| Friday, 16th August 2024, 12:02 pm

പൂണൂലിട്ടാല്‍ നിങ്ങള്‍ ദൈവത്തിനെ പൂജിക്കുന്നവരാകുമോ? തങ്കലാനില്‍ വിമര്‍ശിക്കപ്പെടുന്ന ബ്രാഹ്‌മണ്യം

അമര്‍നാഥ് എം.

താന്‍ ഒരു ദളിതനും അംബേദ്കറൈറ്റുമാണെന്ന് പല വേദികളിലും പറഞ്ഞിട്ടുള്ള സംവിധായകനാണ് പാ. രഞ്ജിത്. ഇന്ത്യയില്‍ ജാതിവ്യവസ്ഥ നിലനില്‍ക്കുന്നിടത്തോളം കാലം തന്റെ സിനിമകളിലൂടെ ജാതീയമായ അടിച്ചമര്‍ത്തലുകള്‍ക്കെതിരെ താന്‍ സംസാരിക്കുമെന്ന് പാ. രഞ്ജിത് പലയാവര്‍ത്തി പറഞ്ഞിട്ടുണ്ട്. പുതിയ ചിത്രമായ തങ്കലാനിലും സ്ഥിതി വ്യത്യസ്തമല്ല.

ചോളസാമ്രാജ്യത്തിന്റെ കാലത്ത് ആരംഭിച്ച് 18ാം നൂറ്റാണ്ട് വരെ നടക്കുന്ന കഥയില്‍ ചാതുര്‍വര്‍ണ്യ വ്യവസ്ഥയെ രഞ്ജിത് നിശിതമായി വിമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ പശുപതിയുടെ കഥാപാത്രം വൈഷ്ണവമതത്തില്‍ ആകൃഷ്ടനായി പൂണൂല്‍ ധരിച്ചയാളാണ്. 11ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന സാമൂഹിക പരിഷ്‌കര്‍ത്താവായ രാമാനുജന്റെ കടുത്ത അനുയായിയാണ് പശുപതി.

എന്നാല്‍ ബ്രാഹ്‌മണനല്ലാത്ത ഒരുവന്‍ പൂണൂല്‍ ധരിക്കുന്നതില്‍ ചിത്രത്തിലെ കണക്കപ്പിള്ളയുടെ കഥാപാത്രം അസ്വസ്ഥനാകുന്നത് കാണിക്കുന്നുണ്ട്. ‘പൂണൂല്‍ ധരിച്ചാല്‍ നീയൊന്നും പെരുമാളിനടുത്ത് എത്തില്ല’ എന്ന് കണക്കപ്പിള്ള പറയുന്നുണ്ട്. ബ്രാഹ്‌മണരുടെ ഉള്ളില്‍ ആണ്ടുകിടക്കുന്ന ജാതിവെറി സിനിമയിലെ പല സീനുകളില്‍ പാ. രഞ്ജിത് വരച്ചുകാട്ടുന്നുണ്ട്.

ചോളസാമ്രാജ്യത്തിന്റെ കഥ പറയുന്ന ഭാഗത്ത് രാജാവിന് സ്വര്‍ണഖനിയിലേക്കുള്ള വഴി കാണിക്കുന്നത് തങ്കലാന്റെ മുതുമുത്തശ്ശന്‍ കാടയ്യനാണ്. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതിയില്‍ പഞ്ചമനായി കണക്കാക്കപ്പെടുന്ന കാടയ്യന്‍ രാജാവിനോട് നേരിട്ട് സംസാരിക്കുന്നതില്‍ രാജഗുരു അതൃപ്തി പ്രകടിപ്പിക്കുന്നുണ്ട്.

സ്വര്‍ണത്തിന് പകരം തങ്ങള്‍ക്ക് സ്വന്തമായി ഭൂമി വേണമെന്ന കാടയ്യന്റ ആവശ്യം രാജാവ് അംഗീകരിക്കുമ്പോഴും രാജഗുരു അതിനെതിരാണ്. പഞ്ചമര്‍ എല്ലാ കലത്തും അടിമകളാകേണ്ടവരാണ്. അവര്‍ക്ക് ഒരിക്കലും സ്വന്തം ഭൂമിയുടെ ആവശ്യമില്ല എന്ന് രാജഗുരു രാജാവിനോട് പറയുന്നുണ്ട്.

അതേ കഥയില്‍ പഞ്ചമര്‍ ആരാധിക്കുന്ന മുനീശ്വരന്റെ വിഗ്രഹം അടിച്ചുതകര്‍ക്കാന്‍ രാജാവിനോട് ഗുരു ആവശ്യപ്പെടുന്നുണ്ട്. മുനീശ്വരന്റെ വിഗ്രഹത്തിന് ബുദ്ധന്റെ ഛായയാണ് പാ. രഞ്ജിത് നല്‍കിയിരിക്കുന്നത്. ബുദ്ധിസത്തെ അടിച്ചമര്‍ത്തുന്ന ബ്രാഹ്‌മണ്യത്തെ പ്രതീകാത്മകമായി വരച്ചുകാണിക്കുകയാണ് ഈ സീനിലൂടെ പാ. രഞ്ജിത്. അതോടൊപ്പം വിഗ്രഹത്തെ പൂജിക്കാന്‍ തങ്ങള്‍ക്ക് മാത്രമാണ് അധികാരമെന്ന ബ്രാഹ്‌മണ്യ ധാര്‍ഷ്ട്യത്തെയും പാ. രഞ്ജിത് പറഞ്ഞുവെക്കുന്നുണ്ട്.

ഇന്ത്യയില്‍ ജാതിവിവേചനം ഉള്ളിടത്തോളം കാലം അവ ഇത്തരം സിനിമകളിലൂടെ വരച്ചുകാട്ടപ്പെടും. കല എന്ന ആയുധത്തെ വളരെ മികച്ച രീതിയില്‍ ഉപയോഗിക്കുന്ന പാ. രഞ്ജിത്തിനെപ്പോലുള്ള സംവിധായകര്‍ കലയെ തങ്ങളുടെ ആയുധമാക്കുകയും ചെയ്യും.

Content Highlight: Pa. Ranjith criticize Brahmanism in Thangalaan

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more