| Sunday, 28th July 2024, 4:59 pm

അർജുന് വേണ്ടിയുള്ള 13ാം ദിവസത്തെ തിരച്ചിലും അവസാനിപ്പിച്ചു; കൂടിയാലോചന നടത്താതെയാണ് പ്രഖ്യാപനമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള 13ാം ദിവസത്തെ തിരച്ചിൽ അവസാനിപ്പിച്ചതായി റിപ്പോർട്ട്. തീരുമാനത്തിനെതിരെ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് രം​ഗത്തെത്തി. ആരുമായും കൂടിയാലോചന നടത്താതെയാണ് കർണാടക ഇന്നത്തെ തിരച്ചിൽ നിർത്തിയതെന്ന് മന്ത്രി പറഞ്ഞു.

ശനിയാഴ്ച നടന്ന യോ​ഗത്തിൽ പോലും പറയാത്ത കാര്യങ്ങളാണ് ഇപ്പോൾ പറയുന്നത്. എല്ലാ കാര്യങ്ങളും തുടക്കം മുതൽ നമ്മൾ പരസ്പരം ചർച്ച ചെയ്തിരുന്നതാണ്. എന്നാൽ ഈ തീരുമാനം ആരോടും അധികൃതർ പറഞ്ഞില്ല. കലക്ടറെ വിളിച്ച് അതിൽ എതിർപ്പ് അറിയിച്ചിട്ടുണ്ട്, മുഹമ്മദ് റിയാസ് പറഞ്ഞു.

ദൗർഭാ​ഗ്യകരമായ നിലപാടാണ് ഇപ്പോൾ അവർ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്നലെ കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും വളരെ വൈകിയും അന്വേഷണം തുടർന്നിരുന്നു. എന്നാൽ ഇന്ന് കാലാവസ്ഥ അനുകൂലമായിട്ടും ജലനിരപ്പ് കുറഞ്ഞിട്ടും വൈകിട്ട് മൂന്ന് മണിക്ക് തന്നെ തിരച്ചിൽ അവസാനിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് നേരത്തെ എടുത്ത പ്രധാന തീരുമാനങ്ങളിൽ നിന്ന് പോലും ദൗത്യ സംഘം പിന്നോട്ട് പോകുകയാണ്. തിരച്ചിലിന് ആവശ്യമായ പാണ്ടൂൺ എത്തിക്കുമെന്നായിരുന്നു ശനിയാഴ്ച യോ​ഗത്തിലെടുത്ത തീരുമാനം. എന്നാൽ ഞായറാഴ്ച രാവിലെ തീരുമാനം മാറ്റി. അതിൽ ചില തടസങ്ങൾ ഉണ്ടെന്ന് പറഞ്ഞു. എന്നാൽ തീരുമാനത്തെ കേരളം ശക്തമായി എതിർത്തെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണ്ടൂൺ എത്തിക്കുന്നതിൽ തടസമുണ്ടായിരുന്നെങ്കിൽ അത് നേരത്തെ പറയണമായിരുന്നെന്നും മന്ത്രി പറഞ്ഞു. ത​ഗ്ബോട്ട് എത്തിക്കുമെന്ന് പറഞ്ഞിട്ട് രണ്ട് ദിവസമായിട്ടും അതും എത്തിച്ചില്ല. രക്ഷാ ദൗത്യത്തിന്റെ സാധ്യതകളായി നേരത്തെ കണ്ടെതാണ് ഈ മൂന്ന് വഴികളും. സാധ്യതകളെ ഉപയോ​ഗപ്പെടുത്തി, അത് പരാജയപ്പെട്ടാൽ അവരുടെ വാദങ്ങൾ അം​ഗീകരിക്കാമായിരുന്നു. എന്നാൽ ഇത് അങ്ങനെയല്ലെന്നും മന്ത്രി പറഞ്ഞു.

21 ദിവസം പ്രദേശത്ത് കനത്ത മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. എന്നാൽ പ്രതികൂല കാലാവസ്ഥയിലും രക്ഷാ പ്രവർത്തനം എങ്ങനെ നടത്തണമെന്ന് പലയിടങ്ങളിലും നേരത്തെ പരിശോധിച്ച് നടപ്പാക്കിയതാണ്. ഇപ്പോൾ എടുത്ത തീരുമാനം ഒരു കാരണവശാലും അം​ഗീകരിക്കാനാകില്ലെന്നും കർണാടക സർക്കാർ തീരുമാനത്തിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: pa muhamamd riyas abaout arjun rescue

We use cookies to give you the best possible experience. Learn more