| Friday, 8th September 2017, 11:26 pm

'ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്, ഇവിടെ ജാതിവിവേചനമുണ്ടെന്ന് ഇനിയെങ്കിലും നിങ്ങള്‍ സമ്മതിക്കണം'; വേദിയില്‍ പൊട്ടിത്തെറിച്ച് പാ രഞ്ജിത്ത്, വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: അരിയാളൂരില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തിനെ തുടര്‍ന്ന് ദളിത് വിദ്യാര്‍ത്ഥിനിയായ അനിത ആത്മഹത്യ ചെയ്ത സംഭവം തമിഴ്‌നാട്ടില്‍ വലിയ തരത്തിലുള്ള ദളിത് ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. അനിതയുടെ ആത്മഹത്യ ദളിത് വിഷയമായിട്ടാണോ ചര്‍ച്ച ചെയ്യേണ്ടത് എന്നാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. വിവാദത്തെ ദളിത് വിഷയമായിട്ടല്ല ചര്‍ച്ച ചെയ്യേണ്ടതെന്ന് ഒരു വിഭാഗം ഇപ്പോളും പറഞ്ഞു കൊണ്ടിരിക്കുകയാണ്. ഈ ചര്‍ച്ചകള്‍ക്ക് കൂടുതല്‍ വ്യാപ്തി പകരുന്ന പ്രതികരണവുമായി പ്രശസ്ത തമിഴ് സംവിധായകന്‍ പാ രഞ്ജിത്ത് രംഗത്തെത്തിയിരിക്കുകയാണ്.

രജനികാന്തിനെ നായകനാക്കി സംവിധാനം ചെയ്ത കബാലിയിലൂടെ പ്രശസ്തനായ രഞ്ജിത്ത് ദളിത് വിഷയങ്ങളില്‍ ആഴത്തില്‍ ഇറങ്ങിച്ചെല്ലുന്നയാളാണ്. രഞ്ജിത്ത് ദളിത് കുടുംബത്തില്‍ നിന്നായാളുമാണ്.

ചെന്നൈയില്‍ ഒരു പരിപാടിക്കിടെ അനിതയുടെ ആത്മഹത്യയെ ദളിത് വിഷയമായി ഉയര്‍ത്തി കൊണ്ടു വരേണ്ടതില്ലെന്ന സംവിധായകന്‍ അമീറിന്റെ പ്രസ്താവനയ്‌ക്കെതിരെ അതേ വേദിയില്‍ പൊട്ടിത്തെറിച്ചു കൊണ്ട് രഞ്ജിത്ത് മറുപടി നല്‍കുകയായിരുന്നു. അമീര്‍ സംസാരിച്ചു കൊണ്ടിരിക്കെ മൈക്ക് കയ്യിലെടുത്തായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

” ഞങ്ങളിന്നും ജീവിക്കുന്നത് ദളിതരായാണ്. ഗ്രാമങ്ങളില്‍ ഇന്നും ചേരി തിരിവുണ്ട്. ദളിതര്‍ക്ക് വേറെയിടമാണ് എല്ലായിടത്തും. ഞാനിന്നും ഒരു ചേരിയിലാണ് ജീവിക്കുന്നത്. ഈ വേര്‍തിരിവില്ലാത്ത ഒരു ഗ്രാമമെങ്കിലും നിങ്ങള്‍ക്ക് കാണിച്ചു തരാന്‍ കഴിയുമോ?” എന്നായിരുന്നു രഞ്ജിത്തിന്റെ പ്രതികരണം.

രോക്ഷാകുലനായി രഞ്ജിത്തിനെ ശാന്തനാക്കാനായി അമീര്‍ വീണ്ടും തന്റെ വാക്കുകള്‍ വ്യക്തമാക്കാന്‍ ശ്രമിച്ചത് ജാതി വിവേചനം ഒരു യാഥാര്‍ത്ഥ്യമാണെന്നും എന്നാല്‍ നമ്മള്‍ അവിടെ നിന്നും ഒരുപാട് മുന്നോട്ട് പോന്നെന്നും അനിതയുടെ വിഷയം ആ കണ്ണിലൂടെ കാണേണ്ടതില്ലെന്നുമായിരുന്നും പറഞ്ഞായിരുന്നു. എന്നാല്‍ രഞ്ജിത്ത് കൂടുതല്‍ ശക്തമായി തിരിച്ചടിച്ചു. “ഇല്ല ഞങ്ങളിന്നും അത് മറി കടന്നിട്ടില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.


Also Read:  ‘ആക്രമികള്‍ ഉണര്‍ന്നിരിക്കുന്നു; അതു കൊണ്ടാണല്ലോ നിങ്ങളില്‍ എത്രപേര്‍ക്ക് അവരെ അറിയാം എന്ന് അയാള്‍ പരസ്യമായി ചോദിച്ചത്’; ടി.ജി മോഹന്‍ദാസിനെതിരെ ആഞ്ഞടിച്ച് ബെന്യാമിന്‍


വീണ്ടും രഞ്ജിത്തിനെ ശാന്തനാക്കാന്‍ ശ്രമവുമായി അമീറെത്തി. 2000 വര്‍ഷത്തെ ദേഷ്യത്തില്‍ നിന്നുമാണ് രഞ്ജിത്ത് സംസാരിക്കുന്നതെന്നായിരുന്നു അമീര്‍ പറഞ്ഞത്.” നിങ്ങളിത് അംഗീകരിച്ചേ മതിയാകൂ. അംഗീകരിക്കാതെ എത്രനാള്‍ നിങ്ങള്‍ക്ക് മുന്നോട്ട് പോകാന്‍ കഴിയും. ഇനിയും എത്രനാള്‍ നിങ്ങള്‍ തമിഴന്‍, തമിഴന്‍ എന്നു പറഞ്ഞ് നടക്കും.” രഞ്ജിത്ത് തിരിച്ചടിച്ചു.

രഞ്ജിത്തിന്റെ വാക്കുകള്‍ കയ്യടിയോടെയാണ് കാഴ്ച്ചക്കാര്‍ സ്വീകരിച്ചതെന്നതും ശ്രദ്ധേയമാണ്. “ആളുകള്‍ ചര്‍ച്ച ചെയ്യുന്നത് അനിതയെ ദളിത എന്ന് സംബോധന ചെയ്യണോ എന്നാണ്. വരു നമുക്ക് ഓരോ ഗ്രാമത്തിലൂടേയും പോകാം. എന്നിട്ട് എങ്ങനെയാണ് ഞങ്ങളെ ജാതിയുടെ പേര് പറഞ്ഞ് വേര്‍തിരിച്ചിരിക്കുന്നതെന്ന് കാണാം. എന്തിന് ഈ നഗരത്തില്‍ തന്നെ ഒരു ദളിതന് വീട് വാടകയ്ക്ക് കൊടുക്കാന്‍ എത്ര പേര്‍ തയ്യാറാകും. എത്ര പേര് ചോദിക്കും നീ ഏന്ത് ഇറച്ചിയാണ് കഴിച്ചത്.” രഞ്ജിത്ത് കൂട്ടിച്ചേര്‍ത്തു. അനിതയുടെ മരണത്തിന് ശേഷമെങ്കിലും ജാതി വിവേചനം നിലനില്‍ക്കുന്നുവെന്ന് സമ്മതിക്കാന്‍ നാം തയ്യാറാകണമെന്നും രഞ്ജിത്ത് വ്യക്തമാക്കി.

“വിഷയം വളരെ ലളിതമാണ്. ജാതിയുടെ പേരില്‍ വേര്‍ തിരിവുകളുള്ള ഈ സമൂഹത്തില്‍ ഒരു ജാതിയും ഉണ്ടാവരുതെന്നാണ് എന്റെ ആഗ്രഹം.” എന്നു പറഞ്ഞാണ് രഞ്ജിത്ത് തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്. ഇതോടെ രഞ്ജിത്തിന്റെ വാക്കുകളില്‍ സത്യമുണ്ടെന്നും അതിനാല്‍ കൂടുതല്‍ ആഴത്തിലുള്ള ചര്‍ച്ച വിഷയത്തില്‍ വേണമെന്നും അമീര്‍ സമ്മതിക്കുകയായിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more