തിരുവനന്തപുരം: വിവരങ്ങള്‍ മറച്ചുവെച്ച് കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് കൊവിഡ് പരിശോധന നടത്തിയ സംഭവത്തില്‍ വിമര്‍ശനവും പരിഹാസവുമായി ഡി.വൈ.എഫ്.ഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് റിയാസ്.
കെ.എസ്.യു നേതാവിനെ മാത്രം ഇക്കാര്യത്തില്‍ കുറ്റം പറയാന്‍ സാധിക്കില്ലെന്നും ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമാണ് ഇതില്‍ പ്രധാന പ്രതിയെന്നും മുഹമ്മദ് റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
എം.പിമാരുടേയും എം.എല്‍.എമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണാണ് ഇവരൊക്കെ പഠിക്കുന്നതെന്നും
കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ കെ.എസ്.യുവിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ലെന്നും അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോയെന്നും റിയാസ് ചോദിക്കുന്നു.
വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല. അതുകൊണ്ട് മറ്റൊന്ന് പറയട്ടേ.. കോണ്‍ഗ്രസ് നേതൃത്വമേ, കണ്ണാടി നോക്കിയെങ്കിലും ‘I am Sorry’ എന്ന് പറയാന്‍ ശ്രമിക്കൂവെന്നും റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
‘അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകുമോ ?’
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
ഇത്തവണ കോണ്‍ഗ്രസിന് ഭരണം കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി ഉണ്ടാകില്ലെന്നും അതുകൊണ്ട് കോവിഡ് പ്രോട്ടോക്കോള്‍ ഒന്നും പാലിക്കാതെ സമരാഭാസങ്ങള്‍ നടത്തു എന്ന് പറഞ്ഞു പഠിപ്പിച്ച് കൊടുക്കുന്ന കോണ്‍ഗ്രസ് നേതൃത്വമല്ലേ ഇതില്‍ പ്രധാന പ്രതി ?
‘ഇതിപ്പോള്‍ ഒരു സംഭവം കയ്യോടെ പിടിച്ചു. പിടിക്കപ്പെടാതെ പോയ ആള്‍മാറാട്ടങ്ങള്‍;
ആള്‍മാറാട്ട വീരന്മാര്‍ പിന്നീട് നയിച്ച സമരങ്ങള്‍;
ആ സമാരങ്ങളിലൂടെ പോലീസിലും മാധ്യമ പ്രവര്‍ത്തകരിലും നാട്ടുകാരിലും, സമരാംഗങ്ങളിലും പടര്‍ന്ന കോവിഡും…..’
ഇതായിരിക്കും ഏതൊരു മലയാളിയുടെയും ഉറക്കം കെടുത്തുന്ന ചിന്ത.
KSU നേതാവിനെ മാത്രം കുറ്റം പറയാനാകുമോ?
MPമാരുടേയും MLAമാരുടേയും നേതൃത്വത്തില്‍ നടത്തിയ വാളയാര്‍ സമരാഭാസം കണ്ടാണല്ലോ ഇവരൊക്കെ പഠിക്കുന്നത്?
കോണ്‍ഗ്രസ്സിന്റെ പോഷക സംഘടനയായ KSU വിന്റെ നേതാവിനെ തിരുത്താനോ ശാസിക്കാനോ കോണ്‍ഗ്രസ് നേതൃത്വത്തിനാവില്ല.
കാരണം അടവ് പഠിപ്പിച്ച ആശാന് ശിഷ്യനെ തള്ളിപ്പറയാനാകില്ലല്ലോ.
വാളയാര്‍ സമാരാഭാസ സമയത്ത് പറഞ്ഞ വാക്കുകള്‍ നിങ്ങള്‍ക്ക് വല്ലാതെ കൊണ്ടു എന്നത് കൊണ്ട് ആവര്‍ത്തിക്കുന്നില്ല.
അതുകൊണ്ട് മറ്റൊന്ന് പറയട്ടേ..
കോണ്‍ഗ്രസ് നേതൃത്വമേ,
കണ്ണാടി നോക്കിയെങ്കിലും
‘Iam Sorry’
എന്ന് പറയാന്‍ ശ്രമിക്കൂ..
അഭിജിത്തിനെതിരെ പരിഹാസവുമായി മന്ത്രി എം.എം മണിയും രംഗത്തെത്തിയിരുന്നു. ‘ചായ കുടിച്ചാല്‍ കാശ് അണ്ണന്‍ തരും കൊവിഡ് ടെസ്റ്റ് നടത്തിയാല്‍ പേരും വിലാസവും വേറെ അണ്ണന്‍ തരും. ഹാഷ്ടാഗ് കൊവിഡ് സ്പ്രെഡിംഗ് യൂണിയന്‍’- എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
കഴിഞ്ഞ ദിവസമാണ് കെ.എം അഭിജിത്ത് വ്യാജപേരില്‍ കൊവിഡ് ടെസ്റ്റ് നടത്തി ആള്‍മാറാട്ടം നടത്തിയെന്ന് തിരുവനന്തപുരം പോത്തന്‍കോട് പഞ്ചായത്ത് പ്രസിഡന്റ് പരാതി നല്‍കിയത്. സംസ്ഥാനത്തെ മറ്റൊരു കെ.എസ്.യു നേതാവിന്റെ വീട്ടുവിലാസത്തിലായിരുന്നു അഭിജിത്ത് കൊവിഡ് ടെസ്റ്റ് നടത്തിയത്. കെ എം അബിയെന്ന പേരിലാണ് അഭിജിത്ത് ടെസ്റ്റ് നടത്തിയത്.
പരിശോധന നടത്തിയ അബിയെ കൊവിഡ് സ്ഥിരീകരിച്ച ശേഷം കാണാനില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് നല്‍കിയ പരാതിയില്‍ പറയുന്നു. 48 പേരെ പരിശോധിച്ചതില്‍ 19 പേര്‍ക്കാണ് പോത്തന്‍കോട് പഞ്ചായത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്.
ഇതില്‍ പ്ലാമൂട് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേരില്‍ കെ.എം അബി, തിരുവോണം എന്ന മേല്‍വിലാസത്തില്‍ എത്തിയ ആളെ പരിശോധനയ്ക്ക് ശേഷം കാണാതായി. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുല്‍ കൃഷ്ണയുടേതാണ് ഈ മേല്‍വിലാസം, സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിനെ വ്യാജപേരില്‍ എത്തിച്ചതാണ് ഇതെന്നും പരാതിയില്‍ പറയുന്നു.
ഇതേത്തുടര്‍ന്ന് പരാതിയില്‍ വിശദീകരണവുമായി അഭിജിത്ത് രംഗത്തെത്തി. ആശുപത്രിയിലെ കാര്യങ്ങള്‍ എല്ലാം ചെയ്തത് സഹപ്രവര്‍ത്തകനായ ബാഹുല്‍ ആണെന്നും ആശുപത്രി അധികൃതര്‍ക്ക് സംഭവിച്ച ക്ലറിക്കല്‍ തെറ്റാണ് ഇതെന്നാണ് ബാഹുല്‍ തന്നെ അറിയിച്ചതെന്നുമായിരുന്നു കെ.എം അഭിജിത്ത് ഫേസ്ബുക്കിലിട്ട വിശദീകരണക്കുറിപ്പില്‍ പറഞ്ഞത്.
Content Highlight: DYFI Leader PA Muhammed Riyas On KM Abhijith Issue