സംഘപരിവാര്‍ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കെ.പി.സി.സി പ്രസിഡന്റുള്ളപ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്ക് മറ്റൊരു നേതൃത്വം ആവശ്യമുണ്ടോ; എം.എം. മണിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരനെതിരെ മുഹമ്മദ് റിയാസ്
Kerala News
സംഘപരിവാര്‍ പ്രത്യയശാസ്ത്രം മുന്നോട്ട് കൊണ്ടുപോകാന്‍ കെ.പി.സി.സി പ്രസിഡന്റുള്ളപ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്ക് മറ്റൊരു നേതൃത്വം ആവശ്യമുണ്ടോ; എം.എം. മണിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരനെതിരെ മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 18th July 2022, 7:00 pm

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ എം.എം. മണി എം.എല്‍.എയെ വംശീയമായി അധിക്ഷേപിച്ചതില്‍ മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്.

മഹിളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തിയെ തള്ളിപ്പറയാനോ അപലപിക്കനോ ശ്രമിക്കുന്നതിന് പകരം ആ പ്രവര്‍ത്തിയെ ന്യായീകരിക്കുന്ന സമീപനമാണ് സുധാകരന്‍ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഫേസ്ബുക്കിലൂടെയായിരുന്നു മുഹമ്മദ് റിയാസിന്റെ പ്രതികരണം.

‘വംശീയ ആക്രമണങ്ങള്‍ക്കെതിരെ പോരാടിയ നെല്‍സണ്‍ മണ്ടേലയുടെ ജന്മദിനമാണിന്ന്. ചിമ്പാന്‍സിയുടെ ചിത്രത്തിലെ തലവെട്ടിമാറ്റി പകരം സഖാവ് എം.എം. മണിയുടെ തല വെച്ച് മഹിളാ കോണ്‍ഗ്രസ് തലസ്ഥാനത്ത് പ്രകടനം നടത്തിയതും ഇന്ന് തന്നെ.

കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ ഈ പ്രവര്‍ത്തനത്തെ പൂര്‍ണമായി പിന്തുണച്ച് സംസാരിച്ചെന്ന് മാത്രമല്ല, ചിമ്പാന്‍സിയെ പോലെ തന്നെയല്ലെ ശ്രീ. മണി എന്ന് പറയുകയും ചെയ്തു.

ഏത് പ്രത്യയശാസ്ത്രമാണ് കെ.പി.സി.സി പ്രസിഡന്റിനെ നയിക്കുന്നതെന്ന് വ്യക്തമാണ്.

സംഘപരിവാറിന്റെ പ്രത്യയശാസ്ത്രത്തെ മുന്നോട്ട് കൊണ്ടുപോകുവാന്‍ കെ.പി.സി.സി പ്രസിഡന്റ് തന്നെ മുന്നില്‍ നില്‍ക്കുമ്പോള്‍ കേരളത്തില്‍ ബി.ജെ.പിക്ക് സംസ്ഥാന നേതൃത്വം ആവശ്യമുണ്ടോ?’ റിയാസ് ഫേസ്ബുക്കില്‍ കുറിച്ചു.

തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിലാണ് ചിമ്പാന്‍സിയുടെ ഉടലിന്റെ ചിത്രവും എം.എം മണിയുടെ മുഖത്തിന്റെ ചിത്രവും ചേര്‍ത്ത കോലം വിവാദമായത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ഈ പരിപാടി ഉദ്ഘാടനം ചെയ്തത്.

ഇതിന് പിന്നാലെ ഡി.വൈ.എഫ്്.ഐ വിഷയത്തില്‍ പ്രതികരണവുമായി എത്തിയിരുന്നു.

വ്യക്തികളുടെ ശരീരം, നിറം, ജാതി എന്നിവയുടെ അടിസ്ഥാനത്തില്‍ അവരെ അപമാനിക്കുകയും വംശീയാധിക്ഷേപം നടത്തുകയും ചെയ്യുന്നത് ആധുനിക സമൂഹത്തില്‍ വലിയ കുറ്റകൃത്യമാണ്. ഇത്തരം ചെയ്തികള്‍ മനുഷ്യത്വ വിരുദ്ധവും ഹീനവുമാണ്. പൊതു സമൂഹത്തില്‍ നിന്ന് ശക്തമായ പ്രതിഷേധമുയരണം.

ഈ അധിക്ഷേപത്തെ ന്യായീകരിച്ച കൊണ്ട് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി പറഞ്ഞത് ‘എം. എം മണി ചിമ്പാന്‍സിയുടെ പോലെ തന്നെയെല്ലേ അതിന് ഞങ്ങളെന്ത് പിഴച്ചു എന്നും മഹിളാ കോണ്‍ഗ്രസുകാരുടെ തറവാടിത്തം മണിക്കില്ല എന്നുമാണ്. ‘ മുഖ്യമന്ത്രിയെ അടക്കം ജാതി അധിക്ഷേപം നടത്തിയ കെ. സുധാകരന്‍ മഹിളാ കോണ്‍ഗ്രസുകാരെ ന്യായീകരിച്ചു അതിലും ക്രൂരമായ വംശീയ അധിക്ഷേപം നടത്തിയിട്ടും കേരളത്തിലെ മാധ്യമങ്ങള്‍ കാണിക്കുന്ന പക്ഷപാതപരമായ മൗനവും ചര്‍ച്ച ചെയ്യപ്പെടണം.
ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും തറവാട്ട് മഹിമ പറയുന്ന കെ.സുധാകരനെ തിരുത്താന്‍ എ.ഐ.സി.സി നേതൃത്വം തയ്യാറാകുമോ എന്നാണ് അറിയേണ്ടതെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

സാംസ്‌കാരിക കേരളത്തിന് അപമാനമായ ജാതി വാദികളായ മഹിളാ കോണ്‍ഗ്രസും കെ.പി.സി.സി അധ്യക്ഷനും മാപ്പ് പറയണം. മനുഷ്യത്വഹീനവും ക്രൂരവുമായ ഈ അധിക്ഷേപത്തിനെതിരെ പ്രതിഷേധമുയര്‍ത്തണമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യര്‍ത്ഥിച്ചു.

 

Content Highlight: PA Muhammed Riyas against KPCC President K Sudhakaran about his racist statement