| Thursday, 22nd August 2024, 5:45 pm

എന്റെ ആ സിനിമ ഫ്‌ളോപ്പാണെന്ന് പലരും വരുത്തിതീര്‍ത്തു: പാ. രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് പാ. രഞ്ജിത്. 2012ല്‍ പുറത്തിറങ്ങിയ ആട്ടക്കത്തിയിലൂടെയാണ് രഞ്ജിത് സിനിമാരംഗത്തേക്കെത്തുന്നത്. 12 വര്‍ഷത്തെ കരിയറില്‍ എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത് തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍ സിനിമയിലൂടെ പ്രതിഫലിപ്പിച്ചു. ചിയാന്‍ വിക്രം നായകനായ തങ്കലാനാണ് രഞ്ജിത്തിന്റെ പുതിയ ചിത്രം.

കാര്‍ത്തിയെ നായകനാക്കി രഞ്ജിത് സംവിധാനം ചെയ്ത മദ്രാസിന് ശേഷം തുടര്‍ച്ചയായി രണ്ട് സിനിമകള്‍ രജിനികാന്തിനെ വെച്ച് ചെയ്തു. രജിനികാന്തിന്റെ സ്റ്റാര്‍ഡത്തോടൊപ്പം തന്റെ രാഷ്ട്രീയവും ഈ സിനിമകളിലൂടെ രഞ്ജിത് സംസാരിച്ചു. ഇന്ത്യന്‍ സിനിമ അതുവരെ കാണാത്ത ഹൈപ്പിലെത്തിയ കബാലി ആ വര്‍ഷം തമിഴിലെ ഏറ്റവും വലിയ വിജയമായി മാറി. പിന്നീട് ഇതേ കോമ്പോ ഒന്നിച്ച കാലാ ബോക്‌സ് ഓഫീസില്‍ ഭേദപ്പെട്ട പ്രകടനം നടത്തി.

എന്നാല്‍ ചിലര്‍ കാലാ ഫ്‌ളോപ്പാണെന്ന് മനഃപൂര്‍വം വരുത്തിതീര്‍ത്തുവെന്ന് പറയുകയാണ് പാ. രഞ്ജിത്. മറ്റ് സിനിമകളെ അപേക്ഷിച്ച് രജിനി ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള വക കാലയില്‍ കുറവായിരുന്നെന്നും എന്നാല്‍ അത് നല്ല സിനിമയാണെന്ന് പലരും അഭിപ്രായപ്പെട്ടെന്നും രഞ്ജിത് പറഞ്ഞു. ആ സിനിമ പറയുന്ന രാഷ്ട്രീയം ഇഷ്ടപ്പെടാത്തവരാണ് കാല പരാജയമാണെന്ന് പറയുന്നതെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. എസ്.എസ്. മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തിലാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.

കബാലി, കാല രണ്ടും ഹിറ്റുകളാണ്. കബാലി ആ സമയത്തെ ഏറ്റവും വലിയ കളക്ഷനാണ് നേടിയത്. അതുകൊണ്ടാണ് രജിനി സാര്‍ അടുത്ത സിനിമയും എന്നോട് ചെയ്യാന്‍ പറഞ്ഞത്. അദ്ദേഹത്തിന്റെ മുന്‍ സിനിമകളിലെപ്പോലെ ആരാധകര്‍ക്ക് ആഘോഷിക്കാന്‍ അധികം മോമന്റ്‌സൊന്നും കാലയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ, കഥ ആവശ്യപ്പെടുന്ന മാസ് മുഹൂര്‍ത്തങ്ങള്‍ അതിലുണ്ടായിരുന്നു.

ഫിനാന്‍ഷ്യലി നോക്കുമ്പോള്‍ കാല ഹിറ്റാണ്. പക്ഷേ ആ സിനിമ ഫ്‌ളോപ്പാണെന്ന് ചിലര്‍ വരുത്തിതീര്‍ക്കുകയാണ്. അവര്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ആ സിനിമയില്‍ കാണാന്‍ പറ്റിയില്ല എന്നതാണ് ഒരു കാരണം. കാല പറയുന്ന രാഷ്ട്രീയം ചിലര്‍ക്ക് ഇഷ്ടമാകാത്തതാണ് മറ്റൊരു കാരണം. അത് ഫ്‌ളോപ്പാണെന്ന് പറയാന്‍ ഞാന്‍ ആലോചിച്ചിട്ട് വേറൊന്നും കാണുന്നില്ല,’ രഞ്ജിത് പറഞ്ഞു.

Content Highlight: Pa Ranjith about Kaala and Kabali

We use cookies to give you the best possible experience. Learn more