മഴയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ല: മുഹമ്മദ് റിയാസ്
Kerala News
മഴയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ല: മുഹമ്മദ് റിയാസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 7th August 2022, 1:39 pm

തിരുവനന്തപുരം: കാലാവസ്ഥയുടെ പേരില്‍ റോഡ് കേടാകുന്നത് കണ്ടുനില്‍ക്കില്ലെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ടെന്നും നിയമസഭാ മണ്ഡലം തിരിച്ച് റോഡ് നിര്‍മാണത്തിന് സൂപ്പര്‍വൈസറി ടീം രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു. മീഡിയ വണ്‍ ടി.വിയോടായിരുന്നു മന്ത്രിയുടെ പ്രതികരണം. ദേശീയപാതയിലെ പ്രശ്നങ്ങള്‍ അറിയിക്കാനുള്ള സംവിധാനം കേരളത്തിലില്ലെന്നും ഇതില്‍ ഇടപെടാന്‍ പി.ഡബ്ല്യു.ഡിക്ക് ആകില്ലെന്നും റിയാസ് വ്യക്തമാക്കി.

പരിപാലകാലാവധി കഴിഞ്ഞാല്‍ റോഡ് അറ്റക്കുറ്റപ്പണിക്ക് റണ്ണിങ് കോണ്‍ട്രാക്ട് നടപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് 3 ലക്ഷം കിലോമീറ്റര്‍ റോഡ് ഉണ്ട്. അതില്‍ 30000 കിലോമീറ്റര്‍ മാത്രമാണ് പൊതുമരാമത്ത് വകുപ്പിനുള്ളത്. മഴയില്ലാത്ത സമയത്ത് റോഡ് അറ്റക്കുറ്റപ്പണി നടക്കുന്നുവെന്ന് ഉറപ്പാക്കും. റോഡിന്റെ ഗുണനിലവാരം പി.ഡബ്ല്യു.ഡി ഉറപ്പുവരുത്തുന്നുണ്ട്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍ ഇല്ലാതാക്കും. ഉദ്യോഗസ്ഥര്‍ റോഡിന്റെ പണി വിലയിരുത്തുന്നുണ്ടോയെന്ന് ഉറപ്പാക്കുമെന്നും റോഡുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാനും പരിഹാരത്തിനുമായി ഉദ്യോഗസ്ഥനെ നിയമിച്ചെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.

ദേശീയ പാത ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നത് രാഷ്ട്രീയ നേതൃത്വമാണെന്നും മന്ത്രി പറഞ്ഞു. ദേശീയപാത അതോറിറ്റി കരാറുകാരെ സംരക്ഷിക്കുന്നുവെന്ന് സംശയിക്കുന്നു. ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും കരാറുകാരും അവിശുദ്ധ കുട്ടുകെട്ടുണ്ടോയെന്ന് കേന്ദ്രം പരിശോധിക്കണമെന്നും റിയാസ് പറഞ്ഞു.

അങ്കമാലിയില്‍ ദേശീയപാതയിലെ കുഴിയില്‍ വീണ് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ കൂടിയാണ് മന്ത്രിയുടെ പ്രതികരണം. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്. കേസില്‍ ദേശീയപാത അതോറിറ്റിയും കരാറുകാരനും പ്രതിയാവും.

അങ്കമാലി – ഇടപ്പള്ളി റോഡിലെ നെടുമ്പാശ്ശേരി സ്‌കൂളിന് സമീപം രാത്രി 11 മണിയോടെയായിരുന്നു അപകടം. പറവൂര്‍ സ്വദേശി ഹാഷിം ആണ് മരിച്ചത്. സ്‌കൂട്ടര്‍ കുഴിയില്‍ വീണതിനെ തുടര്‍ന്ന് റോഡിന് എതിര്‍വശത്തേക്ക് തെറിച്ച് വീണ ഹാഷിമിന്റെ ശരീരത്തിലൂടെ ലോറി കയറി ഇറങ്ങുകയായിരുന്നു. രാത്രി തന്നെ നാഷണല്‍ ഹൈവേ അധികൃതര്‍ റോഡിലെ കുഴിയടച്ചു. ഹോട്ടല്‍ തൊഴിലാളിയാണ് മരിച്ച ഹാഷിം.