പി. വത്സല അന്തരിച്ചു
Obituary
പി. വത്സല അന്തരിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 22nd November 2023, 1:33 am

 

കോഴിക്കോട്: എഴുത്തുകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് മുക്കം കെ.എം.സി.ടി മെഡിക്കല്‍ കോളേജിലായിരുന്നു അന്ത്യം.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, എഴുത്തച്ഛന്‍ പുരസ്‌കാരം, മുട്ടത്തു വര്‍ക്കി അവാര്‍ഡ്, സി.വി. കുഞ്ഞിരാമന്‍ സ്മാരക സാഹിത്യ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

കേരളസാഹിത്യ അക്കാദമി അധ്യക്ഷയായും പ്രവര്‍ത്തിച്ചിരുന്നു.

1938 ഏപ്രില്‍ നാലിന് കോഴിക്കോട് മലാപറമ്പില്‍ കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടെയും മകളായാണ് ജനനം. കോഴിക്കോട് ഗവ. ട്രെയിനിങ് സ്‌കൂളില്‍ പ്രധാന അധ്യാപികയായിരുന്നു. 1993-ല്‍ വിരമിച്ചു.

വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് വത്സല സാഹിത്യരംഗത്ത് പ്രസിദ്ധിയാര്‍ജ്ജിച്ചത്. ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതിയിട്ടുണ്ട്.

നെല്ല്, ആഗ്‌നേയം, നിഴലുറങ്ങുന്ന വഴികള്‍, പാളയം, കൂമന്‍കൊല്ലി, ആരും മരിക്കുന്നില്ല, വിലാപം, ആദിജലം, മേല്‍പ്പാലം, ഗായത്രി, അരക്കില്ലം, വേനല്‍, ഗൗതമന്‍, ചാവേര്‍, റോസ്‌മേരിയുടെ ആകാശങ്ങള്‍, കനല്‍, തകര്‍ച്ച എന്നിവ നോവലുകളാണ്. നെല്ല് ഹിന്ദിയിലേക്കും ആഗ്‌നേയം ഇംഗ്ലീഷ്, കന്നഡ ഭാഷകളിലേക്കും പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

തിരക്കില്‍ അല്‍പം സ്ഥലം, കറുത്ത മഴ പെയ്യുന്ന താഴ്‌വര, ചാമുണ്ഡിക്കുഴി, പഴയ പുതിയ നഗരം, ആനവേട്ടക്കാരന്‍, അന്നാമേരിയെ നേരിടാന്‍, പേമ്പി, ഉണിക്കോരന്‍ ചതോപാദ്ധ്യായ, എന്നിവ വത്സലയുടെ ചെറുകഥാസമാഹാരങ്ങളാണ്.

വേറിട്ടൊരു അമേരിക്ക, ഗാലറി എന്നിവ യാത്രാവിവരണങ്ങളാണ്. മരച്ചുവട്ടിലെ വെയില്‍ച്ചീളുകള്‍ (അനുഭവങ്ങള്‍), പുലിക്കുട്ടന്‍, ഉഷറാണി, അമ്മുത്തമ്മ (ബാലസാഹിത്യം) തുടങ്ങിയവയാണ് മറ്റു കൃതികള്‍.

1975ല്‍ നിഴലുറങ്ങുന്ന വഴികള്‍ എന്ന നോവലിന് കേരളസാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. 2007ല്‍ സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡും 2019ല്‍ കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വവും ലഭിച്ചു.

2021ലെ എഴുത്തച്ഛന്‍ പുരസ്‌കാരം, 2017ല്‍ തപസ്യ കലാ സാഹിത്യവേദിയുടെ സഞ്ജയന്‍ പുരസ്‌കാരം, സാഹിത്യ പ്രവര്‍ത്തക സഹകരണസംഘത്തിന്റെ അക്ഷരം അവാര്‍ഡ്, കുങ്കുമം അവാര്‍ഡ്, സി.എച്ച്. മുഹമ്മദ് കോയ അവാര്‍ഡ്, രാജീവ് ഗാന്ധി സദ്ഭാവനാ പുരസ്‌കാരം, പത്മപ്രഭാ പുരസ്‌കാരം, ലളിതാംബികാ അന്തര്‍ജനം അവാര്‍ഡ്, മയില്‍പീലി അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.

 

 

Content Highlight: P Valsala Passed away