തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ നടത്തിയ പ്രസ്താവനക്ക് മറുപടിയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. തങ്ങള്‍ക്ക് അമിത് ഷായെ ഒരു ഭയമില്ലെന്നും ഇതൊക്കെ യു.ഡി.എഫിനോട് പറഞ്ഞാല്‍ അവര്‍ ചിലപ്പോള്‍ പേടിച്ചേക്കുമെന്നും റിയാസ് പറഞ്ഞു.
അമിത് ഷാ എന്ന് കേള്‍ക്കുമ്പോള്‍ റിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭയമുണ്ടാകുമെന്ന സുരേന്ദ്രന്റെ പ്രതികരണത്തോടായിരുന്നു മന്ത്രിയുടെ മറുപടി.
‘തൃശൂരില്‍ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ നയിക്കുന്ന യാത്ര കടന്ന് പോയ ഉടനെയാണ് അമിത് ഷായെ പങ്കെടുത്ത് ബി.ജെ.പി റാലി നടത്തുന്നത്. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയത്തെ ബി.ജെ.പി എത്രത്തോളം ഭയപ്പെടുന്നു എന്നതിന്റെ തെളിവാണിത്.
അമിത് ഷായെ ഞങ്ങള്‍ക്കൊക്കെ ഭയമാണെന്നാണ് സുരേന്ദ്രന്‍ പറഞ്ഞത്. ഞങ്ങള്‍ക്ക് അമിത് ഷായെ ഭയമില്ല. അമിത് ഷാക്ക് സി.പി.ഐ.എം ഉയര്‍ത്തിപ്പിടിക്കുന്ന രാഷ്ട്രീയത്തെയാണ് ഭയമുള്ളത്.
അദ്ദേഹം കേരളത്തെ അപമാനിക്കുന്ന തരത്തില്‍ നിരന്തരം പ്രസ്താവനയിറക്കുന്നയാളാണ്. ഓണം ആഘോഷിക്കുന്ന മലയാളികളെയും, വയനാടിനെ പാകിസ്ഥാനോട് ഉപമിച്ചും അപമാനിച്ച ആളാണ് അമിത് ഷാ. അതുകൊണ്ട് അമിത് ഷായെ സി.പി.ഐ.എമ്മിന് ഭയമില്ല. യു.ഡി.എഫിനോട് വേണമെങ്കില്‍ ഇതൊക്കെ പറഞ്ഞ് നിങ്ങള്‍ക്ക് ഭയപ്പെടുത്താം.
സുരേന്ദ്രന്റെ എല്ലാ പ്രസ്താവനക്കും മറുപടി നല്‍കേണ്ടതില്ലെന്നാണ് തീരുമാനം. രാഷ്ട്രീയത്തെ രാഷ്ട്രീയപരമായി നേരിടാനുള്ള മര്യാദ കെ. സുരേന്ദ്രന്‍ കാണിക്കണം. ഞാന്‍ രാഷ്ട്രീയപരമായി മാത്രമെ മറുപടി നല്‍കുന്നുള്ളു,’ മുഹമ്മദ് റിയാസ് പറഞ്ഞു.
അമിത് ഷാ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ടായിരുന്നു കെ. സുരേന്ദ്രന്റെ പ്രസ്താവന.
മാര്‍ച്ച് അഞ്ചിന് തൃശൂരില്‍ പ്രസംഗിക്കുമെന്നും കെ. സുരേന്ദ്രന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘അമിത് ഷാ എന്ന് കേള്‍ക്കുമ്പോള്‍ മത ഭീകര വാദികള്‍ക്കും പ്രതിലോമ ചിന്തയുള്ളവര്‍ക്കും ഭയമുണ്ടാകും. അവരെ സഹായിക്കുന്നവര്‍ക്കും ഭയമുണ്ട്. അതാണ് റിയാസിലും കാണുന്നത്,’ എന്നായിരുന്നു കെ. സുരേന്ദ്രന്‍ പറഞ്ഞിരുന്നത്.
Content Highlights: PA Muhammad Riyas Responds on BJP state president K. Surendran’s statement,