മലപ്പുറം: പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്പായി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപികരിക്കുമെന്ന് പി.വി അന്‍വര്‍ എം.എല്‍.എ. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണ വേണമെന്ന് പറഞ്ഞ അന്‍വര്‍ കേരളത്തിലെ യുവാക്കള്‍ തന്റെ കൂടെ നില്‍ക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. കൂടാതെ മലപ്പുറത്ത് ഒരുലക്ഷം പേരെ ഉള്‍ക്കൊളളിച്ചു പൊതുയോഗം നടത്തുമെന്നും അന്‍വര്‍ അവകാശപ്പെട്ടിട്ടുണ്ട്.
അതേസമയം സംസ്ഥാനത്തിന്റെ ഭരണം കുത്തഴിഞ്ഞ നിലയിലാണെന്ന് ആരോപിച്ച അന്‍വര്‍ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയണമെന്നും വേണമെങ്കില്‍ മുഹമ്മദ് റിയാസിന് ആ സ്ഥാനം ഏറ്റെടുക്കാമെന്നും പരിഹാസ രൂപേണ പറഞ്ഞു.
ഈ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് ആത്മാര്‍തഥമായി തെറ്റ് പറ്റിയെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെങ്കില്‍ പത്രം കേരളത്തില്‍ ഇറങ്ങിയ അന്ന് തന്നെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വാര്‍ത്താകുറിപ്പ് വരണമായിരുന്നെന്നും എന്നാല്‍ അതുണ്ടായിട്ടില്ലെന്നും അന്‍വര്‍ ചൂണ്ടിക്കാട്ടി.
സംഭവം നടന്ന് 32 മണിക്കൂറുകള്‍ക്കിപ്പുറം വിവാദമായതിന് ശേഷമാണ് പത്രവുമായി ചേര്‍ന്ന് മുഖ്യമന്ത്രി അഡ്ജസ്റ്റ്‌മെന്റ് നാടകം കളിച്ചതെന്നും അന്‍വര്‍ ആരോപിച്ചു. ‘മലപ്പുറത്തിന്റെ കാര്യത്തില്‍ മുഖ്യമന്ത്രി നേരത്തെ പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യം തന്നെയാണ് അഭിമുഖത്തിലും പറഞ്ഞത്. ഇതുവരെ മലപ്പുറം ജില്ല, മലപ്പുറം ജില്ല എന്ന് മാത്രമാണ് അദ്ദേഹം പറഞ്ഞത്. ഇന്നലെ മാത്രമാണ് കരിപ്പൂര്‍ വിമാനത്താവളം വഴിയാണ് സ്വര്‍ണം പിടിച്ചതെന്ന കാര്യം വ്യക്തമാക്കിയത്,’ അന്‍വര്‍ പറയുന്നു.
അതേസമയം പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നതിനാല്‍ മുഖ്യമന്ത്രിയോടോ സി.പി.ഐ.എമ്മിനോടോ ഒരു തരത്തിലുമുള്ള ബാധ്യതയോ കടപ്പാടോ ഇല്ലെന്ന് മുന്‍ മന്ത്രിയും തവനൂര്‍ എം.എല്‍.എയുമായ കെ.ടി. ജലീല്‍ വ്യക്തമാക്കി. പാര്‍ലമെന്ററി രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നും ഒരു തരത്തിലുള്ള സ്ഥാനമാനങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബാക്കി കാര്യങ്ങള്‍ ഇന്ന് വൈകുന്നേരം വളാഞ്ചേരിയില്‍ വെച്ച് മാധ്യമങ്ങളെ അറിയിക്കുമെന്നും ജലീല്‍ പറഞ്ഞു.
സെപറ്റംബര്‍ 30 ന് ഹിന്ദു പത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖത്തിലാണ് മലപ്പുറത്തെക്കുറിച്ചുള്ള വിവാദ പരാമര്‍ശം ഉണ്ടായിരുന്നത്. സംഭവം വിവാദമായതോടെ പരാമര്‍ശം പി.ആര്‍.ഏജന്‍സി നല്‍കിയതാണ് എന്ന് പറഞ്ഞ് ഹിന്ദു പത്രം ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെ വിശദീകരണവുമായി മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പത്രത്തിന്റെ ഭാഗത്ത് നിന്ന് തെറ്റ് സംഭവിച്ചതായി അവര്‍ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി താന്‍ ഒരു പ്രത്യേക വിഭാഗത്തിനെതിരായി പരാമര്‍ശം നടത്തില്ലെന്ന കാര്യം എല്ലാവര്‍ക്കും അറിയാമെന്നും കൂട്ടിച്ചേര്‍ത്തു.
Content Highlight: P.V. Anwar will form new political party before panchayat election