| Saturday, 31st July 2021, 7:57 pm

വെറുതെ ഇരിക്കുന്നത് കൊണ്ട് പറയുന്നതാണ്, പണിയുള്ളവര്‍ക്ക് ഇതിനൊന്നും നേരമുണ്ടാവില്ല; വി. മുരളീധരനെ പരിഹസിച്ച് മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കുതിരാന്‍ തുരങ്കം തുറക്കുന്നത് സംബന്ധിച്ച് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെറുതെ ഇരിക്കുമ്പോഴാണ് ഇത്തരം പ്രതികരണങ്ങള്‍ നടത്താന്‍ തോന്നുന്നതെന്നും റിയാസ് മാധ്യമങ്ങളോട് പറഞ്ഞു.

‘വെറുതെ ഇരിക്കുമ്പോഴാണ് ഇത്തരം പ്രസ്താവനകള്‍ ഇറക്കാന്‍ തോന്നുന്നത്. പണിയുണ്ടായാല്‍ അതിന് സമയം കിട്ടില്ല. അനാവശ്യ വിവാദങ്ങളോട് പ്രതികരിക്കാനില്ല,’ റിയാസ് പറഞ്ഞു.

തുരങ്കത്തിന്റെ ക്രഡിറ്റ് എടുക്കാനല്ല അതില്‍ ഇടപെടുന്നതെന്നും ഉടന്‍ അടുത്ത ടണല്‍ തുറക്കുന്നതിനെക്കുറിച്ചാണ് ചിന്തയെന്നും റിയാസ് പറഞ്ഞു.

തുരങ്കം തുറക്കുന്നത് സംബന്ധിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയുടെ ട്വീറ്റ് കണ്ടുവെന്നും തുറക്കാന്‍ അനുമതി നല്‍കിയതില്‍ സന്തോഷമുണ്ടെന്നും റിയാസ് പ്രതികരിച്ചു.

എച്ച്.എച്ച്.ഐ.എ ആണ് തുരങ്കം തുറക്കാന്‍ അനുമതി നല്‍കേണ്ടതെന്നും തുരങ്കത്തില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തുരങ്കം എന്ന് തുറക്കുമെന്ന് പറയാന്‍ സംസ്ഥാന സര്‍ക്കാരിന് അനുവാദമില്ലെന്നായിരുന്നു വി. മുരളീധരന്റെ പ്രസ്താവന.

തുരങ്കം തുറന്ന് കൊടുക്കേണ്ടത് സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയാണ്. തുരങ്കം തുറക്കാന്‍ കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി അനുമതി നല്‍കിയിട്ടുണ്ടെന്നും മുരളീധരന്‍ പറഞ്ഞു.

തുരങ്കം ഓഗസ്റ്റ് ആദ്യവാരത്തില്‍ തുറക്കുമെന്നായിരുന്നു നേരത്തെ പൊതുഗതാഗത മന്ത്രി. പി.എ. മുഹമ്മദ് റിയാസ് അറിയിച്ചിരുന്നത്. നിര്‍മാണം കഴിഞ്ഞതായി കരാര്‍ കമ്പനിയും അറിയിച്ചിരുന്നു.

എന്നാല്‍ കേരളത്തിലെ ആദ്യത്തെ തുരങ്കമായ കുതിരാനില്‍ ഒരു ലൈനില്‍ ഇന്ന് മുതല്‍ ഗതാഗതം അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല മന്ത്രി നിതിന്‍ ഗഡ്ഗരിയാണ് ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

താത്കാലികമായി കുതിരാന്‍ ഇരട്ട തുരങ്കത്തിന്റെ ഒരു ടണല്‍ മാത്രമാണ് തുറന്ന് കൊടുക്കുന്നത്. പാലക്കാട്- തൃശൂര്‍ പാതകളെ ബന്ധിപ്പിക്കുന്ന ടണലാണ് തുറന്ന് കൊടുക്കുന്നത്. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഉദ്ഘാടന ചടങ്ങുകള്‍ ഇപ്പോള്‍ ഒഴിവാക്കിയിട്ടുണ്ട്.

കുതിരാന്‍ തുരങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്ഗരി നടത്തിയേക്കും. രണ്ട് തുരങ്കങ്ങളുടെയും നിര്‍മാണം പൂര്‍ണമായും പൂര്‍ത്തിയാക്കിയ ശേഷം ആയിരിക്കും കുതിരാന്‍ തുരങ്കത്തിന്റെ ഔദ്യോഗിക ഉദ്ഘാടന നിര്‍വ്വഹണം നടത്തുക.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: PA Muhammed Riyas ridicules V Muraleedharan

We use cookies to give you the best possible experience. Learn more