Advertisement
India
അസംബന്ധം എന്നല്ലാതെ എന്താണ് പറയേണ്ടത്, തെളിവുകള്‍ പുറത്തുവിട്ടിട്ട് സംസാരിക്കൂ: ഫര്‍ണിച്ചര്‍ ആരോപണത്തില്‍ സന്ദീപ് വാര്യര്‍ക്ക് റിയാസിന്റെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Sep 17, 07:00 am
Thursday, 17th September 2020, 12:30 pm

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ വിവാഹത്തിന് സമ്മാനമായി ഫര്‍ണിച്ചറുകള്‍ നല്‍കിയത് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ആണെന്ന ബി.ജെ.പി വക്താവ് സന്ദീപ് വാര്യരുടെ ആരോപണത്തിന് മറുപടിയുമായി വീണയുടെ പങ്കാളിയും ഡി.വൈ.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റുമായ മുഹമ്മദ് റിയാസ്.

അസംബന്ധം എന്നല്ലാതെ ഇതിനൊക്കെ എന്താണ് പറയേണ്ടതെന്നും ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടണമെന്നും മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

ആരോപണം ഉന്നയിച്ചയാളെ ഇന്നലെ ഒരു ചര്‍ച്ചയില്‍ മുഖാമുഖം കണ്ടിരുന്നു. തെളിവ് പുറത്തു വിടാനും അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറാനും ആ ചര്‍ച്ചയില്‍ ആവശ്യപ്പെട്ടിരുന്നു.ചാനലില്‍ മുഖാമുഖം ഉണ്ടായ ഒന്നര മണിക്കൂറും ഒരു തെളിവും പുറത്തു വിട്ടത് കണ്ടിട്ടില്ല.

ഇനി ഇപ്പോഴും വിനയത്തോടെ ആവശ്യപ്പെടുന്നു, ആരോപണം ഉന്നയിച്ചയാള്‍ അതില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ തെളിവുകള്‍ പുറത്തുവിടൂ. തെളിവുകള്‍ പുറത്തുവിടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് ധാര്‍മ്മികമായി ബാധ്യത ഉണ്ട്.

ആരോപണം ഉന്നയിച്ചയാള്‍ പറഞ്ഞതു പോലെ ഫര്‍ണ്ണിച്ചര്‍ വാങ്ങി എങ്കില്‍ വാങ്ങിയ ഒരു കട ഉണ്ടാകണമല്ലോ.? വലിയൊരു കടയാണെങ്കില്‍ ആ കടയില്‍ സി.സി.ടിവിയും കാണുമല്ലോ …?

ഇനി സി.സി.ടിവി ഇല്ലാത്തിടത്താണെങ്കില്‍, ഞങ്ങളെ ഒക്കെ കണ്ടാല്‍ തിരിച്ചറിയാതിരിക്കുവാന്‍ ആ കടയില്‍ ഉള്ളവര്‍ അന്ധരായിരിക്കില്ലല്ലോ ?
ആരോപണം വസ്തുതാപരമാണെങ്കില്‍ തെളിവു കിട്ടാന്‍ ആരോപണം ഉന്നയിച്ചയാള്‍ക്ക് വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല എന്ന് ചുരുക്കം.

മറുവശം പോലും തേടാതെ ചില നിഷ്പക്ഷര്‍ ഇത് തൊണ്ട തൊടാതെ വിഴുങ്ങി ഛര്‍ദ്ദിക്കുന്നത് കൊണ്ടാണ് ഇത്രയും എഴുതിയതെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLIGHT: PA Muhammed Riyas reply to Sandeep Warrier