|

പാര്‍ട്ടിവിടുന്നവര്‍ ഇടതുപക്ഷത്തേക്ക് വരുമ്പോള്‍ മാത്രം ചൊടിക്കും; വി.ഡി. സതീശനെതിരെ മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ വിമര്‍ശനവുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇടതുപക്ഷത്തോട് ചേര്‍ന്നുനിന്ന് പ്രവര്‍ത്തിക്കണമെന്ന് ആഗ്രഹിച്ച് പാര്‍ട്ടിവിട്ട് വരുന്നവരെ കോണ്‍ഗ്രസ് ആക്രമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. എന്നാല്‍ ബി.ജെ.പിയിലേക്ക് പോകുന്ന നേതാക്കളെ കോണ്‍ഗ്രസ് അക്രമിക്കുന്നില്ലെന്നുംമുഹമ്മദ് റിയാസ് മാധ്യമങ്ങളോട് പ്രതികരിച്ചു.

ബി.ജെ.പിയിലേക്ക് പോയ മുഖ്യമന്ത്രിമാരുണ്ട്, ജനപ്രതിനിധികളുണ്ട്, പാര്‍ട്ടി അധ്യക്ഷന്മാരുണ്ട്, മുതിര്‍ന്നതും പ്രമുഖരുമായ നേതാക്കളുമുണ്ട്. എന്നാല്‍ ഇവരെയൊന്നും കോണ്‍ഗ്രസ് ആക്രമിക്കുന്നില്ലല്ലോ എന്നാണ് മന്ത്രി മുഹമ്മദ് റിയാസ് ചോദിച്ചത്.

കോണ്‍ഗ്രസിന്റെ സംസ്ഥാന നേതൃത്വത്തിനും പ്രതിപക്ഷ നേതാവിനും പാര്‍ട്ടി നേതാക്കള്‍ ബി.ജെ.പിയിലേക്ക് പോകുന്നതല്ല, ഇടതുപക്ഷത്തേക്ക് പോകുന്നതാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.

രാഷ്ട്രീയം പറയേണ്ടസ്ഥലത്ത് രാഷ്ട്രീയം പറയാതെ വ്യക്തിപരമായി വിമര്‍ശനം ഉന്നയിക്കുകയാണ് പ്രതിപക്ഷ നേതാവെന്നും മുഹമ്മദ് റിയാസ് പറയുകയുണ്ടായി. അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയപ്പോള്‍ ഓടിയൊളിച്ച പ്രതിപക്ഷ നേതാവിനെ ഭീരുവെന്നല്ലാതെ എന്തു വിളിക്കുമെന്നും മന്ത്രി ചോദിച്ചു.

വി.ഡി. സതീശനെതിരെ രാഷ്ട്രീയമായ വിമര്‍ശനം തുടരുമെന്നും മന്ത്രി പറഞ്ഞു.
തൃശൂരില്‍ ബി.ജെ.പി വിജയിച്ചത് ഗൗരവമേറിയ വിഷയമാണെന്നും എവിടെയാണ് കുഴപ്പമുണ്ടായതെന്ന് വ്യക്തമാണെന്നും മന്ത്രി പ്രതികരിച്ചു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഡി.സി.സി ഓഫീസില്‍ അടിയുണ്ടായില്ലേയെന്നും ഡി.സി.സി പ്രസിഡന്റിനെ മാറ്റിയില്ലേയെന്നും മന്ത്രി ചോദിച്ചു. കോണ്‍ഗ്രസിലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവര്‍ ബി.ജെ.പിയുടെ അണ്ടര്‍ കവര്‍ ഏജന്റാണെന്നും മന്ത്രി ആരോപിച്ചു.

പാലക്കാട് മണ്ഡലത്തില്‍ പാര്‍ട്ടി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ യോഗ്യരായിരിക്കുമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. കോണ്‍ഗ്രസില്‍ സരിന്‍, അനില്‍ കുമാര്‍, പ്രശാന്ത് എന്നിവരെ പോലുള്ളവര്‍ ഇനിയുമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ നിന്ന് താന്‍ ഒഴിഞ്ഞുമാറിയിട്ടില്ല. എ.ഡി.എമ്മിന്റെ മരണത്തില്‍ പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Content Highlight: PA Muhammad riyas aganist VD Satheesan

Latest Stories

Video Stories