| Monday, 9th August 2021, 9:04 am

പ്രധാനപ്പെട്ട നടന്‍മാരുടെ കഥാപാത്രങ്ങളെ മാറ്റിക്കൊടുക്കേണ്ടി വന്നു, ചിലര്‍ തിരിച്ച് വന്നില്ല; സാര്‍പ്പട്ട പരമ്പരൈയെക്കുറിച്ച് പാ രഞ്ജിത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാ രഞ്ജിത്ത് സംവിധാനം ചെയ്ത സാര്‍പ്പട്ട പരമ്പരൈ സൗത്ത് ഇന്ത്യന്‍ സിനിമാലോകത്ത് ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന സിനിമയാണ്. ലോക്ഡൗണ്‍ കാലത്താണ് പാ രഞ്ജിത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് നിര്‍വഹിച്ചത്.

അതിനാല്‍ തന്നെ ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ചിത്രം റിലീസ് ചെയ്യാന്‍ കഴിഞ്ഞതെന്ന് പറയുകയാണ് സംവിധായകന്‍.

‘പല സീനുകളും ചിത്രീകരിക്കാന്‍ ആള്‍ക്കൂട്ടം വേണമായിരുന്നു. ലോക്ഡൗണില്‍ ആള്‍ക്കൂട്ടത്തെ വെച്ച് ഷൂട്ട് ചെയ്യുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ചിത്രീകരണത്തിനിടയില്‍ ചിലര്‍ക്ക് കൊറോണ പിടിപെട്ടിരുന്നു.

അവര്‍ക്ക് സെറ്റ് വിട്ടുപോവേണ്ടി വന്നു, ചിലരൊന്നും മടങ്ങി വന്നതുമില്ല. അസുഖം കാരണം ഷൂട്ടിംഗ് പൂര്‍ത്തീകരിക്കാന്‍ കഴിയാത്തതില്‍ പ്രധാന കഥാപാത്രങ്ങള്‍ ചെയ്യുന്ന നടന്‍മാര്‍ വരെയുണ്ടായിരുന്നു. ഞങ്ങള്‍ക്ക് ഷൂട്ടും എഡിറ്റുമെല്ലാം വീണ്ടും ചെയ്യേണ്ടി വന്നു. ചിലരുടെ കഥാപാത്രങ്ങള്‍ മാറ്റിക്കൊടുക്കേണ്ടിയും വന്നു,’ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് സംസാരിക്കവേ പാ രഞ്ജിത്ത് പറഞ്ഞു.

ബോക്‌സിങ്ങിന്റെ ഓരോ ഫ്രെയിമുകളും വളരെ പ്രധാനപ്പെട്ടതായിരുന്നുവെന്നും അത്രയും സൂക്ഷിച്ചാണ് ഷൂട്ട് ചെയ്തതെന്നും പാ രഞ്ജിത്ത് പറയുന്നു.
സിനിമ സംഭവിക്കുന്ന കാലഘട്ടത്തിലെ രാഷ്ട്രീയത്തെ അടയാളപ്പെടുത്താന്‍ ശ്രമിച്ചതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.

‘1975നും 78നും ഇടയിലുള്ള കഥയാണ് പറയുന്നത്. ഡി.എം.കെയാണ് അന്നത്തെ സര്‍ക്കാര്‍. 1972ല്‍ രൂപം കൊണ്ട എം.ജി.ആര്‍ നയിച്ച എ.ഐ.എ.ഡി.എം.കെ അന്ന് പ്രാദേശിക പാര്‍ട്ടികളായി വളര്‍ന്നുവരുന്നതേയുള്ളൂ. രാഷ്ട്രീയ പാര്‍ട്ടികള്‍ സ്വീകരിച്ചുപോന്ന നിലപാടുകളെ സിനിമയില്‍ കാണിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പാര്‍ട്ടിക്ക് അനുകൂലമായോ പ്രതികൂലമായോ അല്ല സിനിമ സംസാരിക്കുന്നത്.

അന്ന് ചില ഡി.എം.കെ കുടുംബങ്ങളില്‍ പോലും എം.ജി.ആറിനെ പിന്തുണക്കുന്നവര്‍ ഉണ്ടായിരുന്നു. പശുപതി അവതരിപ്പിച്ച രങ്കന്‍ വാതിയാരും അദ്ദേഹത്തിന്റെ കുടുംബവും അതിനൊരു ഉദാഹരമാണ്. രണ്ട് പാര്‍ട്ടികളും ചെയ്ത പ്രവര്‍ത്തനങ്ങളെക്കുറിച്ച് ഞാന്‍ ചിത്രത്തില്‍ കാണിച്ചിട്ടുണ്ട്.

അടിയന്തിരാവസ്ഥ കാലത്തെ മുന്നില്‍ നിന്ന് എതിര്‍ത്ത പാര്‍ട്ടിയാണ് ഡി.എം.കെ. പാര്‍ട്ടിയെ അത് പലതരത്തിലും ബാധിക്കുകയും ചെയ്തിരുന്നു. അന്നെല്ലാം പാര്‍ട്ടിക്ക് പിന്തുണ പ്രഖ്യാപിച്ച് ഡി.എം.കെയുടെ ചിഹ്നങ്ങളുള്ള ജാക്കറ്റുകള്‍ ധരിച്ച് ബോക്സര്‍മാര്‍ റിങ്ങില്‍ ഇറങ്ങുമായിരുന്നുവെന്ന് മുതിര്‍ന്ന ചിലര്‍ എന്നോട് പറഞ്ഞിട്ടുണ്ട്. അന്ന് എ.ഐ.എ.ഡി.എം.കെയും വികസിച്ച് വരുന്ന സമയമാണ്.

1980കളാണ് സിനിമയില്‍ ഞാന്‍ കാണിച്ചിരുന്നതെങ്കില്‍ എ.ഐ.എ.ഡി.എം.കെ ആവുമായിരുന്നു പ്രധാന പാര്‍ട്ടി,’ പാ രഞ്ജിത്തിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Pa Ranjith says about lockdown shoot

We use cookies to give you the best possible experience. Learn more