| Sunday, 1st September 2024, 12:34 pm

ബോളിവുഡിലേക്ക് ചുവടുവെക്കാന്‍ ഒരുങ്ങി പാ. രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2012ല്‍ പുറത്തിറങ്ങിയ ആട്ടക്കത്തിയിലൂടെയാണ് രഞ്ജിത് സിനിമാരംഗത്തേക്കെത്തുന്നത്. 12 വര്‍ഷത്തെ കരിയറില്‍ എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത് തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ സിനിമയിലൂടെ പ്രതിഫലിപ്പിച്ചു. ചിയാന്‍ വിക്രം നായകനായ തങ്കലാനാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം.

തമിഴിലെ തിരക്കുള്ള സംവിധായകനായ പാ. രഞ്ജിത് തന്റെ ബോളിവുഡിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് സംസാരിക്കുകയാണ്. ബിര്‍സ മുണ്ട എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ സഹ രചയിതാവും പാ രഞ്ജിത്താണ്. പിങ്ക് വില്ലക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഞാനും എന്റെ ഒരു സുഹൃത്തും ചേര്‍ന്ന് ഒരുക്കിയ തിരക്കഥയെ അടിസ്ഥാനമാക്കി ഞാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയാണ് ബിര്‍സ മുണ്ട. ഹിന്ദിയില്‍ എന്റെ ആദ്യത്തെ പ്രൊജക്ട് ആണ് ബിര്‍സ മുണ്ട.

കുറേകാലമായി അവര്‍ എന്നെ ഹിന്ദിയിലേക്ക് ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പറയാറായിട്ടില്ല. എന്നാല്‍ വൈകാതെ തന്നെ ചിത്രത്തിന്റെ ഒഫീഷ്യല്‍ അനൗണ്‍സ്‌മെന്റ് ഉണ്ടാകും. അപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ പറയാം,’ പാ. രഞ്ജിത് പറയുന്നു.
അക്ഷയ് കുമാര്‍, രണ്‍വീര്‍ സിങ് തുടങ്ങിയ അഭിനേതാക്കളില്‍ ആരെങ്കിലുമായിരിക്കും പാ. രഞ്ജിത്തിന്റെ ആദ്യ ഹിന്ദി സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് ഇന്‍ഡസ്ട്രിയില്‍ നിന്ന് പുറത്തുവരുന്ന പുതിയ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. എന്നാല്‍ സംവിധായകനോ നിര്‍മാതാവോ ആരും തന്നെ ഇക്കാര്യം ഉറപ്പിച്ചിട്ടില്ല.

അതേ സമയം ഈ വര്‍ഷമാദ്യം ഇറങ്ങിയ ഷാരുഖ് ഖാന്‍ ചിത്രം ജവാന്‍ ആയിരം കോടിക്ക് മുകളിലാണ് ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. തമിഴില്‍ ഒട്ടനവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്ത അറ്റ്ലിയുടെ ആദ്യ ബോളിവുഡ് ചിത്രമാണ് ജവാന്‍. അറ്റ്‌ലിക്ക് മുന്‍പ് എ.ആര്‍. മുരുഗദോസ്, ഗൗതം മേനോന്‍, മണിരത്‌നം തുടങ്ങിയ തമിഴ് സിനിമ സംവിധായകരും ഹിന്ദിയില്‍ സിനിമ ചെയ്ത് ഹിറ്റാക്കിയിരുന്നു. ഇവരുടെ പാത പിന്തുടരുകയാണ് പാ. രഞ്ജിത്തും.
Content Highlight: Pa. Ranjith  Talks About  His Bollywood Debut

We use cookies to give you the best possible experience. Learn more