കോഴിക്കോട്: വിനോദ സഞ്ചാരികളെ വയനാട് പൂക്കോട് തടാകത്തിലേക്ക് ക്ഷണിച്ച് ടൂറിസം, പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വയനാട്ടിലെ ടൂറിസം സ്‌പോട്ടുകളില്‍ ഒന്നായ പൂക്കോട് തടാകത്തിന്റെ മനോഹാരിത തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചുകൊണ്ടായിരുന്നു മന്ത്രിയുടെ ക്ഷണം.
വയനാടന്‍ യാത്രയില്‍ ഒരിക്കലും ഒഴിവാക്കാന്‍ പാടില്ലാത്ത സ്ഥലമാണിതെന്നും കാടുകളാല്‍ ചുറ്റപ്പെട്ട അവിടം ശാന്ത സുന്ദരമാണെന്നും മുഹമ്മദ് റിയാസ് പറയുന്നു.
‘കാടുകളാല്‍ ചുറ്റപ്പെട്ട ഒരു തടാകം.
പച്ചപ്പ് നിറഞ്ഞ ശാന്ത സുന്ദരമായ അന്തരീക്ഷം.
നീല നിറത്തിലുള്ള താമരപ്പൂക്കള്‍
വെള്ളത്തില്‍ ചിതറിക്കിടക്കുന്നുണ്ടാകും.
പൂക്കോട് തടാകം
വയനാടന്‍ യാത്രയില്‍
ഒരിക്കലും ഒഴിവാക്കാന്‍ പറ്റാത്തയിടം,’ മുഹമ്മദ് റിയാസ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
താമരശ്ശേരി ചുരം കേറി വയനാട്ടിലെത്തുന്ന സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുന്ന സ്ഥലം കൂടിയാണ് പൂക്കോട് തടാകം. കൊടും വേനലായാലും തടാകത്തില്‍ വെള്ളമുണ്ടാകും. ഏത് കാലാവസ്ഥയിലും പൂക്കോട് സന്ദര്‍ശിക്കാന്‍ കഴിയുന്നതും അതുകൊണ്ട് കൂടിയാണ്.
സമുദ്രനിരപ്പില്‍ നിന്ന് 6900 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ തടാകത്തെ വയനാടിന്റെ വാല്‍ക്കണ്ണാടി എന്നും വിശേഷിപ്പിക്കാറുണ്ട്. വയനാടിന്റെ ടൂറിസ്റ്റ് സ്‌പോട്ടുകളില്‍ നിന്നും ഒരു കാരണവശാലും തഴയപ്പെടാന്‍ പാടില്ലാത്ത ഇടം കൂടിയാണ് പൂക്കോട്.
ചൂരല്‍മല-മുണ്ടക്കൈ ദുരന്തത്തില്‍ നിന്നും വയനാടിനെ കൈപിടിച്ചുയര്‍ത്തുന്നതിനും തടാകം സന്ദര്‍ശിക്കുന്നതോടെ ഓരോ സഞ്ചാരിക്കും കഴിയും. ജില്ലയിലെ സഞ്ചാരികളുടെ നിരക്ക് മുണ്ടക്കൈ ദുരന്തത്തോടെ കുറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് വയനാട്ടിലെ പ്രകൃതി രമണീയമായ സ്ഥലങ്ങളിലേക്ക് ഓരോ വ്യക്തിയെയും മുഹമ്മദ് റിയാസ് ഉള്‍പ്പെടെയുള്ളവര്‍ സ്വാഗതം ചെയ്യുന്നത്.
ജില്ലാടൂറിസം പ്രമോഷന്‍ കൗണ്‍സിലിനാണ് പൂക്കോട് തടാകത്തിന്റെ നടത്തിപ്പ് ചുമതല. രാവിലെ 9 മണി മുതല്‍ യാത്രക്കാര്‍ക്ക് പതിമുന്ന് ഏക്കറോളം വരുന്ന സ്ഥലം ആസ്വദിക്കാന് സാധിക്കും.
Content Highlight: p a muhammed riyas promotes tourism in wayanad