| Wednesday, 24th August 2022, 7:08 pm

ന്യൂനപക്ഷത്തിന്റെ ശബ്ദം ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല, ഭൂരിപക്ഷത്തിന്റെയും; രാഷ്ട്രീയം വളര്‍ത്താന്‍ മതത്തെ കൂട്ടുപിടിക്കാനാകരുത് നികുതിപ്പണം; ചന്ദ്രികയെ സഹായിക്കണമെന്നതില്‍ പി.വി. അന്‍വര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം നല്‍കണമെന്ന ലീഗ് എം.എല്‍.എ യു.എ. ലത്തീഫിന്റെ നിയമസഭയിലെ പ്രസ്താവനക്ക് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. രാഷ്ട്രീയം വളര്‍ത്താന്‍ മതത്തിനെ കൂട്ടുപിടിക്കരുതെന്നും അതിനുള്ളതല്ല നികുതിപ്പണമെന്നും അന്‍വര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അന്‍വറിന്റെ പ്രതികരണം.

ചന്ദ്രിക ന്യൂനപക്ഷത്തിന്റെ ശബ്ദമാണെന്ന യു.എ. ലത്തീഫിന്റെ പരമാര്‍ശത്തെയും അന്‍വര്‍ പരിഹസിച്ചു. ന്യൂനപക്ഷത്തിന്റെ ശബ്ദം ഇവിടെ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല എന്നാണ് അന്‍വര്‍ പറഞ്ഞത്.

‘ഭൂരിപക്ഷത്തിന്റെ ശബ്ദമായ ജന്മഭൂമി പത്രം പ്രതിസന്ധിയിലാണ്. സര്‍ക്കാര്‍ സഹായിക്കണം’
എങ്ങനെയുണ്ട്. ഭാഗ്യത്തിന് ഇങ്ങനെ പറയാന്‍ സഭയില്‍ ബി.ജെ.പിക്ക് ഒരാളില്ല.

പറഞ്ഞിരുന്നെങ്കില്‍, ഇന്ന് ലീഗ് അണികള്‍ സോഷ്യല്‍ മീഡിയയില്‍ കിടന്ന് കയര്‍ പൊട്ടിച്ചേനേ.
ഇതിന്റെ മറ്റൊരു വേര്‍ഷനാണ് ഇന്ന് സഭയില്‍ ഉയര്‍ന്നത്.

ന്യൂനപക്ഷത്തിന്റെ ശബ്ദം ഇവിടെ ആര്‍ക്കും തീറെഴുതി കൊടുത്തിട്ടില്ല, ഭൂരിപക്ഷത്തിന്റെയും.
രാഷ്ട്രീയം വളര്‍ത്താന്‍ മതത്തിനെ കൂട്ടുപിടിക്കരുത്.
അതിനുള്ളതല്ല, എന്റേതും നിങ്ങളുടേതും ഉള്‍പ്പെടുന്ന പൊതുജനങ്ങളുടെ നികുതിപ്പണം,’ പി.വി. അന്‍വര്‍ എഴുതി.

സംസ്ഥാനത്ത് പ്രിന്റഡ് പത്രസ്ഥാപനങ്ങള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്നും അതിനാല്‍ ന്യൂനപക്ഷങ്ങളുടെ ശബ്ദമായ ചന്ദ്രിക ദിനപ്പത്രത്തിന് ആവശ്യമായ സഹായം സര്‍ക്കാര്‍ നല്‍കണമെന്നുമെന്നായിരുന്നു യു.എ. ലത്തീഫിന്റെ പരാമര്‍ശം.

റഷ്യ- ഉക്രൈന്‍ യുദ്ധം ന്യൂസ് പ്രിന്റിന്റെ ലഭ്യതയില്‍ കടുത്ത ഇടിവുണ്ടാക്കി. നമുക്ക് ആവശ്യമുള്ള 40 ശതമാനം ന്യൂസ് പ്രിന്റും റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. ഇതുമൂലം വലിയ വിലയാണ് പത്രക്കടലാസിനുണ്ടായിട്ടുള്ളത്. വിതരണ മേഖലയിലും പ്രതിസന്ധി നേരിടുകയാണ്.

ഇന്ധന വിലയിലുണ്ടായ വര്‍ധനവും അച്ചടി മേഖലയിലെ അടിസ്ഥാന ഉപകരണങ്ങള്‍ക്കും മഷിക്കും 40 മുതല്‍ 50 വരെ ശതമാനത്തിന്റെ വര്‍ധനവാണുണ്ടായിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണായ അച്ചടി മാധ്യമങ്ങളെ സഹായിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അതിന് കേരള സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തണമെന്നും യു.എ. ലത്തീഫ് ആവശ്യപ്പെട്ടു.

പത്രവ്യവസായം പ്രതിസന്ധിയിലാണെന്ന എം.എല്‍.എയുടെ വാദം അംഗീകരിച്ച മന്ത്രി പി. രാജീവ് ഈ മേഖലയിലെ പൊതുവായ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന് സഭയെ അറിയിച്ചു. എന്നാല്‍ പ്രത്യേകം ഒരു പത്രത്തെ മാത്രം സഹായിക്കാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും പി. രാജീവ് പറഞ്ഞു.

CONTENT HIGHLIGHTS:  P.V. Anwar Says asks In response to UA Lahteef’s statement in the Assembly to provide necessary support to Chandrika daily

We use cookies to give you the best possible experience. Learn more