തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് പാ. രഞ്ജിത്. 2012ല്‍ പുറത്തിറങ്ങിയ ആട്ടക്കത്തിയിലൂടെയാണ് രഞ്ജിത്ത് സിനിമാരംഗത്തേക്കെത്തുന്നത്. 12 വര്‍ഷത്തെ കരിയറില്‍ എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത്ത് തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ സിനിമയിലൂടെ പ്രതിഫലിപ്പിച്ചു.
മലയാളത്തില്‍ സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് മനോരമ ന്യൂസില്‍ മറുപടി നല്‍കുകയാണ് സംവിധായകന്‍ പാ. രഞ്ജിത്ത്. മലയാളത്തില്‍ ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് താന്‍ ഇതുവരെയും ചിന്തിച്ചിട്ടില്ലെന്നും തമിഴും മലയാളവും തമ്മില്‍ ഭാഷയുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വലിയ വ്യത്യാസമുള്ളതായി തനിക്ക് തോന്നിയിട്ടില്ലെന്നും പാ. രഞ്ജിത്ത് പറയുന്നു.
അയ്യങ്കാളിയുടെ ആദര്‍ശങ്ങളെ കുറിച്ചെല്ലാം അറിഞ്ഞപ്പോള്‍ വളരെ ആവേശമായിരുന്നു – പാ. രഞ്ജിത്ത്
അയ്യങ്കാളിയെ കുറിച്ച് സിനിമ ചെയ്യാന്‍ തനിക്ക് താത്പര്യമുണ്ടെന്നും അതിനുവേണ്ടി പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അയ്യങ്കാളിയുടെ ആദര്‍ശങ്ങളെ കുറിച്ചറിഞ്ഞപ്പോള്‍ തനിക്ക് വലിയ ആവേശം തോന്നിയെന്നും പാ. രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു.
‘മലയാളത്തില്‍ ഒരു സിനിമ ചെയ്യാന്‍ ഇതുവരെയും ഞാന്‍ ചിന്തിച്ചിട്ടില്ല. മലയാളവും തമിഴും ഏകദേശം ഒരുപോലെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഭാഷയില്‍ വരെ വലിയ വ്യത്യാസം തോന്നിയിട്ടില്ല.
എന്നാല്‍ അയ്യങ്കാളിയെ കുറിച്ച് സിനിമ ചെയ്യണം എന്ന് എനിക്ക് താത്പര്യമുണ്ട്.
അദ്ദേഹത്തെ കുറിച്ച് ഞാന്‍ പഠിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ആദര്‍ശങ്ങളെ കുറിച്ചെല്ലാം അറിഞ്ഞപ്പോള്‍ വളരെ ആവേശമായിരുന്നു. എന്നാല്‍ അത് തമിഴില്‍ എടുത്താലും കേരളത്തിലും തമിഴ് നാട്ടിലും ഒരുപോലെ വര്‍ക്ക് ആകുമെന്നാണ് എനിക്ക് തോന്നുന്നത്,’ പാ. രഞ്ജിത്ത് പറയുന്നു.
പൊളിറ്റിക്കല്‍ കറക്ട്‌നെസ്സ് സിനിമയുടെ ക്രിയേറ്റിവിറ്റിയെ ബാധിക്കുമോ എന്ന ചോദ്യത്തിനും പാ. രഞ്ജിത്ത് മറുപടി നല്‍കി. ക്രിയേറ്റിവിറ്റിയും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും രണ്ടും രണ്ടല്ല എന്നാണ് തനിക്ക് തോന്നിയിട്ടുള്ളതെന്നും ഒന്ന് മറ്റൊന്നില്‍ ഇന്റെര്‍ലിങ്കാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ക്രിയേറ്റിവിറ്റിയും പൊളിറ്റിക്കല്‍ കറക്ട്‌നെസ്സും രണ്ടും രണ്ടല്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ക്രിയേറ്റിവിറ്റി ഒരു സമൂഹത്തില്‍ നിന്നാണ് ഉണ്ടാകുന്നത്. സമൂഹത്താല്‍ മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ടുതന്നെ ഒന്ന് മറ്റൊന്നില്‍ ഇന്റെര്‍ലിങ്കായതാണ്,’ പാ. രഞ്ജിത്ത് പറഞ്ഞു.
Content highlight: Pa Ranjith says he is interested to make a film about Ayyankali