| Saturday, 14th September 2019, 6:05 pm

'സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമ്പോള്‍ ഭാഷ അടിച്ചേല്‍പ്പിക്കുന്നു'; അമിത് ഷായുടെ 'ഹിന്ദി നയ'ത്തിനെതിരെ പാ രഞ്ജിത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: ഹിന്ദിക്ക് രാജ്യത്തെ ഒന്നിച്ചു നിര്‍ത്താന്‍ ശേഷിയുണ്ടെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയ്‌ക്കെതിരെ തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്ത്. ഹിന്ദി അടിച്ചേല്‍പ്പിക്കുന്നതിനു പകരം ജനങ്ങളുടെ യഥാര്‍ഥ പ്രശ്‌നങ്ങളാണു കേന്ദ്രസര്‍ക്കാര്‍ അഭിസംബോധന ചെയ്യേണ്ടതെന്ന് രഞ്ജിത്ത് ട്വീറ്റ് ചെയ്തു.

തമിഴിലായിരുന്നു രഞ്ജിത്തിന്റെ ട്വീറ്റ്. ‘സമ്പദ്‌വ്യവസ്ഥ മന്ദഗതിയിലാകുമ്പോള്‍ ഇന്ത്യ പോലെ വൈവിധ്യങ്ങളുള്ള രാജ്യത്ത് ഒരു ഭാഷ അടിച്ചേല്‍പ്പിക്കുന്നത് ജനങ്ങളുടെ ഐക്യം തകരാന്‍ കാരണമാകും. യഥാര്‍ഥ വിഷയങ്ങള്‍ പരിഹരിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ശ്രദ്ധ നല്‍കണം.’- രഞ്ജിത്ത് പറഞ്ഞു.

ഹിന്ദി അടിച്ചേല്‍പ്പിക്കാനുള്ള ശ്രമങ്ങള്‍ എതിര്‍ക്കുമെന്നു വ്യക്തമാക്കിയ ഡി.എം.കെ നേതാവ് എം.കെ സ്റ്റാലിന്‍ അമിത് ഷാ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അതേസമയം ഷായുടെ പ്രസ്താവന കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഏറ്റെടുത്തിരുന്നു.

‘ഒരു ഭാഷയ്ക്ക് ആളുകളെ പ്രചോദിപ്പിക്കാനും ഒരുമിപ്പിച്ച് നിര്‍ത്താനും സാധിയ്ക്കും. നമുക്ക് നമ്മുടെ ഐക്യം ദേശീയഭാഷയായ ഹിന്ദിയിലൂടെ ശക്തിപ്പെടുത്താം. നമ്മുടെ ജോലികളില്‍ മാതൃഭാഷയ്ക്കൊപ്പം ഹിന്ദിയും നമുക്ക് ഉപയോഗിക്കാം. ഹിന്ദി ദിനാചരണത്തിന് എന്റെ എല്ലാ ആശംസകളും.’ ആരിഫ് മുഹമ്മദ് ഖാന്‍ ട്വീറ്റ് ചെയ്തു.

ഹിന്ദി ഇന്ത്യയുടെ പ്രാഥമിക ഭാഷയാക്കണമെന്നും ഒരു ഭാഷയ്ക്ക് ഇന്ന് ഇന്ത്യയെ ഒന്നിപ്പിക്കാന്‍ കഴിയുമെങ്കില്‍ അത് വ്യാപകമായി സംസാരിക്കുന്ന ഹിന്ദിയാണെന്നും അമിത് ഷാ പറഞ്ഞിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

വൈവിധ്യങ്ങള്‍ തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് അമിത് ഷായുടെ പ്രസ്താവനയെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു.

We use cookies to give you the best possible experience. Learn more