| Wednesday, 23rd October 2024, 7:12 pm

പാലക്കാട് പൊതുസ്ഥാനാര്‍ത്ഥി വേണം; വാശികൊണ്ട് ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ല; രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ച് പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാലക്കാട്: പാലക്കാട് നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പിന്തുണ അറിയിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ.  പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ത്ഥി വേണമെന്നും വാശികൊണ്ട് ബി.ജെ.പിയെ തോല്‍പ്പിക്കാനാവില്ലെന്നും അന്‍വര്‍ അഭിപ്രായപ്പെട്ടു.ഡി.എം.കെ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിനായി വിളിച്ച് ചേര്‍ത്ത യോഗത്തിലാണ് അന്‍വറിന്റെ പ്രഖ്യാപനം.

വര്‍ഗീയ രാഷ്ട്രീയ ശക്തികളെ തോല്‍പ്പിക്കാന്‍ രാഹുലിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ അന്‍വര്‍ ഡി.എം.കെ സ്ഥാനാര്‍ത്ഥി എം.എം.മിന്‍ഹാജിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നുവെന്നും പ്രഖ്യാപിച്ചു. ചേലക്കരയിലെ ഡി.എം.കെയുടെ നിലപാടില്‍ മാറ്റമില്ലെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ് തന്നോട് ചെയ്ത കാര്യങ്ങള്‍ ഒന്നും മറന്നിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കളുടെ വലുപ്പം കണ്ടിട്ടല്ല പിന്തുണ അറിയിക്കുന്നതെന്നും അന്‍വര്‍ വ്യക്തമാക്കി. രണ്ട് ദിവസം മുമ്പ് താന്‍ അവരില്‍ നിന്ന് അപമാനം നേരിട്ടിരുന്നെന്നും എന്നാല്‍ അതെല്ലാം സഹിക്കുകയാണെന്നും അന്‍വര്‍ പറഞ്ഞു.

ഇന്ന് കണ്‍വെന്‍ഷന്‍ നടക്കുന്നതിന് മുമ്പ് തന്നെ വര്‍ഗീയവാദികളെ കേരളത്തില്‍ വളരാന്‍ അനുവദിക്കില്ലെന്ന് അന്‍വര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. അത്തരം വര്‍ഗീയ മുന്നേറ്റങ്ങള്‍ക്കെതിരെ ശക്തമായി പോരാടുമെന്നും അനവര്‍ കൂട്ടിച്ചേര്‍ത്തു.

ഇടത് മുന്നണിയില്‍ നിന്ന് പുറത്ത് പോയതിന് ശേഷമാണ് അന്‍വര്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡി.എം.കെ) സ്ഥാപിച്ചത്. എന്നാല്‍ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള രാഷ്ട്രീയ പാര്‍ട്ടിയല്ലെന്നും സോഷ്യല്‍ മൂവ്മെന്റാണെന്നുമായിരുന്നു അന്ന് അന്‍വര്‍ പറഞ്ഞത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും പിന്തുണ നല്‍കുന്ന എല്ലാ മുന്നണികളെയും ഡി.എം.കെ സ്വീകരിക്കുമെന്നും അന്‍വര്‍ വ്യക്തമാക്കിയിരുന്നു.

തുടര്‍ന്ന് മൂന്ന് മണ്ഡലങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വയനാട്ടില്‍ ഒഴിച്ച് ചേലക്കരയിലും പാലക്കാടും അന്‍വര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയായിരുന്നു. ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവും എ.ഐ.സി.സി അംഗവുമായ എന്‍.കെ. സുധീര്‍ ആയിരുന്നു സ്ഥാനാര്‍ത്ഥി. പാലക്കാട് എം.എം.മിന്‍ഹാജായിരുന്നു സ്ഥാനാര്‍ത്ഥി. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിക്ക് പിന്തുണ അറിയിക്കുകയും ചെയ്തു.

എന്നാല്‍ ചേലക്കരയിലെ കോണ്‍ഗ്രസിന്റെ രമ്യ ഹരിദാസിനെ പിന്‍വലിച്ച് തന്റെ സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചാല്‍ പാലക്കാട്ടെ ഡി.എം.കെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാമെന്ന അന്‍വറിന്റെ ഡീല്‍ കോണ്‍ഗ്രസ് നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് അന്‍വര്‍ പിന്തുണ അറിയിച്ചത്.

Content Highlight: P.V.Anwar supports Rahul Mamkootathil in Palakkad by election

We use cookies to give you the best possible experience. Learn more