| Wednesday, 12th June 2019, 9:21 am

'ഇപ്പോഴുള്ള ക്ഷേത്രം വക ഭൂമികള്‍ ദളിതരുടേത്'; രാജരാജ ചോളനെതിരായ പരാമര്‍ശത്തില്‍ പാ രഞ്ജിത്തിനെതിരേ കേസെടുത്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തഞ്ചാവൂര്‍: രാജരാജ ചോളന്‍ ഒന്നാമനെതിരേ നടത്തിയ പരാമര്‍ശത്തിന്റെ പേരില്‍ തമിഴ് ചലച്ചിത്ര സംവിധായകന്‍ പാ രഞ്ജിത്തിനെതിരേ പൊലീസ് കേസെടുത്തു. ഇതേ സംഭവത്തിന്റെ പേരില്‍ രഞ്ജിത്തിനെതിരേ സാമൂഹ്യമാധ്യമങ്ങളിലും പുറത്തും ഹിന്ദുത്വവാദികളുടെ പ്രതിഷേധവും വെല്ലുവിളിയും നടക്കുന്നതിനിടെയാണ് അദ്ദേഹത്തിനെതിരേ കേസെടുത്തത്.

ഹിന്ദുമക്കള്‍ കക്ഷി നേതാവ് കാ ബാല നല്‍കിയ പരാതിയിലാണ് തിരുപ്പനന്താല്‍ പൊലീസ് കേസെടുത്തത്. മനഃപൂര്‍വം കലാപമുണ്ടാക്കാനുള്ള ശ്രമം (153), രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള ശത്രുത വളര്‍ത്തുക (153 (എ) (1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.

ജൂണ്‍ അഞ്ചിന് കുംഭകോണത്തിന് സമീപം തിരുപ്പനന്താലില്‍ ദളിത് സംഘടനയായ നീല പുഗല്‍ ഇയക്കം സ്ഥാപക നേതാവ് ഉമര്‍ ഫറൂഖിന്റെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു നീലം പന്‍പാട്ട് മയ്യം എന്ന സംഘടനയുടെ നേതാവ് കൂടിയായ രഞ്ജിത്ത് രാജ രാജ ചോളന്‍ ഒന്നാമന്റെ ഭരണകാലത്തെ വിമര്‍ശിച്ചത്.

രാജരാജ ചോളന്റെ കാലത്താണ് ദളിതരുടെ ഭൂമിയുടെ മേലുള്ള അധികാരം ഇല്ലാതാക്കുകയും ദളിതന്റെ ഭൂമി പിടിച്ചെടുക്കുകയും വലിയ തോതില്‍ ദളിത് വിഭാഗങ്ങളെ അടിച്ചമര്‍ത്തിയതെന്നും രഞ്ജിത്ത് പറയുകയുണ്ടായി. ഇപ്പോഴുള്ള പല ക്ഷേത്രം വക ഭൂമികളും ദളിതരുടെതായിരുന്നുവെന്നും രഞ്ജിത്ത് പറഞ്ഞു. രാജരാജ ചോളന്റെ കാലത്താണ് പെണ്‍കുട്ടികളെ ക്ഷേത്രങ്ങളില്‍ അടിമകളാക്കി മാറ്റുന്ന ദേവദാസി സമ്പ്രദായം ഉണ്ടാകുന്നതെന്നും രഞ്ജിത്ത് വിമര്‍ശിച്ചിരുന്നു.

ഈ പ്രസംഗത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. ഇതിനെതിരെയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം രൂപപ്പെട്ടത്. ഇവര്‍ രഞ്ജിത്തിനെതിരേ വധഭീഷണി ഉയര്‍ത്തുകയും രഞ്ജിത്തിനെ തെരുവില്‍ നേരിടുമെന്നു വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

ഹിന്ദുക്കളുടെയും ഭാരതത്തിന്റെയും വികാരം വൃണപ്പെടുത്തുകയാണ് രാജ രാജ ചോളനെ അപമാനിക്കുക വഴി രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്നാണ് ആരോപണം. ക്രിസ്ത്യന്‍ പള്ളികളാണ് ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ ഭൂസ്വത്ത് ഉള്ളവര്‍ എന്നിരിക്കെയാണ് ക്ഷേത്രങ്ങള്‍ ദളിതരുടെ ഭൂമി പിടിച്ചെടുത്തുവെന്ന തരത്തില്‍ ഹിന്ദുക്കളെ അപമാനിക്കുന്ന പ്രവര്‍ത്തി രഞ്ജിത്ത് ചെയ്തിരിക്കുന്നതെന്നും അവര്‍ ആക്ഷേപിക്കുന്നുണ്ട്.

അതേസമയം രഞ്ജിത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും നിരവധി പേര്‍ രംഗത്തു വന്നിട്ടുണ്ട്.

We use cookies to give you the best possible experience. Learn more