറ്റാണെന്ന് പറയാന്‍ പോലും ആളുകള്‍ക്ക് മടിയാണ്. ആട്ടകത്തി സിനിമ ഹിറ്റാണെന്ന് ആരും പറയാറുപോലുമില്ല. അതാണ് പ്രശ്‌നം തന്നെ. ആട്ടകത്തി തിയേറ്ററില്‍ വിജയമായിരുന്നു. എന്നാലും പറയുമ്പോള്‍ ആട്ടകത്തി ഒരു സ്ലീപ്പര്‍ ഹിറ്റ് ആണെന്നാണ് പറയുന്നതും എഴുതുന്നതും.

ഇങ്ങനത്തെ ഒരു സിനിമ വലിയ വിജയമാണെന്ന് പറയാന്‍ സാധാരണ ഫിലിം ഇന്‍ഡസ്ട്രിയെ കുറിച്ച് എഴുതുന്ന ആളുകള്‍ക്ക് ഭയങ്കര ബുദ്ധിമുട്ടാണ്. ആകെ അവര്‍ ഹിറ്റ് ആണെന്ന് പറഞ്ഞ എന്റെ ഒരേ ഒരു സിനിമ സര്‍പ്പട്ട പരമ്പരെ ആണ്. എന്നാലും ചിലര്‍ അതിനെയും കുറ്റം പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട സിനിമയാണ് സര്‍പ്പട്ട പരമ്പരെ.

വികടന്‍ പോലെയുള്ളവര്‍ സര്‍പ്പട്ട പരമ്പരെയെ വരെ കുറ്റം പറയുന്നു. ഇവര്‍ക്കൊക്കെ ഇങ്ങനത്തെ സിനിമകള്‍ വിജയിക്കുന്നു എന്ന് പറയുന്നത് തന്നെ നാണക്കേടാണ്,’ പാ. രഞ്ജിത്ത് പറയുന്നു.

Content Highlight: Pa. Ranjith Talks About his Film Attakathi and Sarpatta Parambarai

We use cookies to give you the best possible experience. Learn more