| Wednesday, 7th August 2024, 8:16 am

വാരിയെല്ല് ഒടിഞ്ഞിരിക്കുന്ന വിക്രം സാറിനോട് കാണിക്കാന്‍ പാടില്ലാത്ത ക്രൂരതയാണ് ഞാന്‍ ചെയ്തത്: പാ. രഞ്ജിത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരിലൊരാളാണ് പാ. രഞ്ജിത്. 2012ല്‍ പുറത്തിറങ്ങിയ ആട്ടക്കത്തിയിലൂടെയാണ് രഞ്ജിത് സിനിമാരംഗത്തേക്കെത്തുന്നത്. 12 വര്‍ഷത്തെ കരിയറില്‍ എട്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്ത രഞ്ജിത് തന്റെ രാഷ്ട്രീയകാഴ്ചപ്പാടുകള്‍  സിനിമയിലൂടെ പ്രതിഫലിപ്പിച്ചു. ചിയാന്‍ വിക്രം നായകനായ തങ്കലാനാണ് രഞ്ജിത്തിന്റെ പുതിയ ചിത്രം.

തങ്കലാന്റെ ചിത്രീകരണത്തിനിടെ വിക്രമിന് പരിക്ക് പറ്റിയത് വലിയ വാര്‍ത്തയായിരുന്നു. എന്നാല്‍ പരിക്ക് പറ്റിയതിന് ശേഷവും ചിയാന്‍ സിനിമയോട് കാണിച്ച കമ്മിറ്റ്‌മെന്റിനെക്കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ പാ. രഞ്ജിത്. പരിക്ക് പറ്റുന്നതിന് മുമ്പ് എടുത്ത ഫൈറ്റ് സീക്വന്‍സ് വിചാരിച്ച രീതിയില്‍ കിട്ടിയില്ലെന്നും വീണ്ടും എടുക്കേണ്ടി വന്നെന്നും രഞ്ജിത് പറഞ്ഞു.

വാരിയെല്ല് ഒടിഞ്ഞിരിക്കുന്ന വിക്രമിനോട് ഇക്കാര്യം പറയുന്നത് ക്രൂരതയാണെന്ന് അറിഞ്ഞിട്ടും താന്‍ പറഞ്ഞെന്നും സിനിമയോടുള്ള കമ്മിറ്റ്‌മെന്റ് കാരണം അദ്ദേഹമത് ചെയ്‌തെന്നും രഞ്ജിത് പറഞ്ഞു. ചിയാന്‍ സീന്‍ ചെയ്യുമ്പോള്‍ താന്‍ അദ്ദേഹത്തെ നോക്കാതെ മോണിറ്റര്‍ മാത്രം നോക്കിക്കൊണ്ടിരുന്നുവെന്നും രഞ്ജിത് പറഞ്ഞു.

അസിസ്റ്റന്റ്‌സിനോട് അദ്ദേഹത്തിന് കുഴപ്പമില്ലെന്ന് നോക്കാന്‍ പറഞ്ഞുവെന്നും കുഴപ്പമില്ലെന്ന് അറിഞ്ഞപ്പോള്‍ റീടേക്ക് പോകാമെന്ന് പറഞ്ഞെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. സിനിമയോടുള്ള പാഷന്‍ ഒന്നുകൊണ്ട് മാത്രമാണ് വിക്രം ഇത് ചെയ്തതെന്നും വേറൊരു നടനും ഇങ്ങനെ ചെയ്യില്ലെന്നും രഞ്ജിത് കൂട്ടിച്ചേര്‍ത്തു. തങ്കലാന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് രഞ്ജിത് ഇക്കാര്യം പറഞ്ഞത്.

‘അദ്ദേഹം സര്‍ജറി കഴിഞ്ഞ് റെസ്റ്റെടുക്കുകയായിരുന്നു. ആക്‌സിഡന്റിന് മുമ്പ് അദ്ദേഹം ചെയ്ത സീന്‍ ഒന്നുകൂടെ പോകേണ്ടി വന്നു. ഇത് അദ്ദേഹത്തിനോട് പറയുന്നത് ക്രൂരതയാണെന്നറിയാമായിരുന്നു. പക്ഷേ ഈ സിനിമ നന്നായി വരാന്‍ വേണ്ടി അദ്ദേഹം വേദന വകവെക്കാതെ ഷൂട്ടിന് വന്നു. എനിക്കാണെങ്കില്‍ അദ്ദേഹത്തെ ഫേസ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. റെസ്റ്റ് എടുക്കേണ്ട മനുഷ്യനെയാണ് ഞാന്‍ കഷ്ടപ്പെടുത്തുന്നത്.

അദ്ദേഹത്തിന്റെ മുഖത്ത് നോക്കാതെ മോണിറ്ററില്‍ മാത്രം നോക്കി ഞാന്‍ ഇന്‍സ്ട്രക്ഷന്‍സ് കൊടുത്തു. ഷോട്ട് എടുത്ത ശേഷം അസിസ്റ്റന്റ്‌സിനെ വിളിച്ച് അദ്ദേഹം ഓക്കെയാണോ എന്ന് നോക്കാന്‍ പറഞ്ഞു. ഓക്കെയാണെന്നറിഞ്ഞപ്പോള്‍ ഞാന്‍ റീടേക്ക് പോകാമെന്ന് പറഞ്ഞു. അത്രമാത്രം ഞാന്‍ അദ്ദേഹത്തെ കഷ്ടപ്പെടുത്തിയിട്ടുണ്ട്,’ രഞ്ജിത് പറഞ്ഞു.

Content Highlight: Pa Ranjith about Chiyaan Vikram’s commitment in Thanaglaan movie

We use cookies to give you the best possible experience. Learn more