ചെന്നൈ: തമിഴ് നടന്‍ സൂര്യയ്ക്ക് പിന്തുണയുമായി സംവിധായകന്‍ പാ രഞ്ജിത്ത്. ‘വി സ്റ്റാന്‍ഡ് വിത്ത് സൂര്യ’ എന്ന് ഫേസ്ബുക്കില്‍ കുറിച്ചുകൊണ്ടാണ് അദ്ദേഹം നിലപാടറിയിച്ചത്.
‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിലുള്ളവരെ മോശമായി ചിത്രീകരിച്ചു എന്നാരോപിച്ചുകൊണ്ട് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ സൂര്യയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് പാ രഞ്ജിത്ത് തന്റെ നിലപാടറിയിച്ചിരിക്കുന്നത്.
സൂര്യയ്ക്ക് പിന്തുണയറിയിച്ചുകൊണ്ട് നിരവധിപേര്‍ ഇതിനോടകം തന്നെ രംഗത്തു വന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട് ട്വിറ്ററടക്കമുള്ള സാമൂഹ്യമാധ്യമങ്ങളില്‍ ഹാഷ്ടാഗ് ക്യാംപെയിനുകളും നടന്നിരുന്നു.
സൂര്യ, ജ്യോതിക, സംവിധായകന്‍ ടി.ജെ. ജ്ഞാനവേല്‍, ആമസോണ്‍ പ്രൈം വീഡിയോ എന്നിവര്‍ മാപ്പ് പറയണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുകൊണ്ടായിരുന്നു വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ വക്കീല്‍ നോട്ടീസ് അയച്ചത്.
‘ജയ് ഭീം’ സിനിമയില്‍ വണ്ണിയാര്‍ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് പി.എം.കെ. നേതാവ് അന്‍പുമണി രാമദാസ് എം.പിയും കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. സിനിമക്കെതിരേ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന്‍ സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു.
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ മറ്റാെരു സമുദായത്തെ മോശമായി ചിത്രീകരിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും സിനിമയില്‍ വണ്ണിയാര്‍ സമുദായത്തിനെതിരായ പരാമര്‍ശം വികാരമുണ്ടാക്കുന്നുണ്ടെന്നുമായിരുന്നു കത്തില്‍ പറഞ്ഞത്.
ചിത്രത്തിലെ ക്രൂരനായ പോലീസുകാരന്‍ യഥാര്‍ഥത്തില്‍ വണ്ണിയാര്‍ സമുദായാംഗമല്ലെങ്കില്‍ക്കൂടിയും അത്തരത്തില്‍ ചിത്രീകരിക്കാനുള്ള ശ്രമമുണ്ടായെന്നാണ് വണ്ണിയാര്‍ സമുദായത്തിലുള്ളവര്‍ പറയുന്നത്.
സമുദായാംഗങ്ങള്‍ക്ക് ഇതില്‍ വേദനയും അമര്‍ഷവുമുണ്ട്. തെറ്റ് ചൂണ്ടിക്കാട്ടിയിട്ടും സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിച്ചിട്ടില്ല. ഇങ്ങനെയാണെങ്കില്‍ അടുത്ത സിനിമകള്‍ റിലീസാകുമ്പോള്‍ പ്രേക്ഷകരും ദേഷ്യം കാണിക്കും. അത് ഒഴിവാക്കാവുന്നതാണെന്നും കത്തില്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം