| Thursday, 9th May 2013, 3:41 pm

എം.ആര്‍ മുരളി കരാറുകള്‍ തെറ്റിച്ചത് സി.പി.ഐ.എമ്മില്‍ കയറിക്കൂടാന്‍: ഡി.സിസി പ്രസിഡന്റ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്:  ജനകീയ വികസന സമിതി ചെയര്‍മാന്‍ എം.ആര്‍. മുരളി കോണ്‍ഗ്രസുമായുണ്ടാക്കിയ കരാറുകള്‍ തുടര്‍ച്ചയായി തെറ്റിച്ചത് സി.പി.ഐ.എമ്മിലേക്ക് നുഴഞ്ഞുകയറാനായിരുന്നുവെന്ന് പാലക്കാട് ഡി.സി.സി പ്രസിഡന്റ് പിവി ബാലചന്ദ്രന്‍ ആരോപിച്ചു. []

പറഞ്ഞതെല്ലാം വിഴുങ്ങി അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് മുരളി സി.പി.ഐ.എമ്മുമായി അടുക്കുന്നത്. ഷൊര്‍ണൂര്‍ നഗരസഭയില്‍ എം.ആര്‍. മുരളി ഭൂരിപക്ഷം തെളിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഴുതി തയ്യാറാക്കിയ കരാര്‍ മുരളി നിഷേധിച്ചത് മര്യാദകേടാണെന്നും പി.വി ബാലചന്ദ്രന്‍ പറഞ്ഞു. കോണ്‍ഗ്രസ് അംഗങ്ങള്‍ മുന്‍ ധാരണ പ്രകാരം സ്ഥാനം ഒഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.

എം.ആര്‍ മുരളി ധാരണ തെറ്റിച്ചെന്നാരോപിച്ച് ഷൊര്‍ണൂര്‍ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ പി സീനയും മൂന്ന് സ്റ്റാന്റിംഗ് കമ്മിറ്റി മെമ്പര്‍മാരും ഡിസിസി നിര്‍ദ്ദേശപ്രകാരം ഇന്ന് രാജിവച്ചു.

എന്നാല്‍ ഇത്തരമൊരു ധാരണ കോണ്‍ഗ്രസുമായി നിലവിലില്ലെന്ന് എം.ആര്‍. മുരളി പറഞ്ഞു. നഗരസഭാ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന നിലപാടിലാണ് അദ്ദേഹം. അതിനിടെ സിപിഎമ്മിലേക്ക് മടങ്ങാനുള്ള നീക്കം മുരളി ശക്തമാക്കിയിരിക്കുകയാണ്.

മുരളി പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നാല്‍ ഇരു കയ്യും നീട്ടി സ്വാഗതം ചെയ്യുമെന്ന് സിപിഐ(എം)പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ.രാജേന്ദ്രന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷൊര്‍ണൂരില്‍ കോണ്‍ഗ്രസ് അവിശ്വാസത്തെ പിന്തുണയ്‌ക്കേണ്ടെന്നും ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു.

We use cookies to give you the best possible experience. Learn more