തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് പാ. രഞ്ജിത്. സിനിമകളിലൂടെ തന്റെ രാഷ്ട്രീയം സംസാരിക്കുന്നയാള്‍ കൂടിയാണ് പാ. രഞ്ജിത്. കഴിഞ്ഞവര്‍ഷത്തെ വലിയ വിജയങ്ങളിലൊന്നായ മഞ്ഞുമ്മല്‍ ബോയ്‌സിനെക്കുറിച്ച് സംസാരിക്കുകയാണ് പാ. രഞ്ജിത്. ചിത്രം റിലീസ് ചെയ്ത് മൂന്നാമത്തെ ആഴ്ചയാണ് താന്‍ കണ്ടതെന്ന് രഞ്ജിത് പറഞ്ഞു.
ഭാഷയുടെ അതിര്‍ത്തി തകര്‍ത്ത് തമിഴ് പ്രേക്ഷകര്‍ മഞ്ഞുമ്മല്‍ ബോയ്‌സിനെ ഏറ്റെടുത്തത് തനിക്ക് പുതിയ കാര്യമായി തോന്നിയെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. തമിഴ് ഡബ്ബ് ഇല്ലെങ്കില്‍ പോലും ആ സിനിമ തമിഴ് ഓഡിയന്‍സുമായി കണക്ടായത് ക്ലൈമാക്‌സിലെ പാട്ട് കാരണമാണെന്നും രഞ്ജിത് പറഞ്ഞു. റൊമാന്‍സിന് സ്ഥാനം കൊടുക്കാതെ പൂര്‍ണമായും ഫ്രണ്ട്ഷിപ്പ് എന്നതിന് പ്രധാന്യം കൊടുക്കുക എന്നത് വലിയ ടാസ്‌കാണെന്നും ചിദംബരം അതില്‍ വിജയിച്ചെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു.
ആ പാട്ടിന് ശേഷം കഥ അവസാനിപ്പിക്കാതെ അതിന് ശേഷമുള്ള പത്ത് മിനിറ്റ് കാണിച്ചതും ക്ലീഷേ ബ്രേക്കിങ്ങായിരുന്നെന്നും രഞ്ജിത് പറഞ്ഞു. അത്തരം ധീരമായ പരീക്ഷണങ്ങള്‍ മഞ്ഞുമ്മല്‍ ബോയ്‌സില്‍ ധാരാളമുണ്ടായിരുന്നെന്നും ചിത്രം വിജയിച്ചത് വലിയൊരു ഇന്‍സ്പിറേഷനാണെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സിനി ഉലകത്തോട് സംസാരിക്കുകയായിരുന്നു പാ. രഞ്ജിത്.
‘മഞ്ഞുമ്മല്‍ ബോയ്‌സ് ഞാന്‍ തിയേറ്ററില്‍ നിന്ന് കണ്ടിരുന്നു. മൂന്നാമത്തെ ആഴ്ചയോ മറ്റോ ആണ് എനിക്ക് കാണാന്‍ സാധിച്ചത്. തമിഴ് ഓഡിയന്‍സ് ഈയടുത്ത് ഒരു അന്യഭാഷാ സിനിമയെ ഇങ്ങനെ സ്വീകരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല. ഭാഷയുടെ അതിര്‍ത്തി തകര്‍ത്താണ് മഞ്ഞുമ്മല്‍ ബോയ്‌സിനെ തമിഴ് പ്രേക്ഷകര്‍ ഏറ്റെടുത്തത്.
ഡബ്ബ് വേര്‍ഷന്‍ ഇല്ലാതിരുന്നിട്ട് കൂടി ആ സിനിമയെ ആളുകള്‍ ഏറ്റെടുത്തത് അതിന്റെ ക്ലൈമാക്‌സില്‍ വരുന്ന പാട്ട് കാരണമാണ്. നമ്മുടെ നാട്ടില്‍ ക്ലാസിക് സ്റ്റാറ്റസ് കിട്ടിയ ഒരു പാട്ടിനെ വ്യത്യസ്തമായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‌സില്‍ അവതരിപ്പിച്ചത്. ആണ്‍കൂട്ടങ്ങള്‍ക്കിടയിലെ സൗഹൃദത്തെ എന്ത് മനോഹരമായാണ് സിനിമ എടുത്തുവെച്ചത്. റൊമാന്‍സിന് ഈ സിനിമയില്‍ സ്ഥാനമില്ല.
ചിദംബരം ചെയ്ത മറ്റൊരു നല്ല കാര്യം ആ പാട്ടിന് ശേഷം സിനിമ തീര്‍ത്തില്ല എന്നതാണ്. അവിടം കൊണ്ടും തീര്‍ക്കാതെ പിന്നീട് അവര്‍ എന്ത് ചെയ്തു എന്നതൊക്കെ കാണിച്ചത് ക്ലീഷേ ബ്രേക്കിങ്ങായി തോന്നി. ആ സിനിമയുടെ വിജയം മറ്റുള്ളവര്‍ക്ക് ഒരു ഇന്‍സ്പിറേഷനാണ്,’ പാ. രഞ്ജിത് പറയുന്നു.
Content Highlight: Pa Ranjith about the victory of Manjummel Boys in Tamilnadu