കോഴിക്കോട്: ബി.ജെ.പിയുടെ നയങ്ങള്‍ക്ക് സിന്ദാബാദ് വിളിക്കുകയും അതേസമയം ബി.ജെ.പി തങ്ങളുടെ മുഖ്യശത്രു എന്ന പരസ്യ ബോര്‍ഡ് വെക്കുകയും ചെയ്യേണ്ട ഗതികേടിലാണ് യു.ഡി.എഫ് എന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മുഖ്യശത്രുവെന്ന് വര്‍ത്തമാനത്തില്‍ മാത്രം ഉണ്ടായാല്‍ പോരെന്നും പ്രായോഗികമായി അത് നടപ്പിലാവുന്നുണ്ടോ എന്നതാണ് പ്രശ്‌നമെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു.
കര്‍ണാടകയില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ലെന്നും തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ യു.ഡി.എഫിന് അതില്‍ എന്താണ് നിലപാടെന്നും റിയാസ് ചോദിച്ചു.
‘പ്രതിപക്ഷ നേതാവ് മുഖ്യശത്രു ബി.ജെ.പി തന്നെയാണെന്ന് പറഞ്ഞതായിട്ടാണ് മനസിലാകുന്നത്. അത് വര്‍ത്തമാനത്തില്‍ മാത്രം ഉണ്ടായാല്‍ പോരാ. പ്രായോഗികമായി അത് നടപ്പിലാവുന്നുണ്ടോ എന്നതാണ് പ്രശ്‌നം.
കര്‍ണാടകയില്‍ പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ കേരളത്തിലെ മുഖ്യമന്ത്രിയെ ക്ഷണിച്ചില്ല. എന്നാല്‍ തമിഴ്‌നാട് മുഖ്യമന്ത്രിയെ ക്ഷണിച്ചു. കേരളത്തിലെ യു.ഡി.എഫിന് അതില്‍ എന്താണ് നിലപാട്.
യു.ഡി.എഫിന് ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കില്‍ കര്‍ണാടക മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന എല്‍.ഡി.എഫിനെ പ്രധാനം ചെയ്യുന്ന മുഖ്യമന്ത്രിയെ ക്ഷണിക്കാനുള്ള നിലപാട് സ്വീകരിക്കുകയല്ലേ വേണ്ടത്.
സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുത്തതിനെ കെ.പി.സി.സിയുടെ ഒരു ഭാരവാഹി ആക്ഷേപിച്ചു. ബി.ജെ.പിയാണ് മുഖ്യശത്രുവെങ്കില്‍ കെ.പി.സി.സി പ്രസിഡന്റ് അതിനെ തള്ളി പറയേണ്ടേ.
പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാക്കളും അതിനെ തള്ളി പറയണ്ടേ. ആരും അങ്ങനെ തള്ളിപ്പറയുന്നതായി കണ്ടിട്ടില്ല. അപ്പോള്‍ സംസ്ഥാനത്ത് മാത്രം മുഖ്യ ശത്രു ബി.ജെ.പി എന്ന് യു.ഡി.എഫ് ഇങ്ങനെ പരസ്യ ബോര്‍ഡ് വെച്ചു പിടിപ്പിക്കുന്നത് ഗതികേടാണ്,’ അദ്ദേഹം പറഞ്ഞു.
ബി.ജെ.പിയാണ് തങ്ങളുടെ മുഖ്യശത്രു എന്ന് പരസ്യബോര്‍ഡ് വെക്കുന്നിടത്തേക്ക് കേരളത്തിലെ കോണ്‍ഗ്രസ് മാറിയെന്നും റിയാസ് കൂട്ടിച്ചേര്‍ത്തു.
‘ബി.ജെ.പി ഞങ്ങളുടെ മുഖ്യശത്രു എന്ന ഒരു പരസ്യ ബോര്‍ഡ് വെക്കുന്നിടത്തേക്ക് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം മാറി എന്നത് എത്രത്തോളം നിലപാടുകളില്‍ വെള്ളം ചേര്‍ക്കുന്നു എന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.
കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനുള്ള വിഹിതം 40,000 കോടി രൂപ വെട്ടിക്കുറച്ചു. ഇതിനെതിരെ ബി.ജെ.പിക്കെതിരെ ഒരു സിംഗിള്‍ ക്യാമ്പെയ്ന്‍ യു.ഡി.എഫ് നടത്തിയോ. രാഹുല്‍ ഗാന്ധിക്ക് പാര്‍ലമെന്റില്‍ അയോഗ്യത കല്‍പ്പിച്ചതിന് ശേഷം ഈ പറയുന്നവര്‍ ബി.ജെ.പിക്കെതിരെ എന്തെങ്കിലും പ്രതിഷേധം നടത്തിയോ.
സംസ്ഥാനത്തെ പാഠ്യപദ്ധതിയില്‍ ചരിത്രനിഷേധത്തിനെതിരെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ ബി.ജെ.പി മുഖ്യശത്രു എന്ന് പരസ്യ ബോര്‍ഡ് വെക്കുന്നവര്‍ അതിനെ പിന്തുണച്ചോ?
എന്നാല്‍ അത് കേരളത്തില്‍ പഠിപ്പിക്കും എന്ന് മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രിയും ചങ്കൂറ്റത്തോടെ പ്രതികരിച്ചു. ഇത്തരം കാര്യങ്ങളില്‍ കേരളം എടുക്കുന്ന നിലപാടിന്റെ ഭാഗമായാണ് കേരളത്തിലെ ജനങ്ങളെ സര്‍ക്കാരിനെ കഴുത്ത് ഞെരിച്ച് കൊല്ലാനുള്ള നയം കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നത്.
കേരളത്തിന്റെ ശക്തമായ മതനിരപേക്ഷ നിലപാടും കേരളം മുന്നോട്ടുവെക്കുന്ന സാമ്പത്തിക ബദല്‍ നയങ്ങളുമാണ് കേന്ദ്രസര്‍ക്കാരിനെ ഇതിനു പ്രേരിപ്പിക്കുന്നത്. അവിടെ ബി.ജെ.പിക്കൊപ്പം നില്‍ക്കുകയും ബി.ജെ.പി ഉയര്‍ത്തുന്ന രാഷ്ട്രീയ നിലപാടിന് സിന്ദാബാദ് വിളിക്കുകയും ചെയ്യുകയും അതോടൊപ്പം മുഖ്യ ശത്രു ബി.ജെ.പി എന്ന് ബോര്‍ഡ് ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന യു.ഡി.എഫ് നിലപാട് വിരോധാഭാസമാണ്,’ മുഹമ്മദ് റിയാസ് പറഞ്ഞു.